വിവരങ്ങൾ ചോർത്താനാവില്ല; ക്വാണ്ടം കമ്യൂണിക്കേഷൻ സംവിധാനം രാജ്യത്ത് വരും, പരീക്ഷണം വിജയം

#പി. സുനില്‍ കുമാര്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തിരുവനന്തപുരം: ചോർത്താൻ കഴിയാത്ത ആശയവിനിമയ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ ലിങ്ക് പരീക്ഷണം വിജയം. രാജ്യംനേരിടുന്ന പ്രധാന വെല്ലുവിളിയാണ് വിവരങ്ങൾ ചോർത്തൽ. ഈ ഭീഷണിക്കുള്ള ശാസ്ത്രീയ പരിഹാരമാണ് ക്വാണ്ടം കമ്യൂണിക്കേഷൻ.

ഐ.എസ്.ആർ.ഒ. ലക്ഷ്യംവെക്കുന്ന ഉപഗ്രഹങ്ങൾ വഴിയുള്ള അതിസുരക്ഷാ ആശയവിനിമയ സംവിധാനത്തിന് ശക്തി പകരുന്നതാണ് 5.56 കിലോമീറ്റർ ദൂരത്തിലുള്ള ക്വാണ്ടം കമ്യൂണിക്കേഷൻ പരീക്ഷണം. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ബിസാഗ്-എൻ, ഐ.ഐ.ടി. ഗാന്ധി നഗർ, ബെംഗളൂരു ആസ്ഥാനമായുള്ള ക്യുനു ലാബ്സ് എന്നിവ ചേർന്നാണ് സെപ്റ്റംബർ 27, 28 തീയതികളിൽ നിർണായക പരീക്ഷണം നടത്തിയത്.

അഞ്ചര കിലോമീറ്റർ ദൂരത്തിൽ അതിസുരക്ഷിതമായ ക്വാണ്ടം ആശയവിനിമയ ചാനൽ സ്ഥാപിക്കുകയായിരുന്നു. സെക്കൻഡിൽ 230-260 ബി.പി.എസ്. നിരക്കിൽ ആശയവിനിമയത്തിന് കഴിഞ്ഞു.

ഫോട്ടോണുകൾ ഉപയോഗിച്ചുള്ള ഈ ആശയ വിനിമയം സൂപ്പർ കംപ്യൂട്ടറുകൾക്കുപോലും തകർക്കാനോ ചോർത്താനോ കഴിയില്ല. മൂന്നു വർഷത്തിനുള്ളിൽ ക്വാണ്ടം ആശയവിനിമയത്തിനായി ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ..

ക്വാണ്ടം ഉപഗ്രഹ വിക്ഷേപണത്തിനു മുന്നോടിയായി ബഹിരാകാശത്തുനിന്നുള്ള പരീക്ഷണത്തിന് ക്യു.ടി.ഡി.എസ്. പേലോഡ് സജ്ജമാക്കിയിട്ടുണ്ട്.

നവംബറിൽ വിക്ഷേപിക്കാൻ ലക്ഷ്യംവെക്കുന്ന ടി.ഡി.എസ്.-01 (ടെക്നോളജി ഡിമോൺസ്ട്രേറ്റ് സാറ്റലൈറ്റ്) ഉപഗ്രഹത്തോടൊപ്പം ഈ പേലോഡും ഉൾപ്പെടുത്തും. ഇതിനുശേഷമായിരിക്കും ക്വാണ്ടം ആശയവിനിമയ ഉപഗ്രഹ വിക്ഷേപണം. ഇത്തരം ആശയവിനിമയത്തിൽ സൈനിക രഹസ്യങ്ങളും തന്ത്രപ്രധാന വിവരങ്ങളും ചോരാതെ സൂക്ഷിക്കാനാകും. ചൈനയ്ക്ക് ക്വാണ്ടം ആശയവിനിമയ ഉപഗ്രഹമുണ്ട്.

Content Highlights: Successfully tested a 5.56 km quantum communication link by BISAG-N, IIT Gandhinagar, and QNu Labs., Achieved communication rates of 230-260 bps using unhackable photons., ISRO plans to launch TDS-01 satellite with QTDS payload in November, followed by a dedicated quantum communication satellite.