എല്ലാവരും ഗെയിം കളിച്ചിരിക്കട്ടെ; ഗൂഗിള്‍ സ്റ്റേഡിയ രണ്ട് മാസത്തേക്ക് സൗജന്യം

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ക്ലൗഡ് ഗെയിമിങ് സേവനമായ സ്‌റ്റേഡിയ പ്രോ രണ്ട് മാസത്തേക്ക് സൗജന്യമായി നല്‍കുമെന്ന് ഗൂഗിളിന്റെ പ്രഖ്യാപനം. 14 രാജ്യങ്ങളിലാണ് സ്റ്റേഡിയ സൗജന്യമായി ലഭിക്കുക. ഇതിനായി പ്രവേശന ഫീസായ 130 ഡോളര്‍ (9879.35 രൂപ) ഒഴിവാക്കി. ലോക്ക്ഡൗണ്‍ കാലത്ത് ആളുകളെ വീട്ടില്‍ തന്നെയിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 

സ്റ്റേഡിയ പ്രോയില്‍ അക്കൗണ്ട് തുടങ്ങുന്നര്‍ക്കെല്ലാം രണ്ട് മാസത്തേക്ക് സ്‌റ്റേഡിയയിലെ ഒമ്പത് ഗെയിമുകള്‍ സൗജന്യമായി കളിക്കാം. ഗ്രിഡ്, ഡെസ്റ്റിനി 2: ദി കളക്ഷന്‍, തമ്പര്‍ പോലുള്ള ഗെയിമുകള്‍ അക്കൂട്ടത്തിലുണ്ടാവും. 

ഇഷ്ടമുള്ള ഗെയിമുകള്‍ വാങ്ങാനും സാധിക്കും. സ്റ്റേഡിയ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിച്ചാലും ഈ ഗെയിമുകള്‍ നിങ്ങള്‍ക്ക് സ്വന്തമാവും. 

നേരത്തെ തന്നെ പണം നല്‍കി സ്റ്റേഡിയ പ്രോ വരിക്കാരായവരില്‍ നിന്നും അടുത്ത രണ്ട് മാസത്തേക്ക് പണമീടാക്കില്ല. അതിന് ശേഷം പ്രതിമാസം 9.99 ഡോളര്‍ (759 രൂപ) നിരക്കില്‍ ഈടാക്കും. എന്നാല്‍ ഏത് സമയവും ഈ സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കാവുന്നതാണ്. 

നിങ്ങള്‍ പുതിയ ഉപയോക്താവാണ് എങ്കില്‍, Stadia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൈന്‍ അപ്പ് ചെയ്യുകയോ, സ്‌റ്റേഡിയയുടെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തോ ലാപ് ടോപ്പ്, ഡെസ്‌ക്ടോപ്പ്, ക്രോം ഓഎസ് ടാബ്‌ലെറ്റ് എന്നിവയിലോ കളിക്കാം. 

അതേസമയം വര്‍ധിച്ചുവരുന്ന ആവശ്യകതമൂലം ഇന്റര്‍നെറ്റിലുണ്ടാവുന്ന ഭാരം ക്രമീകരിക്കാന്‍ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്‌റ്റേഡിയയ്ക്ക് വേണ്ടി ബാന്‍ഡ് വിഡ്ത് ക്രമീകരിക്കാറുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു. ഡിഫോള്‍ട്ട് സ്‌ക്രീന്‍ റസലൂഷന്‍ 4കെയില്‍ നിന്നും 1080 പിക്‌സല്‍ ആക്കി ചുരുക്കാനും ശ്രമിക്കുന്നുണ്ട്. 

Content Highlights: Google makes Stadia Pro free for 2 months in 14 countries

Content Highlights: