ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുന്ന രണ്ടാമത്തെ മലയാളി; 'പുലിക്കുട്ടി'യാണ് നിഹാൽക്കാ

എരമംഗലം: 'സാധാ വീഡിയോ ഒൺലി' എന്നാണ് പേജിലെ വിവരണമെങ്കിലും ഇൻസ്റ്റഗ്രാമിലെ പുതിയ 'പുലിക്കുട്ടി'യാണ് നിഹാൽക്കാ എന്ന നിഹാൽ ഹമീദ്. ഇൻസ്റ്റഗ്രാം അവരുടെ ഔദ്യോഗികപേജിൽ പോസ്റ്റ് ചെയ്ത നിഹാലിന്റെ വീഡിയോ ഇതുവരെ കണ്ടത് എട്ടുകോടി 31 ലക്ഷം പേരാണ്. റാപ് ഗായകൻ ഹനുമാൻ കൈൻഡിനുശേഷം ഇൻസ്റ്റഗ്രാം അവരുടെ ഔദ്യോഗികപേജിലൂടെ ഫോളോ ചെയ്യുന്ന രണ്ടാമത്തെ മലയാളിയാണ് നിഹാൽക്കാ എന്നറിയുമ്പോൾ, ആളത്ര 'സാധാ' അല്ലെന്ന ബോധ്യപ്പെടും.
മലപ്പുറം പാലപ്പെട്ടി തട്ടുപറമ്പ് കിഴക്കൂട്ട് കെ.സി. ഹമീദിന്റെയും ഹൈറുന്നിസയുടെയും മൂന്നുമക്കളിൽ മൂത്തവനാണ് നിഹാൽഹമീദ്. രണ്ടുവർഷംമുൻപാണ് നിഹാൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നത്. നിഹാൽ ഹമീദ് എന്ന പേരിലാണ് ആദ്യം ഇൻസ്റ്റ അക്കൗണ്ട് തുടങ്ങിയത്. പിന്നീട് നിഹാൽക്കാ എന്ന അക്കൗണ്ട് ആരംഭിച്ചു. ഇതിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ടാണ് ഇൻസ്റ്റഗ്രാം 'നിഹാൽക്കാ'യോട് വീഡിയോ ആവശ്യപ്പെട്ടത്.
ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാരിൽനിന്ന് തിരഞ്ഞെടുക്കുന്നവരുടെ വീഡിയോകളാണ് ഇൻസ്റ്റഗ്രാം അവരുടെ പേജിൽ പോസ്റ്റ് ചെയ്യുക. അതിലേക്കാണ് നിഹാലിനും ഇടംകിട്ടിയത്. ബാലി യാത്രയ്ക്കിടെ എടുത്ത വീഡിയോ ഇൻസ്റ്റയ്ക്ക് നിഹാൽ നൽകി. ആ റീൽസ് ഇൻസ്റ്റഗ്രാം അവരുടെ ഔദ്യോഗികപേജിൽ പോസ്റ്റ് ചെയ്തു. 70 കോടി ഫോളോവർമാരുള്ള ഇൻസ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ട് തിരികെ ഫോളോ ചെയ്തിട്ടുള്ളത് 205 പേരെ മാത്രമാണ്. ഇൻസ്റ്റഗ്രാം ഇങ്ങോട്ടു ഫോളോചെയ്യുന്ന രണ്ടാമത്തെ മലയാളിയെന്ന റെക്കോഡും നിഹാലിനായി. ഹനുമാൻകൈൻഡാണ് ഈ ലിസ്റ്റിൽവന്ന ആദ്യ മലയാളി. നിഹാൽക്കാ എന്ന ഇൻസ്റ്റ പേജ് 12 ലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്.
നിഹാൽഹമീദ് എന്ന ആദ്യ പേജിലെ വീഡിയോ ഇന്ത്യൻ സൂപ്പർലീഗ് (ഐ.എസ്.എൽ) പങ്കുവെച്ചിട്ടുണ്ട്. കടകശ്ശേരി ഐഡിയൽ സ്‌കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിലായിരുന്നു ഹയർസെക്കൻഡറി പഠനം. തൊടുപുഴ അൽ അസ്ഹർ കോളേജിൽ ബിരുദപഠനവും പൂർത്തിയാക്കി. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുകയും പ്ലസ്ടുവിന് 600 ൽ 600 മാർക്ക് നേടുകയുംചെയ്തു. ബി.സി.എ. ബിരുദധാരിയാണ്. റിഷാൽ ഹമീദ്, അജ്‌സൽ ഹമീദ് എന്നീ രണ്ടു സഹോദരങ്ങളുമുണ്ട്.
Content Highlights: Nihal Hameed's video was featured on Instagram's official page, gaining over 83 million views., He is the second Malayali to be followed back by Instagram's official account, after Hanumankind., His personal Instagram handle 'Nihalkka' has over 1.2 million followers., He is a BCA graduate from Malappuram with an excellent academic record.