ഗൂഗിള്‍ തലപ്പത്ത് വന്‍ മാറ്റം പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് സന്ദേശമയച്ച് സുന്ദര്‍ പിച്ചൈ

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ |ഫോട്ടോ:AP
ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ |ഫോട്ടോ:AP

കാലിഫോര്‍ണിയ: സെര്‍ച്ച് ഭീമന്‍മാരായ ഗൂഗിളിന്റെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍. നേതൃമാറ്റം സംബന്ധിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് മെമ്മോ അയച്ചു. കമ്പനിയില്‍ ദീര്‍ഘകാലമായി സെര്‍ച്ച് ആന്‍ഡ് ആഡ്‌സ് മേധാവിയായിരുന്ന പ്രഭാകര്‍ രാഘവനെ ചീഫ് ടെക്‌നോളജിസ്റ്റായി നിയമിച്ചു. നിക്ക് ഫോക്‌സാണ് പുതിയ സെര്‍ച്ച് മേധാവി. 

'കരിയറില്‍ വലിയ കുതുപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകര്‍ തന്നെ തീരുമാനിച്ചു' പുതിയ നേതൃമാറ്റം സംബന്ധിച്ച് സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ കുറിച്ചു. പുതിയ റോളില്‍, അദ്ദേഹം എന്നോട് അടുത്ത പങ്കാളിയാകുമെന്നും ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മത്സരത്തില്‍ കൂടുതല്‍ വേഗത്തില്‍ നീങ്ങാന്‍ ഗൂഗിള്‍ അതിന്റെ ടീമുകളെ പുനഃസംഘടിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് നേതൃതലത്തിലെ മാറ്റം. രാഘവന്റെ കീഴില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ടീമംഗമാണ് പുതിയ സെര്‍ച്ച് ആഡ്‌സ് മേധാവിയായിട്ടുള്ള നിക്ക് ഫോക്‌സ്. സെര്‍ച്ച്, പരസ്യങ്ങള്‍, വാണിജ്യ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗൂഗിളിന്റെ നോളജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തെ അദ്ദേഹം നയിക്കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

2003 മുതല്‍ ഗൂഗിള്‍ ജീവനക്കാരനായ ഫോക്സ് സമീപ വര്‍ഷങ്ങളില്‍ കമ്പനി ഉത്പന്നങ്ങളുടെയും ഡിസൈനിന്റെയും വൈസ് പ്രസിഡന്റായാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം മുമ്പ് കമ്പനിയുടെ പരസ്യ ബിസിനസ് യൂണിറ്റില്‍ ജോലി ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഗൂഗിളിന്റെ എഐ ഉത്പന്നങ്ങളുടെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതില്‍ പ്രഭാകറുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിച്ചുവെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു.

Content Highlights: Google CEO names new search and ads boss-slides predecessor to role of chief technologist