സുപ്രധാന നയംമാറ്റത്തിന് ഗൂഗിൾ; ആപ്പ് ഡെവലപ്പർമാർക്ക് ആശങ്ക, നീക്കത്തിന് പിന്നിലെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

പ്ലേ സ്റ്റോറുമായി ബന്ധപ്പെട്ട സുപ്രധാന നയം മാറ്റത്തിനൊരുങ്ങി ഗൂഗിൾ. അടുത്ത വർഷം മുതൽ ആപ്പ് ഡെവലപ്പർമാർ അവരുടെ മേൽവിലാസവും ഫോൺ നമ്പറും പരസ്യമായി പ്രദർശിപ്പിക്കേണ്ടി വരും. സ്വതന്ത്ര ആൻഡ്രോയിഡ് ആപ്പ് ഡെവലപ്പർമാർക്കിടയിൽ കടുത്ത സ്വകാര്യതാ ആശങ്കകൾ ഉയർത്തുന്നതാണ് ഗൂഗിളിന്റെ നയംമാറ്റമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

യൂറോപ്യൻ യൂണിയന്റെ (ഇയു) ഡിജിറ്റൽ സർവീസ് ആക്ടിലെ ചട്ടങ്ങൾ പാലിക്കുന്നതിനാണ് ഈ നയം മാറ്റം. എന്നാൽ ആപ്പ് ഡെവലപ്പർമാരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ യൂറോപ്പിൽ മാത്രമല്ല, ലോകമെമ്പാടും പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചതായി 'ദി വെർജ്' റിപ്പോർട്ട് ചെയ്യുന്നു. ഈ നിലപാടാണ് ആശങ്ക ഉയർത്തുന്നത്.

'ട്രേഡർ' ആണോ എന്ന് വെളിപ്പെടുത്തണം

യുകെയിലെയും യൂറോപ്യൻ യൂണിയന്റെയും നിയമം പാലിക്കുന്നതിനായി തങ്ങൾ ഒരു 'വ്യാപാരി' (ട്രേഡർ) ആണോ എന്ന് വെളിപ്പെടുത്താൻ ആപ്പ് ഡെവലപ്പർമാർക്ക് ഗൂഗിൾ 2027 ഫെബ്രുവരി 1 വരെ സമയം നൽകിയിട്ടുണ്ട്. ആപ്പുകളിൽ നിന്ന് വരുമാനം നേടുന്ന ഏതൊരാളും വ്യാപാരി എന്ന വിഭാഗത്തിൽപ്പെടുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.

ആപ്പുകൾ തികച്ചും വാണിജ്യേതര സ്വഭാവമുള്ളതോ ഹോബി പ്രോജക്ടുകളോ ആണെങ്കിൽ അവയുടെ ഡെവലപ്പർമാർ ട്രേഡർ എന്ന വിഭാഗത്തിൽ വരില്ല. തങ്ങളുടെ ആപ്പ് യുകെയിലോ യൂറോപ്പിലോ ഉള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കാത്ത ഡെവലപ്പർമാരും തങ്ങളുടെ മേൽവിലാസം അടക്കമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ല. വ്യാപാരികളായി സ്വയം പ്രഖ്യാപിക്കുന്ന ഡെവലപ്പർമാരുടെ ഫോൺ നമ്പറും വിലാസവും മാർച്ച് 1 മുതൽ ഗൂഗിൾ പരസ്യമായി പ്രദർശിപ്പിക്കും.

സ്വകാര്യതാ ആശങ്കയ്ക്ക് പിന്നിലെന്ത്?

മേൽവിലാസം അടക്കമുള്ള വിവരങ്ങൾ ഗൂഗിൾ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്വതന്ത്ര ഡെവലപ്പർമാർക്ക് ആശങ്ക സൃഷ്ടിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുകയും സ്വന്തമായി ഓഫീസ് ഇല്ലാത്തവരുമായ സ്വതന്ത്ര ഡെവലപ്പർമാരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. ഒന്നുകിൽ അവർ സ്വന്തം വീട്ടു വിലാസം ഇന്റർനെറ്റിൽ പരസ്യപ്പെടുത്തേണ്ടിവരും. അല്ലെങ്കിൽ ബിസിനസ്സ് വിലാസം നൽകുന്ന മൂന്നാം കക്ഷി സേവനങ്ങൾക്കോ ഓഫീസ് വാടകയ്‌ക്കെടുക്കുന്നതിനോ പണം മുടക്കേണ്ടി വരും. ഗൂഗിളിന്റെ ഈ നിയമം പാലിക്കാൻ വേണ്ടി മാത്രം ഒരു പ്രൈവറ്റ് ഓഫീസ് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഒരു സ്വതന്ത്ര ഡെവലപ്പർ മാധ്യമങ്ങളോട് പറഞ്ഞു.

ആപ്പിളിന്റെ നയം വ്യത്യസ്തം

ഇതുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന്റെ സമീപനം ഡെവലപ്പർമാർക്ക് കൂടുതൽ സ്വകാര്യത നൽകുന്നുണ്ട്. ഇതേ യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾക്ക് ആപ്പിളും വിധേയമാണെങ്കിലും, ഗൂഗിളിനേക്കാൾ മികച്ച സ്വകാര്യതയാണ് ഐഫോൺ നിർമ്മാതാക്കൾ അവരുടെ ഡെവലപ്പർമാർക്ക് നൽകുന്നത്. ഒന്നാമതായി ഡെവലപ്പർമാരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ലോകമെമ്പാടും പ്രസിദ്ധീകരിക്കുന്നതിന് പകരം, യൂറോപ്യൻ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ആപ്പിൾ ലഭ്യമാക്കുക. രണ്ടാമതായി, പി.ഒ. ബോക്‌സ് വിലാസവുമായി ബന്ധപ്പെട്ട രസീതോ യൂട്ടിലിറ്റി ബില്ലോ നൽകുകയാണെങ്കിൽ, പി.ഒ. ബോക്‌സ് വിലാസം നൽകാൻ ആപ്പിൾ ഡെവലപ്പർമാരെ അനുവദിക്കുന്നുണ്ട്.

Content Highlights: Google mandates public display of physical address and phone number for monetization developers., Policy stems from EU Digital Services Act but applies worldwide., Deadline for trader declaration is February 1, 2027, with public display starting March 1., Independent developers working from home face privacy risks due to PO box restrictions.