സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന; ആദ്യപത്തില്‍ അഞ്ചും ഐഫോണ്‍ 16 വേരിയന്റുകള്‍

മുംബൈ: ജനുവരി-മാര്‍ച്ച് കാലയളവില്‍ ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണായി ഐഫോണ്‍ 16. രണ്ടുവര്‍ഷത്തിനുശേഷമാണ് ഐഫോണിന്റെ ബേസ് മോഡല്‍ വില്‍പ്പനയില്‍ മുന്നിലെത്തുന്നതെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ആഗോള ഹാന്‍ഡ്‌സെറ്റ് വില്‍പന വിലയിരുത്തിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഐഫോണ്‍ 16-ന് കൂടുതല്‍ വില്‍പ്പന വളര്‍ച്ച. ഇതില്‍ത്തന്നെ ജപ്പാനാണ് മുന്നില്‍. പട്ടികയില്‍ തുടര്‍ന്നുള്ള രണ്ടു സ്ഥാനങ്ങളില്‍ ഐഫോണ്‍ 16 പ്രോ മാക്‌സും ഐഫോണ്‍ 16 പ്രോയും വരുന്നു. ആദ്യ പത്തുസ്ഥാനങ്ങളില്‍ അഞ്ചെണ്ണം ഐഫോണ്‍ 16 വേരിയന്റുകളും നാലെണ്ണം സാംസങ് ഫോണുകളും സ്വന്തമാക്കി.
ആപ്പിള്‍ അവസാനമായി അവതരിപ്പിച്ച ഐഫോണ്‍ 16 ഇ ആറാം സ്ഥാനത്തെത്തി. ആദ്യ പത്തില്‍ ആപ്പിളും സാംസങ്ങുമല്ലാത്ത ഏക മോഡല്‍ ഷവോമിയുടെ റെഡ്മി 14 സി 4 ജി ഫോണുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: iphone 16 leads global smartphone sales