എൻവിഡിയയുടെ തലപ്പത്തേക്ക് ടിം കുക്ക് വരുമോ? മൂന്ന് ഇന്ത്യൻ വംശജരും പരിഗണനയിൽ

#ടെക്നോളജി ഡെസ്ക്
ടിം കുക്ക് | Photo: AP
ടിം കുക്ക് | Photo: AP

ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിതയുൾപ്പെടെ ഒന്നിലധികം വിവാഹേതരബന്ധങ്ങൾ വിവാദമായതിന് പിന്നാലെ മുൻനിര ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ആയിരുന്ന ജെൻസെൻ ഹുവാങ് രാജിവെച്ചതിന് പിന്നാലെ കമ്പനിയെ നയിക്കാൻ അനുയോജ്യമായ ഒരാളെ തിരയുകയാണ് കമ്പനി.

എൻവിഡിയയെ ആഗോള എഐ ശക്തികേന്ദ്രമാക്കി മാറ്റിയ ഒരു വ്യക്തിയുടെ പിൻഗാമിയാകുക എന്ന വെല്ലുവിളി നിറഞ്ഞ ചുമതല ഏറ്റെടുക്കാൻ കമ്പനിക്കുള്ളിലുള്ളവരെയും പുറത്തുനിന്നുള്ളവരെയും പരിഗണിക്കാൻ തങ്ങളുടെ ഡയറക്ടർ ബോർഡ് തയ്യാറാണെന്ന് എൻവിഡിയ വ്യക്തമാക്കി.

ആ വ്യക്തിക്ക് സാങ്കേതികവിദ്യയെക്കുറിച്ച് ആഴത്തിലുള്ള അറിവും വ്യക്തമായ കാഴ്ചപ്പാടും സാമ്പത്തിക കാര്യങ്ങളിൽ മികച്ച വൈദഗ്ധ്യവും ഉണ്ടായിരിക്കണമെന്നാണ് അനലിസ്റ്റുകളും നിക്ഷേപകരും പ്രതീക്ഷിക്കുന്നത്. ഒരു വലിയ കമ്പനിയെ നയിച്ച് പരിചയം ഉള്ളവർക്ക് ഇതിൽ പരിഗണന ലഭിച്ചേക്കും.

നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കൊളെറ്റ് ക്രെസിനെ ഇടക്കാല സിഇഒ ആയി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ സിഇഒ ആയി വിവിധയാളുകളുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. അക്കൂട്ടത്തിൽ ആപ്പിൾ സിഇഒ സ്ഥാനമൊഴിഞ്ഞ ടിം കുക്കിന്റെ പേരും ഇന്ത്യൻ വംശജരായ മൂന്നാളുകളുടെ പേരുകൾ ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

ടിം കുക്ക് എൻവിഡിയ സി.ഇ.ഒ ആവുമോ?

മുൻ ആപ്പിൾ സിഇഒ ടിം കുക്കിനെ എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമായി പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 2011ൽ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായി ആപ്പിളിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്ത കുക്ക്, 15 വർഷത്തെ നേതൃത്വകാലത്ത് കമ്പനിയുടെ വിപണിമൂല്യം 350 ബില്യൺ ഡോളറിൽനിന്ന് 4.5 ട്രില്യൺ ഡോളറായി ഉയർത്തിയ വ്യക്തിയാണ്. ആപ്പിൾ വാച്ച്, എയർപോഡ്സ് തുടങ്ങിയ ഉൽപന്നങ്ങളുടെ വിജയത്തിനൊപ്പം കമ്പനിയുടെ സേവനമേഖലയിലെ വരുമാന വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. സ്റ്റീവ് ജോബ്സ് എന്ന ഐതിഹാസിക വ്യക്തിത്വത്തിന്റെ പിൻഗാമിയായി ആപ്പിളിനെ നയിച്ച പരിചയമാണ് എൻവിഡിയയുടെ തലപ്പത്തേക്കുള്ള സാധ്യതകളിൽ അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എൻവിഡിയ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഇന്ത്യൻ വംശജർ ആരെല്ലാം?

സഞ്ജയ് മെഹ്റോത്ര, നികേഷ് അറോറ, തോമസ് കുര്യൻ എന്നിവരാണ് എൻവിഡിയ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഇന്ത്യൻ വംശജർ.

