സിഡികളും വിനൈൽ റെക്കോഡുകളും തിരികെ വരുന്നു! ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ട്, കേരളത്തിലും തരംഗം

വിനൈൽ | Photo- Gettyimages
വിനൈൽ | Photo- Gettyimages

പഴയകാല സാങ്കേതിക വിദ്യകളോട് വല്ലാത്തൊരു ഗൃഹാതുരത്വമുണ്ട് എൺപതുകളിലെയും തൊണ്ണൂറുകളിലെയും തലമുറകൾക്ക്. ഗ്രാമഫോണുകളും, ടേപ്പ് റെക്കോഡറുകളും, സിഡി പ്ലെയറുകളും കാസറ്റും, സിഡിയുമെല്ലാം വിനോദ വിപണിയെ അടക്കിവാണിരുന്ന കാലമാണിത്. ഇന്റർനെറ്റിന്റെ വികാസത്തോടെ അതെല്ലാം മൺമറഞ്ഞു. സിനിമയും പാട്ടുകളുമെല്ലാം ഓൺലൈനായി കിട്ടും. എന്നാൽ ആഗോള തലത്തിൽ അത്തരത്തിലുള്ള പഴയകാല സാങ്കേതിക ഉപകരണങ്ങളുടെ വിൽപ്പനയിൽ വർധനവുണ്ടാകുന്നതായാണ് പുതിയ റിപ്പോർട്ട്.

റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (RIAA) റിപ്പോർട്ട് പ്രകാരം 2026-ന്റെ ആദ്യ പകുതിയിൽ സിഡി വിൽപ്പനയിലൂടെ 171.1 മില്യൺ ഡോളർ വരുമാനം ലഭിച്ചുവെന്നാണ് കണക്ക്. ഇത് 2025-ലെ ആദ്യ പകുതിയിലെ വരുമാനത്തെക്കാൾ (107.9 മില്യൺ ഡോളർ) 58.6% കൂടുതലാണ്. ഈ കാലയളവിൽ വിറ്റഴിച്ച സിഡികളുടെ എണ്ണം 45.7% വർധിച്ച് 17.5 മില്യണിൽ എത്തി. 2025-ൽ സിഡി വിൽപ്പനയിൽ ഇടിവുണ്ടായതിന് ശേഷമാണ് ഈ അപ്രതീക്ഷിത വളർച്ച ഉണ്ടായത്.

സിഡി മാത്രമല്ല ഫീച്ചർ ഫോണുകളെന്നും ഡംബ് ഫോണുകളെന്നും വിളിക്കുന്ന സാധാരണ കീപ്പാഡ് ഫോണുകൾ, ഡിജിറ്റൽ ക്യാമറകൾ, ടൈപ്പ്റൈറ്ററുകൾ, ലാൻഡ് ലൈനുകൾ, വിനൈൽ റെക്കോഡുകൾ തുടങ്ങിയവയ്ക്കും സമീപകാലത്തായി വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ആഗോള തലത്തിൽ ഈ പ്രതിഭാസം പ്രകടമാണെന്നും ടെക് ക്രഞ്ച് റിപ്പോർട്ടിൽ പറയുന്നു.

കോംപാക്ട് ഡിസ്കുകൾ (സിഡി) | Photo: Gettyimages

ജെൻ സി തലമുറയിലുള്ളവരും ഈ പഴയകാല സാങ്കേതിക വിദ്യകളുടെ ഉപയോക്താക്കളാണ്. തങ്ങൾ അനുഭവിച്ചിട്ടില്ലാത്ത പഴയകാല സാങ്കേതിക വിദ്യകളോടുള്ള ആകർഷണമാണ് ഇതിനുള്ള കാരണങ്ങളിലൊന്ന്. നിരന്തരമായ നോട്ടിഫിക്കേഷനുകൾ, ആസക്തിയുണ്ടാക്കുന്ന ആപ്പുകൾ, വഴിതെറ്റിക്കുന്ന അൽഗൊരിതങ്ങൾ എന്നിവയിൽനിന്ന് മാറി നിൽക്കാനുള്ള ആഗ്രഹവും ഇതിന് കാരണമാണ്.

വിനൈൽ റെക്കോഡുകൾക്ക് കേരളത്തിലും പ്രിയം

എല്ലാ പ്രായത്തിലുള്ളവരും വിനൈൽ റെക്കോഡുകൾ വാങ്ങാനെത്തുന്നുണ്ടെന്ന് വിനൈൽ ഡിസ്കുകളുടെ ഉടമ തിരുവനന്തപുരം ആലങ്കോടുള്ള സ്മാർട്സിറ്റി കടയുടമ നിസാമുദ്ദീൻ പറയുന്നു.

