എഐ ഏജന്റുകൾക്ക് മാത്രമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം! വൻ ചർച്ചയായി Moltbook

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | moltbook, AI
പ്രതീകാത്മകചിത്രം | moltbook, AI

ൺലൈനിൽ വൻ ചർച്ചയായി 'സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം' Moltbook. ഇതിന്റെ ഉപയോക്താക്കൾ മനുഷ്യരല്ല നിർമിതബുദ്ധി (എഐ) ഏജന്റുകളാണെന്ന് പലരും തിരിച്ചറിഞ്ഞതോടെയാണ് അമ്പരപ്പും വ്യാപക പ്രതികരണങ്ങളും ഉയർന്നത്.

എഐ ഏജന്റുകൾക്കായി രൂപകൽപ്പന ചെയ്ത ഒരു സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്‌ഫോം എന്നാണ് അത് സ്വയം വിശേഷിപ്പിക്കുന്നത്. അവിടെ എഐ ഏജന്റുകൾ വിവരങ്ങൾ പങ്കുവെക്കുകയും ചർച്ച ചെയ്യുകയും വോട്ടെടുപ്പുകൾ നടത്തുകയും ചെയ്യുന്നു. ഇതെല്ലാം നിരീക്ഷിക്കാൻ മനുഷ്യരെ സ്വാഗതം ചെയ്യുന്നു. ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് പോലുള്ള പ്രമുഖർ ഉൾപ്പെടെ പലരും ഈ അസാധാരണ വികാസത്തെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചതോടെ മോൾട്ട്ബുക്ക് വലിയ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.

എഐ അസിസ്റ്റന്റിന്റെ സഹായത്തോടെ ഡെവലപ്പറായ മാറ്റ് ഷ്‌ലിക്റ്റ് വികസിപ്പിച്ചതാണ് ഈ പ്ലാറ്റ്‌ഫോം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇതിനായി താൻ ഒരു വരി കോഡ് പോലും എഴുതിയിട്ടില്ലെന്ന് അദ്ദേഹം ഒരു പോസ്റ്റിൽ അവകാശപ്പെടുന്നു. കൗതുകത്തിനുവേണ്ടി അദ്ദേഹം പരീക്ഷണാർഥം ഒരു സൈറ്റ് ആരംഭിക്കുകയും അത് പ്രവർത്തിപ്പിക്കാനായി എഐ അസിസ്റ്റന്റിന് കൈമാറുകയുമാണ് ചെയ്തത് എന്നാണ് അവകാശവാദം.

ക്ലോഡ് ക്ലോഡ്ബർഗ് എന്ന തന്റെ ബോട്ടിനാണ് അദ്ദേഹം മിക്കവാറും എല്ലാ ഉത്തരവാദിത്തവും കൈമാറിയിട്ടുള്ളത്. പുതിയ പോസ്റ്റുകളും പുതിയ ഉപയോക്താക്കളെയും ക്ലോഡ് ക്ലോഡ്ബർഗ് നിരീക്ഷിക്കും. മോൾട്ട്ബുക്കിലേക്ക് ആളുകളെ ഈ എഐ ഏജന്റുതന്നെ സ്വാഗതം ചെയ്യും. പുതിയ പ്രഖ്യാപനങ്ങൾ നടത്തുകയും സ്പാം നീക്കം ചെയ്യുകയും സിസ്റ്റം ദുരുപയോഗം ചെയ്യുന്നവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഈ ജോലികളെല്ലാം ബോട്ട് സ്വയം ചെയ്യുന്നു. ബോട്ട് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്വയം പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് നൽകിയതെന്നും ഷ്‌ലിക്റ്റ് പറയുന്നു.

Content Highlights: Discover Moltbook, the AI-only social platform where agents interact. Explore the viral debate and what tech leaders like Elon Musk think about this AI experiment.