പോപ്‌കോണ്‍ വിതരണത്തിനും ഒപ്റ്റിമസ്; ഇതൊക്കെ സാധാരണ കാഴ്ചയാകുമെന്ന് മസ്‌ക്

റോബോട്ട് നിര്‍മ്മാണത്തിലുള്ള മുന്‍തൂക്കംകൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന കമ്പനിയാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല. 2022-ല്‍ ഹ്യുമനോയിഡ് റോബോട്ടുകളെ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത് മുതല്‍ ഒപ്റ്റിമസ് എന്ന റോബോട്ട് മനുഷ്യരെ അത്ഭുതപ്പെടുത്തുകയാണ്. ടി-ഷര്‍ട്ട് മടക്കിവെച്ചും മനുഷ്യനെപ്പോലെ നൃത്തചെയ്തും സജീവമായിരുന്ന ഒപ്റ്റിമസിന്റെ പുതിയ ജോലിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.'പോപ്‌കോണ്‍ വില്‍പ്പനയാണ്' പുതിയ ജോലി.
ഒപ്റ്റിമസ് പോപ്കോണ്‍ പായ്ക്കറ്റ് രണ്ട് പകര്‍ച്ചയില്‍ നിറയ്ക്കുന്നതും മുന്നിലുള്ള ആള്‍ക്ക് കൈമാറുന്നതും നന്ദി അറിയിച്ചു കൊണ്ട് കൈ വീശുന്നതും വീഡിയോയില്‍ കാണാം. സാധാരണ ഒരു മനുഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ സമയമെടുത്താണ് ഒപ്റ്റിമസ് പോപ്കോണ്‍ നിറയ്ക്കുന്നതെങ്കിലും ജോലി വളരെ വൃത്തിയായിട്ടാണ് ചെയ്യുന്നത്. ലോസ് ആഞ്ജലിസിലെ ഹോളിവുഡിനടുത്തുള്ള ടെസ്‌ല ഡൈനര്‍ ആന്‍ഡ് സൂപ്പര്‍ചാര്‍ജര്‍ സ്റ്റേഷനിലാണ് ഒപ്റ്റിമസ് പോപ്കോണ്‍ വിതരണം ചെയ്യുന്നത്.
കുറഞ്ഞ കാലയളവില്‍ ഇത്തരം കാഴ്ചകള്‍ സാധാരണ സംഭവമായി മാറുമെന്നാണ് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന്റെ അഭിപ്രായം. ദൈനംദിന ജീവിതത്തില്‍ ഹ്യുമനോയിഡ് റോബോട്ടുകള്‍ പലരീതിയില്‍ ഭാഗമാവും. കുട്ടികളെ നോക്കാനും, വളര്‍ത്തുമൃഗങ്ങളെ നടക്കാന്‍ കൊണ്ടുപോകാനുമൊക്കെ ഭാവിയില്‍ റോബോട്ടുകള്‍ ഉണ്ടാകും.
2021-ല്‍ ബോട്ട് എന്ന ആശയം അവതരിപ്പിച്ച ടെസ്‌ല പിന്നീട് അതിനെ ഒപ്റ്റിമസ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു. 2022-ലാണ് നടക്കാന്‍ സാധിക്കുന്ന ഒപ്റ്റിമസിന്റെ ആദ്യരൂപം പുറത്തിറക്കിയത്. കഴുവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി റോബോട്ട് സാധനങ്ങള്‍ ഉയര്‍ത്തുകയും ചെടികള്‍ നനയ്ക്കുകയും ചെയ്തിരുന്നു. 2026- ആകുമ്പോഴേക്കും ഒപ്റ്റിമസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പന ആരംഭിക്കുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിട്ടുള്ളത്. പല പരിമിതികളും ഒപ്റ്റിമസ് നേരിടുന്നുണ്ടെങ്കിലും സംരംഭവുമായി മുന്നോട്ട് പോകാനാണ് മസ്‌കിന്റെ തീരുമാനം. സ്മാര്‍ട്ട് ഫോണ്‍ പോലെ ഹ്യുമനോയിഡ് റോബോര്‍ട്ടുകള്‍ വ്യാപകമാവുന്ന മസ്‌കിന്റെ സ്വപനം യാഥാര്‍ത്ഥ്യമാവുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണ് പോപ്കോണ്‍ വിതരണം ചെയ്യുന്ന ഒപ്റ്റിമസ്.
Content Highlights: Tesla`s Optimus humanoid robot skillfully serve popcorn, hinting at a future with humanoid robots