പാട്ടുകളുടെ പകർപ്പാവകാശമുള്ള മിക്ക കമ്പനികളും ഇന്ന് പഴയ സിനിമകളിലെ പാട്ടുകൾ വിനൈൽ പതിപ്പിൽ വിപണിയിലെത്തിക്കുന്നുണ്ട്. സമീപകാലത്തായി ഇതിന് ജനപ്രീതിയേറിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള ലോകത്തെമ്പാടമുള്ള മലയാളികൾ തങ്ങളുടെ പക്കൽനിന്ന് വിനൈൽ വാങ്ങുന്നുണ്ടെന്ന് നിസാമുദ്ദീൻ പറഞ്ഞു.

സ്മാർട് സിറ്റി മ്യൂസിക് സ്റ്റോറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന വിനൈൽ റെക്കോ‍ഡുകൾ | Photo: നിസാമുദ്ദീൻ

“പാട്ടുകളോടുള്ള ഇഷ്ടം തന്നെയാണ് വിനൈലിന് ജനപ്രീതിയേറാനുള്ള പ്രധാന കാരണം. ടേൺ ടേബിൾ എന്ന് വിളിക്കുന്ന വിനൈൽ ഡിസ്കുകൾ പ്രവർത്തിപ്പിക്കുന്ന ഉപകരണം വിപണിയിൽ സുലഭമാണ്. പാട്ടുകൾ സ്വയം പ്രവർത്തിപ്പിക്കാനാവുന്നു എന്നതും ഒപ്പം ആ ഉപകരണം കാണാനും തൊടാനും അറിയാനും സാധിക്കുന്നു എന്നതും ഇതിനോടുള്ള ഇഷ്ടം വർധിക്കാനുള്ള കാരണമാണെന്ന് തോന്നുന്നു.” നിസാമുദ്ദീൻ പറഞ്ഞു.

പഴയകാല വിനൈൽ റെക്കോഡുകളുടെ ശബ്ദനിലവാരം ഇപ്പോഴുള്ളതിനില്ലെങ്കിലും അതിൽ പാട്ട് കേൾക്കുന്നതിന്റെ സുഖം വേറെയാണെന്ന് ആലുവ സ്വദേശിയായ വിപിൻ ദാസ് പറയുന്നു. എംപി3 ആയും ഓൺലൈനായും കേൾക്കുന്ന പാട്ടിന് ഒരു യഥാർഥ ഓഡിയോ സിഡിയുടെയോ വിനൈലിന്റെയോ അനുഭവം നൽകാനാവില്ലെന്നും അതിനാലാണ് ഇപ്പോഴും ഇത്തരം സംവിധാനങ്ങൾ ഇഷ്ടപ്പെടുന്നതെന്നും വിപിൻ പറഞ്ഞു.

തിരുവോണ തരംഗിണി വിനൈൽ റെക്കോഡ് | Photo: Vipin Das, Nisamuddin

മലയാളം പാട്ടുകളുടെ വിനൈൽ റെക്കോഡുകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും ഇത് ധാരാളമായി എത്തുന്നുണ്ട്. അതിൽ മിക്കതും വിപിൻ വാങ്ങാറുണ്ട്. തിരുവോണത്തിന് പുറത്തിറങ്ങിയ തിരുവോണ തരംഗിണിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. വിനൈലിന് പുറമെ വിവിധ കാസറ്റ് പ്ലെയറുകളുടെയും, കാസറ്റുകളുടെയും സിഡികളുടെയും ശേഖരം വിപിൻദാസിന്റെ കൈവശമുണ്ട്. അതേസമയം മലയാളം ഗാനങ്ങളുടെ കാസറ്റുകളും സിഡികളും വിപണിയിൽ ലഭ്യമല്ലെന്നും വിപിൻ പറഞ്ഞു.

വിനൈൽ റെക്കോഡുകളുടെ വിൽപ്പനയിൽ 17.7% വർധനവുണ്ടായിട്ടുണ്ടെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ടിൽ RIAA റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തലമുറകളായി സിഡികളും വിനൈൽ ഡിസ്കുകളും കൈമാറിവരുന്നവരുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. അതുകൂടി കണക്കാക്കിയാൽ ഉപയോക്താക്കളുടെ യഥാർഥ എണ്ണം ഇനിയും വർ‍ധിച്ചേക്കാം.

Content Highlights: Driven by nostalgia and a desire to escape modern digital fatigue, retro technologies like CDs, vinyl records, and dumb phones are making a massive global comeback with a significant surge in sales, a trend that is also finding a passionate collector base in Kerala.