സ്ലീപ്പ് അപ്നിയ തിരിച്ചറിയും, ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായി 18.1 ബീറ്റാ അപ്‌ഡേറ്റ് എത്തി

ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ഐഒസ് 18.1 ബീറ്റാ അപ്‌ഡേറ്റ് ആപ്പിള്‍ പുറത്തിറക്കി. വിവിധ പുതിയ ഫീച്ചറുകളും പരിഷ്‌കാരങ്ങളുമായാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് കമ്പനി നിരവധി സുരക്ഷാ ബഗ് അപ്‌ഡേറ്റുകളുമായി ഐഒഎസ് 18.0.1 അവതരിപ്പിച്ചത്.
ഐഒഎസ് 18.1 അപ്‌ഡേറ്റിലെ പുതിയ ഫീച്ചറുകള്‍
കണ്‍ട്രോള്‍ സെന്ററില്‍ എയര്‍ഡ്രോപ്പ്, സാറ്റലൈറ്റ് ഫീച്ചറുകള്‍ക്കായി പുതിയ ടോഗിള്‍ ബട്ടനുകള്‍ അവതരിപ്പിച്ചു. നേരത്തെ ഇവ കണക്ടിവിറ്റി സെക്ഷനുള്ളിലാണ് നല്‍കിയിരുന്നത്. പ്രത്യേക ടോഗിള്‍ ബട്ടണ്‍ വരുന്നതോടെ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഇവ കൂടുതല്‍ എളുപ്പത്തില്‍ ആക്ടിവേറ്റ് ചെയ്യാനാവും.
പുതിയ അപ്‌ഡേറ്റിനൊപ്പം മെഷര്‍, ലെവല്‍ എന്നീ പുതിയ ഫീച്ചറുകളും ഐഫോണുകളില്‍ എത്തും.
നോട്ടിഫിക്കേഷന്‍ സമ്മറീസ് ഫീച്ചറും ആപ്പിള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോക്ക് സ്‌ക്രീനില്‍ നോട്ടിഫിക്കേഷനുകളുടെ എണ്ണവും പ്രദര്‍ശിപ്പിക്കും. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചര്‍ കുടിയാണിത്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി നോട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യാനാവും. ആപ്പിള്‍ മ്യൂസിക് ട്രാക്കുകള്‍ നേരിട്ട് ടിക് ടോക്കില്‍ പങ്കുവെക്കാനാവുമെന്നതാണ് മറ്റൊരു അപ്‌ഡേറ്റ്.
ഇത്തവണ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണിലെ പുതുമയുള്ള ഫീച്ചറുകളില്‍ ഒന്നാണ് സ്ലീപ്പ് അപ്നിയ തിരിച്ചറിയാനുള്ള ഫീച്ചര്‍. ആപ്പിള്‍ വാച്ച് സീരീസ് 10മായി ബന്ധപ്പെട്ട ഫീച്ചര്‍ ആണിത്. ഈ ഫീച്ചര്‍ ഉറക്കത്തിനിടെ ഉപഭോക്താക്കളുടെ ശ്വസന പ്രക്രിയ നിരീക്ഷിക്കുകയും സ്ലീപ്പ് അപ്നിയ എന്ന ആരോഗ്യപ്രശ്‌നം ഉണ്ടെങ്കില്‍ കണ്ടെത്തുകയും ചെയ്യും. ഹെല്‍ത്ത് ആപ്പിലാണ് ഈ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുക.
ആപ്പ് സ്റ്റോറിലെ സെര്‍ച്ച് സംവിധാനം നിര്‍മിതബുദ്ധി ഉപയോഗിച്ച് പരിഷ്‌കരിച്ചു. നാച്ചുറല്‍ ലാംഗ്വേജ് പ്രൊസസിങിലൂടെ കൂടുതല്‍ വിശദമായി എഴുതി ആപ്പുകള്‍ തിരയാന്‍ സാധിക്കും.
ബീറ്റാ ടെസ്റ്റര്‍മാര്‍ക്കാണ് ഐഒഎസ് 18 ബീറ്റാ അപ്‌ഡേറ്റ് ലഭിക്കുക. ഐഒഎസ് 18 ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും അപ്‌ഡേറ്റ് ലഭിക്കും.
Content Highlights: Apple releases iOS 18.1 beta with new features