യുട്യൂബ് വീഡിയോകളിൽ മീഷോ ലിങ്കുകൾ പങ്കുവെയ്ക്കാം; ക്രിയേറ്റർമാർക്ക് പുതിയ വരുമാനമാർഗം

കൊച്ചി: രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ വാണിജ്യ, വരുമാന അവസരങ്ങൾ ഒരുക്കുന്നതിനായി മീഷോ യുട്യൂബ് ഷോപ്പിങ്ങുമായി പങ്കാളിത്തത്തിലായി. ഇതിലൂടെ യോഗ്യരായ യുട്യൂബ് ക്രിയേറ്റർമാർക്ക് തങ്ങളുടെ ലോങ്-ഫോം വീഡിയോകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ എന്നിവയിൽ നേരിട്ട് മീഷോ ഉത്പന്നങ്ങൾ ടാഗ് ചെയ്യാൻ സാധിക്കും. യുട്യൂബിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പ്രകാരം 500-ൽ താഴെ സബ്സ്ക്രൈബർമാരുള്ള ക്രിയേറ്റർമാർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാനും തങ്ങളുടെ ഉള്ളടക്കത്തിലൂടെ നടക്കുന്ന വാങ്ങലുകൾക്ക് കമ്മിഷൻ നേടാനും കഴിയും.
ഈ പങ്കാളിത്തത്തിലൂടെ 40 വിഭാഗങ്ങളിലായി മൂന്നുകോടിയിലധികം അഫിലിയേറ്റ് ഉത്പന്നങ്ങളുടെയും രണ്ടുലക്ഷത്തിലധികം വിൽപ്പനക്കാരുടെയും മീഷോ കാറ്റലോഗിലേക്ക് ക്രിയേറ്റർമാർക്ക് പ്രവേശനം ലഭിക്കും. ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ മുതൽ വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും വരെയുള്ള ഉത്പന്നങ്ങൾ അവലോകനങ്ങൾ, സ്റ്റൈലിങ് വീഡിയോകൾ, ഷോകൾ, ലൈവ് സ്ട്രീമുകൾ എന്നിവയിൽ ഉൾപ്പെടുത്താനാകും. യുട്യൂബിലെ തിരയൽ വഴി ഉത്പന്നകേന്ദ്രീകൃത വീഡിയോകൾക്ക് ദീർഘകാലം പ്രേക്ഷകരിലേക്ക് എത്താൻ കഴിയുന്നതിനാൽ പിന്നീടുള്ള വാങ്ങലുകളിലൂടെയും ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ സാധിക്കും. നിലവിലുള്ള മീഷോ ക്രിയേറ്റർ ക്ലബ് അംഗങ്ങൾക്ക് തങ്ങളുടെ അഫിലിയേറ്റ് പ്രവർത്തനങ്ങൾ യുട്യൂബിലേക്കും വ്യാപിപ്പിക്കാം.
മീഷോ ക്രിയേറ്റർ ക്ലബിലെ 81 ശതമാനം പേരും മെട്രോ നഗരങ്ങൾക്ക് പുറത്തുള്ളവരും സജീവ ക്രിയേറ്റർമാരിൽ 90 ശതമാനം പേരും നാനോ ക്രിയേറ്റർമാരുമാണ്. പ്രാദേശികഭാഷാ ഉള്ളടക്കം ഉൾപ്പെടെയുള്ളവയിലൂടെ ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ക്രിയേറ്റർമാർക്ക് വരുമാനം നേടാൻ യുട്യൂബ് ഷോപ്പിങ് സഹായകമാകും. വരും മാസങ്ങളിൽ രണ്ടുലക്ഷത്തിലധികം ക്രിയേറ്റർമാരെ യുട്യൂബ് ഷോപ്പിങ്ങിലേക്ക് എത്തിക്കാനും അഫിലിയേറ്റ് കാറ്റലോഗ് വികസിപ്പിക്കാനും പ്രാദേശികഭാഷാ ക്രിയേറ്റർമാർക്ക് കൂടുതൽ പിന്തുണ നൽകാനും മീഷോ ലക്ഷ്യമിടുന്നു.
Content Highlights: E-commerce platform Meesho has partnered with YouTube Shopping to allow eligible Indian content creators to tag over 30 million affiliate products directly in their long-form videos, Shorts, and livestreams.