AI-യുടെ ജല ഉപയോഗം കുറയും, നൂതന സാങ്കേതികവിദ്യയുമായി Nvidia; വൻ മുന്നേറ്റം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty, AI
പ്രതീകാത്മകചിത്രം | Getty, AI

നിർമിതബുദ്ധി (എഐ) എല്ലാ രംഗങ്ങളിലേക്കും വ്യാപിക്കുന്നതിനിടയിലും അതിന് പിന്നിലുള്ള വൻതോതിലുള്ള ജല - ഊർജ ഉപയോഗം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭാവിയിലെ ആവശ്യകത മുന്നിൽക്കണ്ട് ടെക് കമ്പനികൾ കോടികൾ ചെലവഴിച്ച് എഐ ഡേറ്റ സെന്ററുകൾ സ്ഥാപിക്കുമ്പോഴും അവയ്‌ക്കെതിരെ അമേരിക്കയിലടക്കം വ്യാപകമായ എതിർപ്പ് ഉയരുകയാണ്.

വമ്പൻ ഡേറ്റാ സെന്ററുകൾ പ്രദേശത്തെ ജലലഭ്യതയ്ക്കടക്കം ഭീഷണിയാകും എന്ന ആശങ്കയാണ് ജനങ്ങളുടെ എതിർപ്പിന് പിന്നിൽ. എഐ ചാറ്റ്‌ബോട്ടുകളോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ എഐ എത്രത്തോളം ശുദ്ധജലം ഉപയോഗിക്കുന്നുവെന്ന് എല്ലാവരും ഓർക്കമുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ പ്രൊസസറുകൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കാനാണ് വൻതോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമായി വരുന്നത്.

ഇത്തരം ആശങ്കകൾ ഉയരുന്നതിനിടെ എഐ ഡേറ്റാ സെന്ററുകളുടെ ജല, ഊർജ ഉപയോഗം കുറയ്ക്കുന്നതിനായി. പുതിയ ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയ (Nvidia). എഐ രംഗത്തെ സുപ്രധാന എൻജിനിയറിങ് മുന്നേറ്റമാണിതെന്ന് നിരീക്ഷകർ പറയുന്നു.

എഐ മോഡലുകളുടെ ശക്തി വർധിക്കുകയും കൂടുതൽ കമ്പ്യൂട്ടിങ് ശേഷി ആവശ്യമായി വരികയും ചെയ്യുന്നതോടെ അവയ്ക്ക് കരുത്ത് പകരുന്ന ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകൾ (GPUs) വൻതോതിൽ ചൂട് ഉത്പാദിപ്പിക്കുന്നു. അവയെ തണുപ്പിക്കുന്നതിനാണ് വൻതോതിൽ ശുദ്ധജലം ആവശ്യമായി വരുന്നത്. ജല ഉപയോഗം കുറയ്ക്കുന്നതിനായാണ് എൻവിഡിയ പുതിയ ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുള്ളത്.

കൂളന്റ് നേരിട്ട് ചിപ്പുകളിലേക്ക് എത്തിച്ച് ചൂട് കാര്യക്ഷമമായി നീക്കം ചെയ്യുന്നതാണ് എൻവിഡിയയുടെ പുതിയ സംവിധാനം. ഡയറക്ട്-ടു-ചിപ്പ് ലിക്വിഡ് കൂളിങ് വലിയ അളവിൽ ശുദ്ധജലം ഉപയോഗിക്കുന്ന ബാഷ്പീകരണ (evaporative cooling) തണുപ്പിക്കൽ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് എൻവിഡിയ വാർത്താക്കുറിപ്പിൽ അവകാശപ്പെടുന്നു. പുതിയ സാങ്കേതികവിദ്യ കമ്പ്യൂട്ടിങ് ശേഷി വൻതോതിൽ വർധിപ്പിക്കുന്നത് സാധ്യമാക്കുന്നു. ശീതീകരണത്തിനായുള്ള ഊർജ ആവശ്യം കുറയ്ക്കുന്നു. കൂടാതെ കൂടുതൽ ശക്തമായ എഐ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും ഇത് സഹായിക്കുമെന്ന് എൻവിഡിയ പറയുന്നു.

ഭാവിയിലെ എഐ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യയെന്ന് വിദഗ്ധർ പറയുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ഉപഭോഗവും ജലത്തിന്റെ ആവശ്യകതയും കുറയ്ക്കാനും കഴിയും. എന്നാൽ എഐയുടെ ജല ഉപയോഗം സംബന്ധിച്ച ആശങ്കകൾ ഈ സാങ്കേതികവിദ്യ പൂർണമായു പരിഹരിക്കുമെന്ന് കരുതാനാകില്ല. ഇത്തരം മുന്നേറ്റങ്ങൾ ലോകമെമ്പാടും വിന്യസിക്കപ്പെട്ടേക്കാം എങ്കിലും ഡേറ്റാ സെന്ററുകൾ വൻതോതിൽ വർധിക്കുന്നതോടെ ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രയോജനം കുറഞ്ഞേക്കാം. എങ്കിലും വിശാലമായ പരിവർത്തനത്തിന്റെ തുടക്കമാണ് ഈ സാങ്കേതികവിദ്യയെന്ന് എൻവിഡിയ അവകാശപ്പെടുന്നു.

Content Highlights: Nvidia's liquid cooling reduces reliance on water-intensive evaporative systems., AI water usage extends beyond cooling to chip manufacturing and electricity generation., Efficiency gains from cooling tech may be offset by rapid AI infrastructure scaling., A holistic approach including renewable energy and water recycling is required for true sustainability.