സ്വന്തം അശ്ലീല ദൃശ്യങ്ങളും ഡീപ്പ് ഫെയ്ക്കും സെർച്ചിൽ നിന്ന് നീക്കം ചെയ്യാം- സൗകര്യമൊരുക്കി ഗൂഗിൾ

#ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ഉള്ളടക്കങ്ങൾക്കും ഡീപ്പ് ഫേക്കുകൾക്കും എതിരെ ഐടി നിയമങ്ങൾ കർശനമാക്കുകയാണ് കേന്ദ്രസർക്കാർ. എ.ഐ. നിർമിത ഉള്ളടക്കങ്ങൾക്ക് ലേബൽ നൽകുന്നതും ഡീപ്പ് ഫെയ്ക്ക് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി കുറച്ചതും ഉൾപ്പെടെയുള്ള നടപടികൾ അക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ സെർച്ച് റിസൽറ്റുകളിൽനിന്ന് അശ്ലീല ചിത്രങ്ങളും വ്യക്തിപരമായ രഹസ്യവിവരങ്ങളും നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്ന പുതിയ ടൂളുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ.

പരിഷ്കരിച്ച സെർച്ച് സംവിധാനത്തിന്റെ സഹായത്തോടെ ഡീപ്പ് ഫെയ്ക്ക് ഉൾപ്പെടെയുള്ള അശ്ലീല ഉള്ളടക്കങ്ങളുടെ ഇരകളായവർക്ക് അവ പരാതിപ്പെടാൻ സാധിക്കുമെന്നും തങ്ങളെക്കുറിച്ച് ഓൺലൈനിൽ ലഭ്യമാകുന്ന വിവരങ്ങളിൽ നേരിട്ട് നിയന്ത്രണം ഉറപ്പാക്കാനും പുതുക്കിയ സെർച്ച് സംവിധാനം സഹായിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കി.

പുതിയ സംവിധാനത്തിലൂടെ വ്യക്തികൾക്ക് സെർച്ച് റിസൽട്ടുകളിൽനിന്ന് നേരിട്ട് അവരുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ടൂളിന്റെ പ്രവർത്തനം ഇങ്ങനെ:

  • സെർച്ച് റിസൽട്ടിന് അടുത്തുള്ള ത്രീ ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന മെനുവിൽനിന്ന് 'റിമൂവ് റിസൽട്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • വിവരം നീക്കം ചെയ്യാനുള്ള കാരണം വ്യക്തമാക്കാൻ ഗൂഗിൾ ആവശ്യപ്പെടും. ചിത്രം അശ്ലീലമോ സ്വകാര്യമോ ആണെങ്കിൽ, തന്റെ ലൈംഗിക ദൃശ്യങ്ങളാണ് അതെന്ന് വ്യക്തമാക്കുന്ന ഓപ്ഷൻ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

ഒരൊറ്റ അപേക്ഷയിലൂടെ തന്നെ ഒന്നിലധികം ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. മുൻപ് ഓരോ ലിങ്കും ചിത്രവും പ്രത്യേകം റിപ്പോർട്ട് ചെയ്യണമായിരുന്നു. പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ഒരേസമയം ഒന്നിലധികം സെർച്ച് റിസൽറ്റുകൾ തിരഞ്ഞെടുത്ത് റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

  • അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, 'റിസൽട്ട്സ് എബൗട്ട് യു' ഹബ്ബിലൂടെ നിങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പുരോഗതി നിരീക്ഷിക്കാനാകും. വിവരങ്ങളുടെ അപ്ഡേറ്റുകൾ അറിയാനും ഇവിടെ സൗകര്യമുണ്ട്.

ഗൂഗിൾ ഒരു റിമൂവൽ റിക്വസ്റ്റ് അംഗീകരിച്ചുകഴിഞ്ഞാൽ, ഉപയോക്താവിന്റെ പേരുമായി ബന്ധപ്പെട്ട ഭാവിയിലെ സെർച്ചുകളിൽ സമാനമായ അശ്ലീല ഉള്ളടക്കങ്ങൾ വരാതിരിക്കാനുള്ള ഫിൽട്ടറിങ് സംവിധാനവും ഒരുക്കാനാവും. എ.ഐ. ഡീപ്പ് ഫെയ്ക്കുകൾ മറ്റ് രൂപങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും.

എ.ഐ. ഉപയോഗിച്ച് നിർമിച്ച ഡീപ്പ് ഫെയ്ക്കുകൾ വിവിധ രൂപങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള കേസുകളിലാണ് ഈ അപ്ഡേറ്റ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അശ്ലീല ഉള്ളടക്കങ്ങൾക്ക് പുറമെ, സർക്കാർ തിരിച്ചറിയൽ രേഖകൾ, വീട്ടുപേര്, ഫോൺ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാനുള്ള സൗകര്യവും ഗൂഗിൾ എത്തിക്കുന്നു. ഇത്തരം വിവരങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടാൽ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.

എന്നാൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിനായ ഗൂഗിളിന്റെ സെർച്ച് റിസൽട്ടുകളിൽനിന്ന് മാത്രമാണ് ഇത് നീക്കം ചെയ്യപ്പെടുക. ആ ഉള്ളടക്കം പ്രസിദ്ധീകരിച്ച വെബ്സൈറ്റുകളിൽ അത് തുടർന്നും ഉണ്ടാവും. അവ നീക്കം ചെയ്യാൻ പ്രസ്തുത വെബ്സൈറ്റ് പ്ലാറ്റ്‌ഫോമുകളെത്തന്നെ സമീപിക്കേണ്ടി വരും. എന്നാൽ സെർച്ച് റിസൽറ്റുകളിൽ അവ വരാതിരിക്കാനും അതുവഴി അത് കൂടുതൽ പേരിലേക്ക് എത്താതിരിക്കാനും ഗൂഗിളിന്റെ പുതിയ സെർച്ച് സംവിധാനം സഹായിക്കും.

ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ ഈ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ഗൂഗിൾ ഘട്ടംഘട്ടമായി നടപ്പിലാക്കി വരികയാണ്.

Content Highlights: Worried About Deepfakes? Here’s How Google’s New Update Helps You Delete Them Easily