അന്യഗ്രഹത്തില്‍ ജീവന്‍ തേടി നാസ; ക്ലിപ്പര്‍ പേടക വിക്ഷേപണം ഒക്ടോബറില്‍

അന്യഗ്രഹ ജീവന്‍ തേടിയുള്ള പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പര്‍ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താല്‍ തന്നെ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നു.
പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരമാണ് നാസ കണ്ടെത്താന്‍ ആഗ്രഹിക്കുന്നതെന്ന് ക്ലിപ്പര്‍ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റായ ബോബ് പാപ്പലാര്‍ഡോ പറയുന്നു.
മറ്റൊരു ഗ്രഹത്തില്‍ ജീവിത സാഹചര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ എന്നെങ്കിലും യൂറോപ്പ പോലുള്ള ഒരു സ്ഥലത്ത് ജീവന്‍ കണ്ടെത്താന്‍ നമുക്ക് സാധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
500 കോടി ഡോളര്‍ ചെലവ് വരുന്ന ദൗത്യമാണിത്. കാലിഫോര്‍ണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് ഇപ്പോള്‍ പേടകമുള്ളത്. അത് ഇവിടെ നിന്ന് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ എത്തിക്കുകയും സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ വിക്ഷേപിക്കുകയും ചെയ്യും.
അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കിടെ യാത്രാ വേഗം കൈവരിക്കുന്നതിനായി ചൊവ്വയ്ക്ക് അരികിലൂടെയും പേടകം കടന്നുപോവും. 2031 ല്‍ വ്യാഴത്തെയും യൂറോപ്പയെയും ചുറ്റുന്ന ഭ്രമണ പഥത്തില്‍ പേടകം എത്തും.
Content Highlights: nasa, clipper spacecraft, extra-terrestrial life, jupiter europa