മെറ്റ AI CEO Agent വികസിപ്പിക്കുന്നു; മേധാവിമാരുടെ പണിയും പോകുമെന്ന് സോഷ്യൽ മീഡിയ

#ടെക്നോളജി ഡെസ്ക്
Photo: Gettyimages
Photo: Gettyimages

തൊഴിലിടങ്ങളിൽ നിർമിതബുദ്ധിയുടെ സാന്നിധ്യം വർധിക്കുകയാണ്. സാധാരണഗതിയിലുള്ള പ്രവർത്തനങ്ങളിൽ നിർമിതബുദ്ധി സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനുമായി കമ്പനികൾ കോടികളാണ് നിക്ഷേപിക്കുന്നത്. ഇത് വ്യാപകമായ തൊഴിൽനഷ്ടത്തിന് വഴിവെക്കുന്ന സ്ഥിതിയുണ്ട്. എന്നാൽ എ.ഐ. നിർബന്ധമാകുന്നത് കമ്പനിയിലെ സാധാരണ ജീവനക്കാർക്കിടയിൽ മാത്രമായിരിക്കില്ല, സി.ഇ.ഒ.മാർക്കു പോലും അവരുടെ ദൈനംദിനപ്രവൃത്തികളിൽ എ.ഐ. സ്വീകരിക്കുകയല്ലാതെ ഇന്ന് മറ്റു മാർഗമില്ല. ഇപ്പോഴിതാ മെറ്റ മേധാവി സക്കർബർഗ് തന്നെ ജോലിയിൽ സഹായിക്കാനായി ഒരു എ.ഐ. സി.ഇ.ഒ. ഏജന്റിനെ പരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സി.ഇ.ഒ.യെ സഹായിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഈ എ.ഐ. ഏജന്റ് നിലവിൽ പരിശീലനഘട്ടത്തിലാണ്. ജീവനക്കാർക്കിടയിൽനിന്നുള്ള വിവരങ്ങൾ അതിവേഗം സക്കർബർഗിന് ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഇങ്ങനെ കമ്പനിയുടെ നേതൃതലത്തിൽ പോലും എ.ഐ.യുടെ ശേഷി പ്രയോജനപ്പെടുത്തുന്നത് മാർക്ക് സക്കർബർഗ് മാത്രമായിരിക്കില്ല എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ നടന്ന ഇന്ത്യ എ.ഐ. ഇംപാക്ട് ഉച്ചകോടിയിൽ, ഭാവിയിൽ ഏതൊരു എക്സിക്യൂട്ടീവിനെക്കാളും നന്നായി ഒരു കമ്പനിയുടെ സി.ഇ.ഒ. ആയി പ്രവർത്തിക്കാൻ എ.ഐ.ക്ക് സാധിക്കുമെന്ന് ഓപ്പൺ എ.ഐ. സി.ഇ.ഒ. സാം ആൾട്ട്മാൻ അവകാശപ്പെട്ടിരുന്നു.

എ.ഐ. സി.ഇ.ഒ. ഏജന്റുകൾ വന്നാൽ ടെക് കമ്പനികളുടെ സി.ഇ.ഒ.മാരുടെ പണിയും പോകില്ലെന്ന് പറയാനാവില്ലെന്ന് സോഷ്യൽ മീഡിയയിൽ ചില ഉപഭോക്താക്കൾ പറഞ്ഞു.

മെറ്റയിൽ എ.ഐ. ഉപയോഗം കൂട്ടാനുള്ള ശ്രമങ്ങളിലാണ് കമ്പനി. പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കാര്യക്ഷമത വർധിപ്പിക്കാനും കമ്പനി എ.ഐ. ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സക്കർബർഗ് തന്നെ കോഡിങ് ആവശ്യങ്ങൾക്കായി എ.ഐ. ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സക്കർബർഗ് തന്നെ വ്യക്തമാക്കിയതാണ്.

Content Highlights: Meta CEO Mark Zuckerberg is reportedly testing a specialized AI CEO agent to streamline management tasks and data collection, signaling that AI integration is now reaching the highest levels of corporate leadership.