ക്രൂ-11 ദൗത്യം- ബഹിരാകാശ നിലയത്തിൽ അസുഖം ബാധിച്ചത് ആർക്ക് ? വെളിപ്പെടുത്തി നാസ

ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബഹിരാകാശ സഞ്ചാരികളെ ഭൂമിയിലേക്ക് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ജനുവരി എട്ടിനാണ് ഈ തീരുമാനം നാസ ലോകത്തെ അറിയിച്ചത്. ജനുവരി 15-ന് നാല് സഞ്ചാരികൾ തിരികെയെത്തി. നാസയുടെ മൈക്ക് ഫിൻകെ, സീന കാർഡ്മാൻ, ജപ്പാനിൽനിന്ന് കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് തിരികെയെത്തിയത്.
ഒരു ബഹിരാകാശ യാത്രികനുണ്ടായ ആരോഗ്യപരമായ പ്രശ്നത്തെത്തുടർന്നാണ് ക്രൂ-11-ന്റെ യാത്ര നേരത്തെ അവസാനിപ്പിച്ചതെന്ന് നാസ വ്യക്തമാക്കിയിരുന്നുവെങ്കിലും രോഗബാധിതൻ ആരായിരുന്നുവെന്നോ എന്താണ് ആരോഗ്യപ്രശ്നമെന്നോ നാസ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ നാസ ആ സഞ്ചാരിയാരാണെന്ന് വെളിപ്പെടുത്തി. നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്ന മൈക്ക് ഫിൻകെ ആയിരുന്നു അത്. അദ്ദേഹം തന്നെയാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
NASA is sharing the following information at the request of NASA astronaut Mike Fincke: pic.twitter.com/J3UsExd94H
— NASA (@NASA) February 25, 2026
ജനുവരി ഏഴിനാണ് ഫിൻകെയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടത്. ഉടൻതന്നെ സഹപ്രവർത്തകർ ഇടപെടുകയും നാസയുടെ ഫ്ലൈറ്റ് സർജന്മാരിൽനിന്നുള്ള വിദഗ്ധോപദേശത്തിൽ ഫിൻകെയ്ക്ക് അടിയന്തര ശുശ്രൂഷ നൽകുകയും ചെയ്തു. പിന്നീട് നടത്തിയ സൂക്ഷ്മപരിശോധനകൾക്കുശേഷം ദൗത്യസംഘത്തെ തിരികെ എത്തിക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആ നീക്കം ഒരു അടിയന്തര നടപടി ആയിരുന്നില്ലെന്നും ഫിൻകെ വ്യക്തമാക്കി. മറിച്ച് ഭ്രമണപഥത്തിൽവെച്ച് അസാധ്യമായ നൂതന മെഡിക്കൽ ഇമേജിങ് സംവിധാനങ്ങൾ ലഭ്യമാക്കുന്നതിനായി കൃത്യമായി ആസൂത്രണം ചെയ്ത ബുദ്ധിപരമായ നീക്കമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹപ്രവർത്തകരായ സീന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ്, ക്രിസ് വില്യംസ്, സെർജി കുഡ്-സ്വെർച്ച്കോവ്, സെർജി മികയേവ് എന്നിവരോടും നാസയിലെയും സ്പേസ് എക്സിലെയും മുഴുവൻ ടീമുകളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സാൻഡിയഗോയിലെ സ്ക്രിപ്സ് മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.
താൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ ബഹിരാകാശ ദൗത്യത്തിനുശേഷമുള്ള പതിവ് പുനരധിവാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്ര എന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്; നാം എത്രമാത്രം മനുഷ്യരാണെന്ന് അത് ചിലപ്പോൾ നമ്മെ ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: NASA has revealed that veteran astronaut Mike Fincke was the crew member whose medical condition prompted the historic early return of the Crew-11 mission from the International Space Station.