1. സഞ്ജയ് മെഹ്റോത്ര 

സഞ്ജയ് മെഹ്രോത്ര | Photo: 首相官邸ホームページ, CC BY 4.0, https://commons.wikimedia.org/w/index.php?curid=174198586

മെമ്മറി ചിപ്പ് നിർമാതാക്കളായ മൈക്രോണിന്റെ സിഇഒയാണ് സഞ്ജയ് മെഹ്റോത്ര. നാല് പതിറ്റാണ്ടിലേറെ സെമികണ്ടക്ടർ മേഖലയിൽ പരിചയമുള്ള അദ്ദേഹം 2017ലാണ് മൈക്രോണിന്റെ തലപ്പത്തെത്തിയത്. 1988ൽ ഫ്ലാഷ് മെമ്മറി നിർമാതാക്കളായ സാൻഡിസ്ക് (SanDisk) സഹസ്ഥാപിച്ച അദ്ദേഹം 2011 മുതൽ കമ്പനിയുടെ സിഇഒയായിരുന്നു. എഐ സെർവറുകൾക്ക് ആവശ്യമായ ഹൈ ബാൻഡ്‌വിഡ്ത്ത് മെമ്മറി ചിപ്പുകളുടെ വിതരണത്തിൽ മൈക്രോണിനെ പ്രധാന കമ്പനിയാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. എൻവിഡിയയുമായും അടുത്ത ബിസിനസ് ബന്ധമുണ്ട്.

2. നികേഷ് അറോറ

നികേഷ് അറോറ | Photo By TechCrunch - https://www.flickr.com/photos/techcrunch/21639393641/, CC BY 2.0, https://commons.wikimedia.org/w/index.php?curid=151073644

സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്‌സിന്റെ സിഇഒയാണ് നികേഷ് അറോറ. 2018 മുതൽ കമ്പനിയെ നയിക്കുന്ന അദ്ദേഹം എഐ അധിഷ്ഠിത സൈബർ സുരക്ഷാ മേഖലയിലേക്കുള്ള കമ്പനിയുടെ വളർച്ചയ്ക്ക് നേതൃത്വം നൽകി. നേരത്തെ സോഫ്റ്റ്ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്നു. ഗൂഗിളിൽ ഒരു പതിറ്റാണ്ടോളം വിവിധ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ചിപ്പ് നിർമാണത്തേക്കാൾ സൈബർ സുരക്ഷയും മറ്റ് സാങ്കേതിക മേഖലകളുമാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമേഖല.

3. തോമസ് കുര്യൻ 

തോമസ് കുര്യൻ | Photo By Eric Dietrich - https://www.dvidshub.net/image/7426971/cso-raymond-and-google-cloud-ceo-kurian-panel-discussion-asc22, Public Domain, https://commons.wikimedia.org/w/index.php?curid=163137179

ഗൂഗിൾ ക്ലൗഡിന്റെ സിഇഒയാണ് തോമസ് കുര്യൻ. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, എന്റർപ്രൈസ് സോഫ്റ്റ്‌വെയർ, എഐ സേവനങ്ങൾ തുടങ്ങിയ മേഖലകളുടെ ചുമതല വഹിക്കുന്നു. എൻവിഡിയയുടെ പ്രധാന ഉപഭോക്താക്കളുമായി ബന്ധപ്പെട്ട സാങ്കേതിക മേഖലകളിൽ പ്രവർത്തനപരിചയമുള്ളത് അദ്ദേഹത്തിന്റെ സാധ്യതകളിൽ പ്രധാനമാണ്. എന്നാൽ ചിപ്പ് ഡിസൈനിൽ നേരിട്ടുള്ള പ്രവർത്തനപരിചയം അദ്ദേഹത്തിന്റെ കരിയറിലില്ല. ആക്സിയോസ് റിപ്പോർട്ടിലാണ് എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേരും പരിഗണിക്കപ്പെടുന്നതായി സൂചിപ്പിച്ചത്.

സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് പ്രമുഖർ ആരെല്ലാം?

എൻവിഡിയയുടെ ഇടക്കാല സിഇഒയും നിലവിലെ സിഎഫ്ഒയുമായ കൊലെറ്റ് ക്രെസ് , കമ്പനിയുടെ എഐ ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ വിഭാഗത്തിൽ നിർണായക പങ്കുവഹിച്ച ഇയാൻ ബക്ക്, ആം സിഇഒ റെനെ ഹാസ്, മുൻ ഇന്റൽ സിഇഒ പാറ്റ് ഗെൽസിംഗർ, എഎംഡി സിഇഒ ലിസ സു, മാർവെൽ ടെക്നോളജി സിഇഒ മാറ്റ് മർഫി, ആപ്പിളിന്റെ മുൻ ചീഫ് ഹാർഡ്‌വെയർ ഓഫീസർ ജോണി സ്രോജി എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.

Content Highlights: Following Jensen Huang’s abrupt resignation amid personal controversies, Nvidia has appointed CFO Colette Kress as interim CEO while launching a global search for a permanent successor. Former Apple CEO Tim Cook and three prominent Indian-origin executives—Sanjay Mehrotra, Nikesh Arora, and Thomas Kurian—are among the top contenders to lead the AI chipmaker.