കോഡ് റെഡ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്; ഇനി തകരാറുണ്ടായാൽ ഒരു മണിക്കൂറിനകം പരിഹാരം

ആഗോള തലത്തിൽ വിവിധ സേവനങ്ങൾ 36 മണിക്കൂറോളം തടസപ്പെട്ട സംഭവത്തിന് പിന്നാലെ അടിയന്തര നടപടികൾക്ക് തുടക്കംകുറിച്ച് മൈക്രോസോഫ്റ്റ്. ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതിനുള്ള സംവിധാനം സമൂലം പരിഷ്കരിക്കുന്നതിനായി കമ്പനിയിൽ 'കോഡ് റെഡ്' പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഇത്തരം സേവന തടസങ്ങൾ ഇനി ഒരുതരത്തിലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
മണിക്കൂറുകൾ നീണ്ട തടസം എൻജിനീയറിങ് സംവിധാനങ്ങളിലെയും പ്രതിസന്ധി ഘട്ടങ്ങളിലെ അടിയന്തര നീക്കങ്ങളിലെയും പോരായ്മകൾ വെളിച്ചത്തുകൊണ്ടുവന്ന സാഹചര്യത്തിലാണ് നടപടി. നവംബർ 12-13 തീയതികളിലുണ്ടായ തടസം ഓസ്ട്രേലിയ, ജപ്പാൻ യു.എസ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളെയടക്കം ബാധിക്കുകയും നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തുകയും വിമാന കമ്പനികളുടെ ആശയവിനിമയങ്ങളെ പോലും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
എക്സ്ചേഞ്ച് ഓൺലൈൻ (ക്ലൗഡ് അധിഷ്ഠിത ഇമെയിൽ സേവനം), ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് എഐ അസിസ്റ്റന്റ്, മറ്റ് മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ എന്നിവയെല്ലാം തടസപ്പെട്ടതിനെ തുടർന്ന് മൈക്രോസോഫ്റ്റിന്റെ എൻജിനീയറിങ് അടക്കമുള്ള മേളകളിലെ പ്രവർത്തന രീതികളിലെ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഗൗരവമേറിയതും അടിയന്തരവുമായ സാഹചര്യത്തെയാണ് കോഡ് റെഡ് സൂചിപ്പിക്കുന്നത്.
'സേവനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഞങ്ങളുടെ ജോലി അവസാനിക്കുന്നില്ല. പഠിച്ച പാഠങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ ഞങ്ങളുടെ ടീമുകൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അത് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന് കമ്പനി നേതൃത്വം ഉറപ്പാക്കുന്നു' - കമ്പനി വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇനി തടസം നേരിട്ടാൽ പരിഹാരം ഒരു മണിക്കൂറിനകം
ഗുരുതരമായ പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തിരമായി നടപ്പിലാക്കുന്ന പരിഹാര നടപടികളാണ് കോഡ് റെഡിന്റെ ഭാഗമായി ഉണ്ടാകുന്നത്. ഇതിന്റെ വിശദമായ രൂപരേഖ മൈക്രോസോഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നപക്ഷം ഒരു മണിക്കൂറിനുള്ളിൽ ലോകമെമ്പാടും പരിഹാരം കാണുകയെന്ന ലക്ഷ്യമാണ് മൈക്രോസോഫ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ വേഗത്തിൽ പ്രശ്നം കണ്ടെത്തുന്നതിന് എൻജിനീയർമാരെ സഹായിക്കുന്നതിന് എഐ ഏജന്റുകളെ വിന്യവിക്കാനും പദ്ധതിയുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിക്കുക മാത്രമല്ല, ഭാവിയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധതയെന്ന് കമ്പനി വക്താവ് പറഞ്ഞു.
Content Highlights: Microsoft declared a Code Red drive to overhaul engineering systems and crisis response following a 24-hour global outage., The incident affected Exchange Online, Outlook, Teams, and Copilot, impacting governments and businesses worldwide., The outage was caused by an undetected Windows scalability defect introduced in July, not cyber activity., Microsoft set a new target of achieving worldwide resolution within an hour for future incidents using AI agents.