ലാൻഡറിന്റെ ആയുസ്സുകൂടും; ന്യൂക്ലിയർ താപസംവിധാനവുമായി ചന്ദ്രയാൻ, നിർണായക ചുവടുമാറ്റം

തിരുവനന്തപുരം: ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിൽ നിർണായക ചുവടുമാറ്റത്തിനൊരുങ്ങി ഐ.എസ്.ആർ.ഒ. ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണത്തിനിറങ്ങുന്ന ലാൻഡർ പേടകത്തിന്റെ ആയുസ്സുകൂട്ടാൻ ആണവോർജവകുപ്പുമായി ചേർന്ന് സംവിധാനമൊരുക്കും. കൊടുംതണുപ്പിൽ ലാൻഡറിലെ ബാറ്ററികളും ഉപകരണങ്ങളും ന്യൂക്ലിയർ താപസംവിധാനം ചൂടാക്കിനിർത്തും.
ലാൻഡറിന് 200 ദിവസംവരെ പ്രവർത്തിക്കാനാകും. ചന്ദ്രനിലെ രാത്രിയിൽ (14 ഭൗമദിനം) താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നതോടെ ലാൻഡർ കേടാകുന്നതിന് പരിഹാരമാകും.
ചന്ദ്രയാൻ-3 ദൗത്യത്തിൽ ലാൻഡറിനെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനായെങ്കിലും പ്രവർത്തന ആയുസ്സ് ഒരു ചാന്ദ്രദിനത്തോടെ കഴിഞ്ഞു. ഓർബിറ്ററിന്റെ സഹായത്തോടെ ലാൻഡറിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചിരുന്നില്ല.
ഉപയോഗിക്കുന്നത് പ്‌ളൂട്ടോണിയം-238
പ്ലൂട്ടോണിയം 238 റേഡിയോ ആക്ടീവ് കണം(ഐസോടോപ്പ്) വിഘടിക്കുമ്പോഴുണ്ടാകുന്ന താപോർജം ലാൻഡറിനെ ചൂടാക്കും. ഇതിന് റേഡിയോ ഐസോടോപ്പ് ഹീറ്റർ യൂണിറ്റുകൾ ഉപയോഗിക്കും
ലാൻഡറിനകത്തെ താപനില നിലനിർത്താൻ പ്രത്യേക ഇൻസുലേഷൻ പാളികളും സ്മാർട്ട് തെർമൽ കൺട്രോൾ സംവിധാനങ്ങളും. തണുപ്പിനെ അതിജീവിക്കാനായാൽ പകൽ സോളാർപാനലുകൾ ഉപയോഗിക്കാനും തുടർച്ചയായി പ്രവർത്തിക്കാനും കഴിയും. പ്ലൂട്ടോണിയം 238 വിഘടിക്കുമ്പോൾ അണുവികിരണം കുറവായതിനാൽ മറ്റ് ഉപകരണങ്ങളെ ബാധിക്കില്ല.
Content Highlights: Implementation of Radioisotope Heater Units (RHUs) using Plutonium-238., Overcoming the extreme -180°C lunar night temperatures., Extending mission operational lifespan to 200 days., Integration of smart thermal control and insulation layers.