ഉപഗ്രഹങ്ങളുടെ എണ്ണം നാലിരട്ടി വര്‍ധിപ്പിക്കേണ്ടിവരും; സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകം- ISRO ചെയര്‍മാന്‍

#സ്വന്തം ലേഖകന്‍
1. പ്രതീകാത്മകചിത്രം 2. ഡോ. വി.നാരായണൻ | Photo - AI, AFP
1. പ്രതീകാത്മകചിത്രം 2. ഡോ. വി.നാരായണൻ | Photo - AI, AFP

തിരുവനന്തപുരം: ബഹിരാകാശമേഖലയിലെ സാഹചര്യം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി.നാരായണന്‍.

രാജ്യത്ത് പുതിയ ബഹിരാകാശനയം വന്നപ്പോള്‍ മൂന്ന് സ്റ്റാര്‍ട്ടപ് കമ്പനികളാണ് ഈ മേഖലയുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. ഇപ്പോഴത് 330 ആയെന്നും അദ്ദേഹം പറഞ്ഞു. അനന്ത് ടെക്നോളജീസിന്റെ നാവിഗേഷന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭ്രമണപഥത്തില്‍ നമുക്ക് ഇന്ന് 57 ഉപഗ്രഹങ്ങളുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളിലെ ആവശ്യം ഇതിന്റെ നാലിരട്ടിയെങ്കിലുമാകും. ഐഎസ്ആര്‍ഒയ്ക്കു മാത്രമായി ഇതു നടപ്പാക്കാനാകില്ല. സ്വകാര്യമേഖലയും സ്റ്റാര്‍ട്ടപ്പുകളുമൊക്കെ വന്നപ്പോള്‍ നമുക്കതു സാധ്യമാകുമെന്നായി. മുന്‍പ് ഒരു വര്‍ഷത്തില്‍ ഒരു വിക്ഷേപണം എന്നത് ഇപ്പോള്‍ എട്ടോ പത്തോ ആയി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അത് 50 വിക്ഷേപണമെന്ന നിലയിലേക്കാക്കണം.

ശാസ്ത്രവുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ നാം നൂറു ശതമാനവും ഉപയോഗിക്കുന്നുണ്ട്. ഭൗമനിരീക്ഷണം, വാര്‍ത്താവിനിമിയം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ കുറച്ചു മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. വികസിതരാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പംനിന്നു പ്രവര്‍ത്തിക്കാമെന്ന തരത്തില്‍ ഇന്ത്യയുടെ ബഹിരാകാശമേഖല വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനന്ത ടെക്നോളജീസ് സിഎംഡി സുബ്ബറാവി പാവലൂരി, എല്‍പിഎസ്സി ഡയറക്ടര്‍ എം.മോഹന്‍, ഐഐഎസ്യു ഡയറക്ടര്‍ എല്‍.സൗമ്യനാരായണ്‍, ബഹിരാകാശ കമ്മിഷന്‍ മുന്‍ അംഗം പി.കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Content Highlights: India`s space sector is booming ISRO Chairman Dr. V. Narayanan highlights massive startup growth & future potential. Learn about new space policy & satellite advancements.