ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്, 1400 ഒഴിവുകൾ; പ്രതിസന്ധി പരിഹരിക്കാൻ ISRO നിയമനത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം: ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കും ജീവനക്കാരുടെ കുറവുംമൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ എ.എസ്.ആർ.ഒ. ഒഴിവുകളിൽ ഉടൻ നിയമനംനടത്താൻ ബഹിരാകാശ വകുപ്പ് നിർദേശംനൽകി. പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി വർഷാവസാനത്തോടെ പ്രധാന തസ്തികകളിലെ നിയമന നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ശാസ്ത്രജ്ഞരടക്കം 1400-ഓളം ഒഴിവുകളിലേക്ക് നിയമന നടപടി തുടങ്ങിയതായാണ് വകുപ്പിന്റെ വിശദീകരണം.
ശാസ്ത്രജ്ഞർ, എൻജിനിയർ തസ്തികകളിലെ 175 ഒഴിവുകളിലേക്കും 267 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ജീവനക്കാരുടെ എണ്ണത്തിൽ 25 വർഷത്തിനിടയിലെ ഏറ്റവുംവലിയ കുറവാണ് ഗവേഷണ സ്ഥാപനത്തിലുള്ളത്. 30 ശതമാനത്തോളം ഒഴിവുണ്ട്.
അയ്യായിരത്തോളം ജീവനക്കാരുടെ കുറവുണ്ട്. ശാസ്ത്ര-സാങ്കേതിക വിഭാഗങ്ങളിൽമാത്രം രണ്ടായിരത്തിലേറെ നിയമനം വേണ്ടിവരും. ഐ.എസ്.ആർ.ഒയുടെ നിർണായക ദൗത്യങ്ങളെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്. ഗഗൻയാൻ, ചന്ദ്രയാൻ ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ പങ്കാളികളായ നൂറോളം ശാസ്ത്രജ്ഞർ ഐ.എസ്.ആർ.ഒ. വിട്ടത് പ്രതിസന്ധി കൂട്ടി. കോവിഡ് നിയന്ത്രണങ്ങളും നിയമന പരിഷ്കാരങ്ങളും ഒഴിവുകൾ നികത്തുന്നതിനെ ബാധിച്ചു. സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ ശമ്പള പാക്കേജും പ്രതിസന്ധിക്കിടയാക്കി.
ശമ്പള വ്യവസ്ഥകൾ ആകർഷകമാക്കാനും ഇൻസെന്റീവുകൾ വർധിപ്പിക്കാനും ചർച്ചകൾ നടക്കുന്നതായാണു വിവരം. കൊഴിഞ്ഞുപോക്ക് തടയുന്നതിന് ബഹിരാകാശ വകുപ്പ് ’കാഡർ റിവ്യു’ പരിഷ്‌കാരം നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി കഴിവുതെളിയിക്കുന്ന ശസ്ത്രജ്ഞർക്ക് വേഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ഇതിനായി കൂടുതൽ തസ്തികകൾക്കും അനുമതി നൽകി.
Content Highlights: To counter a massive 25-year-high staff shortage and brain drain to private companies, ISRO has initiated a special recruitment drive to fill over 1,400 vacancies while introducing faster promotions and better pay to retain its critical space scientists.