പുതിയ ഫീച്ചറുകളുമായി ഐഒഎസ് 18.4 അപ്‌ഡേറ്റ് അടുത്തമാസമെത്തും, വിശദമായറിയാം

iPhone 16 | Photo: AFP
iPhone 16 | Photo: AFP

ഇന്ത്യന്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഫീച്ചറുകളുമായി ഐഒഎസ് 18.4 അപ്‌ഡേറ്റ് അടുത്തമാസം എത്തും. ഇന്ത്യന്‍ ഇംഗ്ലീഷ് പിന്തുണയുള്ള ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് പുതിയ അപ്‌ഡേറ്റിലൂടെ ഫോണുകളിലെത്തുക. നിലവില്‍ ബീറ്റാ ഘട്ടത്തിലുള്ള 18.4 അപ്‌ഡേറ്റ് 2025 ഏപ്രിലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രിയോറിട്ടി നോട്ടിഫിക്കേഷനുകള്‍

പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകള്‍ മാത്രം എടുത്തുകാണിക്കുന്ന എഐ അധിഷ്ടിത ഫീച്ചറാണ് പ്രിയോറിട്ടി നോട്ടിഫിക്കേഷനുകള്‍. നിലവില്‍ ഐഫോണ്‍ 15 പ്രോയിലും ശേഷം പുറത്തിറങ്ങിയ ഐഫോണുകളിലും മാത്രം ലഭിക്കുന്ന ഈ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റില്‍ എല്ലാ ഐഫോണുകളിലുമെത്തും എത്തും. പുതിയ രീതിയില്‍ നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാന്‍ ഈ സംവിധാനത്തിനാവും. സെറ്റിങ്‌സ് വഴി ഏതെല്ലാം ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. 

ആംബിയന്റ് മ്യൂസിക്

ആംബിയന്റ് മ്യൂസിക് ഫീച്ചര്‍ വഴി പുതിയ നാല് ടോഗിള്‍ ബട്ടനുകള്‍ കണ്‍ട്രോള്‍ സെന്ററില്‍ വരും. ആപ്പിള്‍ മ്യൂസിക്കിലെ പ്ലേ ലിസ്റ്റുകളുമായി ഈ ബട്ടനുകള്‍ ബന്ധിപ്പിക്കാം. മുന്‍കൂട്ടി നിശ്ചയിച്ച പ്ലേ ലിസ്റ്റുകള്‍ ഈ ബട്ടനുകള്‍ ടാപ്പ് ചെയ്യുന്നത് വഴി കേള്‍ക്കാനാവും. ആക്ഷന്‍ ബട്ടനിലും കണ്‍ട്രോള്‍ സെന്ററിലും ഈ ഫീച്ചര്‍ ഉപയോഗിക്കാം. 

പുതിയ ഇമോജി

ഏഴ് പുതിയ ഇമോജികളാണ് പുതിയ അപ്‌ഡേറ്റിലൂടെ ലഭിക്കുക. കണ്ണിന് താഴെ കറുത്ത പാടുള്ള ഇമോജി ഫേസ്, വിരലടയാളം, ഇലയില്ലാത്ത മരം, പച്ചക്കറി കിഴങ്ങ് , ഹാര്‍പ്പ്, സ്പ്ലാറ്റര്‍ എന്നീ ഇമോജികളാണ് എത്തുക. 

ആപ്പിള്‍ ന്യൂസ് പ്ലസ് ഫുഡ്

ആപ്പിള്‍ ന്യൂസ് പ്ലസ് ആപ്പില്‍ ഫുഡ് എന്നൊരു പുതിയ സെക്ഷന്‍ ആരംഭിക്കും. വിവിധ വെബ്‌സൈറ്റുകളില്‍ നിന്നുള്ള റെസിപ്പികള്‍ ഈ സെക്ഷനില്‍ കാണാം. ഈ ആപ്പ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. 

Content Highlights: iOS 18.4 Update New Features for Indian iPhone Users