നാസയുടെ ബഹിരാകാശ ദൗത്യത്തിന് അനിൽ മേനോൻ; യാത്ര ജൂലായ്-14ന്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ. ജൂലായ് 14-ന് അദ്ദേഹം ദൗത്യത്തിന് തുടക്കം കുറിക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. നാസയുടെ ബഹിരാകാശ സഞ്ചാരിയും എമർജൻസി മെഡിസിൻ ഡോക്ടറും യുഎസ് സ്‌പേസ് ഫോഴ്‌സ് കേണലുമാണ് 49-കാരനായ അനിൽ മേനോൻ.കസാഖിസ്ഥാനിലെ ബൈക്കോണൂർ കോസ്‌മോഡ്രോമിൽ നിന്ന് റഷ്യൻ കോസ്‌മോനോട്ടുകളായ പ്യോടർ ഡുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം റോസ്‌കോസ്മോസ് സയൂസ് MS-29 ബഹിരാകാശ പേടകത്തിൽ അദ്ദേഹം യാത്ര തിരിക്കും. ഏകദേശം എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യത്തിനായാണ് അദ്ദേഹം ഒരുങ്ങുന്നത്.
അനിൽ മേനോന്റെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നും യുക്രെയ്‌നിൽനിന്നും കുടിയേറിയവരാണ്. ഒറ്റപ്പാലം സ്വദേശിയാണ് അനിൽ മേനോന്റെ അച്ഛൻ ശങ്കരൻ മേനോൻ. പഠനത്തിനായി യു.എസിലെത്തിയ അദ്ദേഹം പിന്നീട് യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സാമോലെങ്കോയെ വിവാഹം കഴിച്ചു. യു.എസിലെ മിനിയാപോളീസിലാണ് അനിൽ മേനോന്റെ ജനനം.
അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും (മുൻപ് വിൽഹെം) ബഹിരാകാശ സഞ്ചാരിയാണ്. അവർ 2024 സെപ്തംബറിൽ സ്‌പേസ്എക്‌സ് പോളാരിസ് ഡോൺ സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചിരുന്നു.
വൈദ്യശാസ്ത്രം, പ്രതിരോധ മേഖല, മനുഷ്യ ബഹിരാകാശയാത്ര എന്നിവയിൽ അദ്ദേഹം കരിയർ കെട്ടിപ്പടുത്തു. യുഎസ് എയർഫോഴ്‌സിൽ പ്രവർത്തിക്കുന്നതിനിടെ ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിട്ടുണ്ട്. എവറസ്റ്റിൽ പർവതാരോഹകർക്ക് വൈദ്യസഹായം നൽകുന്ന ഹിമാലയൻ റെസ്‌ക്യൂ അസോസിയേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. പോളിയോ പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾക്കായി റോട്ടറി അംബാസേഡോറിയൽ സ്‌കോളർ എന്ന നിലയിൽ മേനോൻ ഒരു വർഷം ഇന്ത്യയിൽ ചിലവഴിച്ചിട്ടുണ്ട്.
2014-ൽ ഫ്‌ളൈറ്റ് സർജനായി നാസയിൽ ചേർന്ന അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. തുടർന്ന് 2018-ൽ ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്‌സിലേക്ക് മാറി. കമ്പനിയുടെ മെഡിക്കൽ പ്രോഗ്രാം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത് അദ്ദേഹമാണ്. സ്‌പേസ്എക്‌സിനെ ആദ്യത്തെ മനുഷ്യസഹിത ബഹിരാകാശ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നതിനും അദ്ദേഹം പിന്തുണ നൽകി. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഹെവി-ലിഫ്റ്റ് ലോഞ്ച് സംവിധാനമായ സ്റ്റാർഷിപ്പിന്റെ വികസനത്തിന് പിന്നിലും അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.
2021 ഡിസംബറിൽ നാസ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട മേനോൻ ഏജൻസിയുടെ രണ്ട് വർഷത്തെ ബഹിരാകാശ സഞ്ചാരി പരിശീലന പരിപാടി പൂർത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശയാത്രക്ക് നിയോഗിക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന കാലയളവിൽ ദീർഘകാല ബഹിരാകാശയാത്രകൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന ഫലങ്ങൾ വിലയിരുത്തുന്നതിനുള്ള പരീക്ഷണങ്ങൾ അടക്കമുള്ളവ മേനോൻ നടത്തും.
Content Highlights: Anil Menon launches to the ISS on July 14 aboard Soyuz MS-29., Mission duration is approximately eight months., Research focuses on human body adaptation to microgravity., Testing advanced technologies for deep-space medical autonomy., Advancing in-space manufacturing of semiconductor crystals.