ISRO-യെ ഇടിച്ചുതാഴ്ത്താൻ ശ്രമം; എട്ടുമാസത്തെ ഇടവേളയ്ക്ക് കാരണം ഇടപെടലുകൾ- മാധവൻ നായർ

#സ്വന്തം ലേഖകന്‍
1. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ 2. പ്രതീകാത്മകചിത്രം | Mathrubhumi archives, PTI
1. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ 2. പ്രതീകാത്മകചിത്രം | Mathrubhumi archives, PTI

തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിനായുള്ള റോക്കറ്റ് നിർമാണം പൂർണമായും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഐ.എസ്.ആർ.ഒ. തീരുമാനം. എസ്.എസ്.എൽ.വി., പി.എസ്.എൽ.വി., എൽ.വി.എം. -മൂന്ന് റോക്കറ്റുകളുടെ സാങ്കേതികവിദ്യയാണ് സ്വകാര്യകമ്പനികൾക്ക് കൈമാറുക. ഇതിനുള്ള നടപടി തുടങ്ങിയതായി ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ഇൻസ്‌പെയ്സ് ചെയർമാൻ ഡോ. പവൻകുമാർ ഗോയങ്കെയാണ് വ്യക്തമാക്കിയത്.

റോക്കറ്റുകളുടെയും ചെറു ഉപഗ്രഹങ്ങളുടെയും നിർമാണം പൂർണമായും സ്വകാര്യമേഖലയ്‌ക്കോ പൊതുമേഖലാസ്ഥാപനങ്ങൾക്കോ കൈമാറുന്നതോടെ ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകളിലുമായിരിക്കും ഐ.എസ്.ആർ.ഒ. ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബഹിരാകാശരംഗത്തെ അമിത സ്വകാര്യവത്കരണത്തെ ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി. മാധവൻ നായർ എതിർത്തു. സ്വകാര്യ റോക്കറ്റിനെ ഐ.എസ്.ആർ.ഒ. റോക്കറ്റുമായി താരതമ്യംചെയ്യരുതെന്നും വിക്ഷേപണ കേന്ദ്രങ്ങളുടെ നടത്തിപ്പ് അടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖല ഐ.എസ്.ആർ.ഒ.യ്ക്ക് പകരമാവില്ലെന്നും ഇൻസ്‌പെയ്സിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്ത് ബഹിരാകാശ നിയമമാണ് വേണ്ടത്. രണ്ടുപരാജയങ്ങളുടെ പേരിൽ ഐ.എസ്.ആർ.ഒ.യെ ഇടിച്ചുതാഴ്ത്താൻ ശ്രമംനടക്കുന്നുണ്ടെന്നും ഒഴിവുകൾ നികത്തി സ്ഥാപനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുലശേഖരപട്ടണത്തെ വിക്ഷേപണകേന്ദ്രം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥമേധാവിത്വം ഐ.എസ്.ആർ.ഒ.യെ ബാധിച്ചിട്ടുണ്ട്. വിക്ഷേപണത്തിന് എട്ടുമാസത്തെ ഇടവേളയ്ക്കുകാരണം ചില ഇടപടലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിർമിക്കുന്ന രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനമാണ് സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. 986 കോടി രൂപ ചെലവിൽ നിർമിക്കുന്ന കേന്ദ്രത്തിൽനിന്നായിരിക്കും ചെറുകിട ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനുള്ള എസ്.എസ്.എൽ.വി. റോക്കറ്റിന്റെ സാങ്കേതികവിദ്യ പൊതുമേഖലാസ്ഥാപനമായ എച്ച്.എ.എലിന് (ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) കൈമാറിയിരുന്നു.

കൂടാതെ എച്ച്.എ.എൽ., എൽ ആൻഡ് ടി കമ്പനികൾ ചേർന്ന കൺസോർഷ്യമാണ് ആദ്യ സ്വകാര്യ പി.എസ്.എൽ.വി. റോക്കറ്റ് നിർമിക്കുന്നത്. കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള എൽ.വി.എം.-3 യുടെ സാങ്കേതികവിദ്യയും കൈമാറാനുള്ള തീരുമാനത്തിലാണ് ഐ.എസ്.ആർ.ഒ.

Content Highlights: Former ISRO Chairman G. Madhavan Nair opposes excessive privatization of the space sector., Criticized handing over the Kulasekarapattinam launch pad to the private sector., Stated that private players cannot replace ISRO and IN-SPACe is not functioning correctly., Highlighted bureaucratic dominance and the need to fill vacancies to strengthen ISRO.