'വസ്ത്രമില്ലാത്ത ചിത്രം സൃഷ്ടിച്ചു'; ഗ്രോക്കിനെതിരെ ആഷ്‌ലി സെന്റ് ക്ലെയറും, നിയമനടപടിക്ക് നീക്കം

#ടെക്‌നോളജി ഡെസ്‌ക്
ആഷ്‌ലി സെന്റ് ക്ലെയര്‍ | Photo - Ashley St. Clair\instagram
ആഷ്‌ലി സെന്റ് ക്ലെയര്‍ | Photo - Ashley St. Clair\instagram

വ്യാപക വിമർശനം നേരിടുകയാണ് ഇലോൺ മസ്‌കിന്റെ ഗ്രോക്ക്. യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ എഐ ചാറ്റ്‌ബോട്ട് സൃഷ്ടിക്കുന്നു എന്നാണ് പരാതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനം ഉയരുന്നതിനിടെ ഇത്തരം ചിത്രങ്ങൾ ഉടനടി നീക്കണമെന്നും അവ സൃഷ്ടിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരും ഗ്രോക്കിന് നോട്ടീസയച്ചിരുന്നു.

അതിനിടെ, ഇലോൺ മസ്‌കുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ പേരിൽ ശ്രദ്ധനേടിയ എഴുത്തുകാരിയും ഇൻഫ്‌ളുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയറും ഗ്രോക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വിവസ്ത്രമാക്കപ്പെട്ട നിലയിലുള്ള തന്റ ചിത്രങ്ങൾ അനുമതിയില്ലാതെ ഗ്രോക്ക് സൃഷ്ടിച്ചുവെന്നും. ഇതിൽ പ്രായപൂർത്തിയാകുന്നതിന് മുമ്പ് എടുത്ത ചിത്രങ്ങളും ഉൾപ്പെടുന്നുവെന്നുമാണ് ആഷ്‌ലിയുടെ പരാതി.

എക്‌സ് പോസ്റ്റുകളിലൂടെയാണ് അവർ ഗ്രോക്കിനെതിരെ രംഗത്തെത്തിയത്. തന്റെ ഫോട്ടോകൾ ഗ്രോക്ക് വിവസ്ത്രമാക്കിയെന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ എഐ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെട്ടെന്നും കോളമിസ്റ്റുകൂടിയായ അവർ ആരോപിച്ചു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമ്പോഴും അനുചിതമായ ചിത്രങ്ങൾ എക്‌സിൽ ലഭ്യമാണെന്നും അവർ പറയുന്നു. ഇലോൺ മസ്‌കാണ് തന്റെ കുട്ടിയുടെ അച്ഛനെന്ന് വെളിപ്പെടുത്തി ആഷ്‌ലി സെന്റ് ക്ലെയർ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ മസ്‌ക് അത് നിഷേധിച്ചിരുന്നു. പിന്നാലെയാണ് ഗ്രോക്കിനെതിരെ അവർ രംഗത്തെത്തുന്നത്.

തന്റെ അനുമതിയില്ലാത്ത ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കില്ലെന്ന് ഗ്രോക്ക് പലതവണ പറഞ്ഞുവെങ്കിലും വാക്ക് പാലിച്ചില്ലെന്ന് ആഷ്‌ലി പറയുന്നു. എക്‌സ് എഐക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അവർ പറയുന്നത്. തനിക്ക് 14 വയസുള്ളപ്പോൾ എടുത്ത ചിത്രങ്ങളടക്കം ഇത്തരത്തിൽ വിവസ്ത്രയാക്കിയ നിലയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു. ഒരു ഉപയോക്താവ് ഉപയോക്താവ് നൽകിയ നിർദ്ദേശപ്രകാരമാണ് ഗ്രോക്ക് ബിക്ക്‌നി ധരിച്ച നിലയിലുള്ള അവരുടെ ചിത്രം സൃഷ്ടിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.പ്രായപൂർത്തിയാകാത്ത ഒരാളെ ലൈംഗികച്ചുവയോടെ വിവസ്ത്രയാക്കി അവതരിപ്പിക്കുകയാണ്.ഗ്രോക്കിന്റെ നടപടികൾ ഭയപ്പെടുത്തുന്നതാണെന്നും അവർ മറ്റൊരു പോസ്റ്റിൽ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുചിതമായ ചിത്രങ്ങളുടെ പേരിൽ വിമർശനം നേരിടുകയാണ് ഗ്രോക്ക്. മോശമായ രീതിയിൽ സ്ത്രീകളെ ചിത്രീകരിക്കുന്ന തരത്തിലുള്ളവയായിരുന്നു അവയിൽ ഭൂരിഭാഗവും. ചില ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഗ്രോക്ക് അവ സൃഷ്ടിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 'ഈ സ്ത്രീയെ ബിക്കിനിയിൽ നിർത്തു' 'ഈ സ്ത്രീയെ വിവസ്ത്രയാക്കൂ' എന്ന തരത്തിലുള്ള ഉപയോക്താക്കളുടെ നിർദേശങ്ങൾ ഗ്രോക്ക് അതേപടി അനുസരിക്കുന്നു എന്നാണ് പരാതി

Content Highlights: Elon Musk`s Grok AI is under fire for generating inappropriate content and undressing users` photos without consent, including Ashley St Clair`s images. Learn more about the controversy