ഒറ്റ പ്ലാനിൽ 15 പ്രീമിയം ഒടിടികളും 1000 ലൈവ് ചാനലുകളും; 200 രൂപയുടെ 'OTT പാസ്' അവതരിപ്പിച്ച് ജിയോ

കൊച്ചി/മുംബൈ: വീണ്ടും അതിശയകരമായ ഓഫറുമായി റിലയൻസ് ജിയോ. ഒരൊറ്റ റീച്ചാർജിൽ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ '200 രൂപ ജിയോ ഒ.ടി.ടി പാസ്' (Rs 200 Jio OTT Pass) കമ്പനി അവതരിപ്പിച്ചു. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേർത്തുള്ള ഈ പുതിയ പാസ് 28 ദിവസത്തെ കാലാവധിയിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ കേവലം 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാർക്ക് നൽകുന്നത്.
നിലവിൽ സജീവമായ ഒരു ബേസ് പ്ലാൻ ഉള്ള ഏത് ജിയോ ഉപഭോക്താവിനും ഈ പാസ് സ്വന്തമാക്കാം. മെയ് 27 മുതൽ പുതിയ പ്ലാൻ പ്രാബല്യത്തിൽ വന്നു.
ഒ.ടി.ടി പാസിലെ പ്രധാന ആനുകൂല്യങ്ങൾ
15 പ്രീമിയം ഒടിടി സബ്സ്ക്രിപ്ഷനുകളാണ് പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിൽ പ്രധാന പ്ലാറ്റ്ഫോമുകളെല്ലാം ഉൾപ്പെടും.
യൂട്യൂബ് പ്രീമിയം: പരസ്യങ്ങളില്ലാത്ത വീഡിയോ കാഴ്ചകൾ, ബാക്ക്ഗ്രൗണ്ട് പ്ലേ, ഓഫ്ലൈൻ ഡൗൺലോഡ് എന്നിവ ടിവി, ടാബ്ലെറ്റ്, മൊബൈൽ എന്നിവയിൽ ലഭ്യമാകും.
ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ്: തത്സമയ കായിക മത്സരങ്ങൾ, ഹോട്ട്സ്റ്റാർ ഒറിജിനലുകൾ, മികച്ച ഹോളിവുഡ് ചിത്രങ്ങൾ എല്ലാം ആസ്വദിക്കാം.
പ്രൈം വീഡിയോ മൊബൈൽ എഡിഷൻ: ആമസോൺ പ്രൈം വീഡിയോ മൊബൈലിൽ ആസ്വദിക്കാം.
ജിയോ ടിവി വഴി ലഭ്യമാകുന്ന മറ്റ് 12 ഒടിടികൾ: സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ നെക്സ്റ്റ്, ഫാൻകോഡ്, ഹോയ്ചോയ്, പ്ലാനറ്റ് മറാത്തി, ചൗപാൽ, കാഞ്ച ലങ്ക, ടൈംസ് പ്ലേ, തരംഗ് പ്ലസ് തുടങ്ങിയവയെല്ലാം ലഭ്യമാകും.
ടിവി ചാനലുകൾ
1,000-ത്തിലധികം ലൈവ് ടിവി ചാനലുകൾ ലഭ്യമാകുമെന്നതും ഒടിടി പാസിന്റെ പ്രത്യേകതയാണ്. ജിയോ ടിവി ആപ്പ് വഴി മുൻനിര ബ്രോഡ്കാസ്റ്റർമാരുടെ 150-ലധികം പെയ്ഡ് ചാനലുകൾ ഉൾപ്പെടെ ആയിരത്തിലധികം തത്സമയ ചാനലുകളാണ് കാണാൻ സാധിക്കുക.
ഇതിൽ ജിയോസ്റ്റാറിന് കീഴിലുള്ള സ്റ്റാർ പ്ലസ്, സോണി എന്റർടെയ്ൻമെന്റ്, ഇടിവി, ഡിസ്കവറി, സൺ ടിവി നെറ്റ് വർക്ക് തുടങ്ങിയവയെല്ലാം ഉൾപ്പെടും.
വമ്പൻ ഡാറ്റാ ആനുകൂല്യങ്ങൾ
30 ജിബി ഹൈ-സ്പീഡ് 4ജി/5ജി ഡാറ്റയാണ് പ്ലാനിനൊപ്പം ലഭിക്കുക. ഉപഭോക്താവിന്റെ നിലവിലുള്ള ബേസ് പ്ലാനിന്റെ കാലാവധിക്ക് വിധേയമായി അൺലിമിറ്റഡ് 5ജി ഡാറ്റ (പരമാവധി 28 ദിവസം വരെ) ലഭ്യമാകും.
എങ്ങനെ ലഭ്യമാകും?
MyJio ആപ്പ്, Jio.com വെബ്സൈറ്റ്, ജിയോയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മറ്റ് തേർഡ് പാർട്ടി റീച്ചാർജ് ആപ്പുകൾ (PhonePe, Paytm, Google Pay തുടങ്ങിയവ) എന്നിവ വഴി രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും പുതിയ ജിയോ ഒ.ടി.ടി പാസ് ലഭ്യമാണ്. ഈ പാസ് ആക്ടിവേറ്റ് ചെയ്യുന്നതിനായി ഉപഭോക്താക്കൾക്ക് നിലവിൽ ഏതെങ്കിലും ഒരു ആക്ടീവ് വോയ്സ്/ഡാറ്റാ ബേസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
Content Highlights: Includes 15 premium OTT subscriptions including YouTube Premium and Hotstar., Access to over 1,000 live TV channels via JioTV., Provides 30GB high-speed 4G/5G data., Valid for 28 days with an active base plan., Available nationwide via MyJio, Jio.com, and third-party apps.