AI-യെ നിയന്ത്രണ വിധേയമാക്കണോ? മുന്നിൽ ഒരു വർഷം മാത്രമെന്ന് നൊബേൽ ജേതാവ്; മുന്നറിയിപ്പിന് പിന്നിലെന്ത്?

നിർമിതബുദ്ധി (എഐ) മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുമെന്ന മുന്നറിയിപ്പ് ഉയർത്തിവിട്ട കോലാഹലങ്ങൾ അവസാനിക്കുന്നില്ല. എഐ ഗവേഷകൻ ജേക്കബ് കോക്‌സണാണ് ഈ വെളിപ്പെടുത്തൽ നടത്തി എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് അടുത്തിടെ രാജിവെച്ചത്. തൊട്ടുപിന്നാലെ മുൻനിര ടെക് കമ്പനികൾ എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാക്കിയിരുന്നു.
എഐ വികസനം മന്ദഗതിയിലാക്കുന്നതിനെ എതിർത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനയുമടക്കം രംഗത്തെത്തി. അതിനിടെ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എഐയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൊബേൽ ജേതാവ് ജെഫ്രി ഹിന്റൺ. എഐ മനുഷ്യന്റെ നിയന്ത്രണങ്ങൾ മറികടന്ന് മുന്നേറുന്നത് തടയണമെങ്കിൽ അതിന് ഇനി ഒരു വർഷം മാത്രമാണ് മുന്നിലുള്ളത് എന്നാണ് ഹിന്റന്റെ മുന്നറിയിപ്പ്.
കാപിറ്റോൾ ഹില്ലിൽ സ്വതന്ത്ര സെനറ്റർ ബേണി സാൻഡേഴ്‌സ് സംഘടിപ്പിച്ച ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹിന്റൺ ഇക്കാര്യം പറഞ്ഞത്. എഐ മനുഷ്യന്റെ നിയന്ത്രണം മറികടക്കുന്നതിന് മുമ്പ് അതിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിയമനിർമ്മാതാക്കൾക്ക് ഇനി ഒരു വർഷം മാത്രമാണ് ബാക്കിയുള്ളതെന്ന് ഹിന്റൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'ഒരുപക്ഷേ ഒരു വർഷം, എന്നാൽ അതിൽക്കൂടുതൽ സമയം ഉണ്ടാകില്ല.' - ഹിന്റൺ പറഞ്ഞു.
മുന്നറിയിപ്പിന് പിന്നിലെന്ത്?
എഐ സ്വന്തമായി കൂടുതൽ മെച്ചപ്പെട്ട എഐ രൂപകൽപ്പന ചെയ്യുന്ന അവസ്ഥയായ റിക്രൂസീവ് സെൽഫ്-ഇംപ്രൂവ്‌മെന്റ് എന്ന ഘട്ടം എത്തിയിരിക്കുന്നു എന്നാണ് ഹിന്റൺ പറയുന്നത്. ഇപ്പോൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇത് നിയന്ത്രണാതീതമായി മാറമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സൂപ്പർ ഇന്റലിജൻസ് യാഥാർഥ്യമാകുന്നതിനുള്ള സമയപരിധി മുൻപ് വിലയിരുത്തപ്പെട്ടതിൽനിന്ന് വളരെയധികം ചുരുങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് ഒരുപക്ഷേ 30 വർഷമോ 50 വർഷമോ ആകാം എന്നായിരുന്നു മുൻപ് കരുതിയിരുന്നത്. പിന്നീട് അത് 10 വർഷമോ 20 വർഷമോ ആയി കുറഞ്ഞു. ഇപ്പോൾ പല ഗവേഷകരും പറയുന്നത് ഏതാനും വർഷങ്ങൾ മാത്രമാണ് ബാക്കിയെന്നാണ്.' - മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ ഉൾപ്പെട്ട 'ഹഗ്ഗിംഗ് ഫെയ്‌സ്' സംഭവത്തെ ഹിന്റൺ ചെർണോബിൽ ദുരന്തത്തിന്റെ ചെറിയ രൂപം എന്നാണ് വിശേഷിപ്പിക്കുന്നത്. 'എഐയുടെ തലതൊട്ടപ്പൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിന്റൺ എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം 2023-ലാണ് ഗൂഗിളിലെ ജോലി ഉപേക്ഷിച്ചത്. തൊട്ടടുത്ത വർഷം അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
Content Highlights: Nobel laureate Geoffrey Hinton warns lawmakers of a one-year window to establish AI guardrails., AI has reached recursive self-improvement, accelerating the timeline to superintelligence., Bipartisan lawmakers expressed deep concern following a closed-door Capitol Hill briefing., Legislative efforts face roadblocks despite warnings from top AI researchers and whistleblowers.