AI-യുടെ യഥാര്‍ഥ അപകടം തൊഴില്‍നഷ്ടമല്ല, വിനാശകരമായ മറ്റൊന്നാണെന്ന് ജെഫ്രി ഹിന്റണ്‍

ടെക് വ്യവസായം നിർമിതബുദ്ധി(എഐ) യെ സമീപിക്കുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് എഐയുടെതലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റൺ. ടെക് കമ്പനികൾ മനുഷ്യരാശിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഫോർച്യൂണിന് നൽകിയ അഭിമുഖത്തിൽ ഹിന്റൺ പറഞ്ഞു. അവർ ഹ്രസ്വകാല ലാഭത്തിനായുള്ള മത്സരത്തിലാണ്. മതിയായ സുരക്ഷാ മുൻകരുതലെടുക്കാതെ സൂപ്പർ ഇന്റലിജന്റ് സിസ്റ്റങ്ങളെ അഴിച്ചുവിടുന്നതിന്റെ പ്രത്യാഘാതം അവഗണിക്കുകയാണെന്നും ഹിന്റൺ കുറ്റപ്പെടുത്തുന്നു.
സമ്മർദ്ദങ്ങളും ഓഹരി ഉടമകളുടെ താത്പര്യങ്ങളുമാണ് നിലവിൽ നിർമിതബുദ്ധിയുടെ മത്സരഗതി നിർണയിക്കുന്നത്. മറിച്ച്, ധാർമ്മികമായ ദീർഘവീക്ഷണമല്ല. കമ്പനികൾ അവരുടെ എതിരാളികളേക്കാൾ വേഗത്തിൽ ശക്തമായ മോഡലുകൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാനുഷിക മൂല്യങ്ങളുമായി ശരിയായ രീതിയിൽ യോജിപ്പിക്കാതെ സൂപ്പർ ഇന്റലിജന്റ്, എഐ സിസ്റ്റങ്ങളെ വിന്യസിച്ചാൽ ഈ മത്സരം വിനാശകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യഥാർത്ഥ അപകടം തെറ്റായ വിവരങ്ങളോ തൊഴിലില്ലായ്മയോ മാത്രമല്ല. മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറം വളരാനുള്ള എഐയുടെ സാധ്യതയാണെന്നും ഹിന്റൺ പറയുന്നു. നമ്മൾ തയ്യാറെടുപ്പ് നടത്തിയിട്ടില്ല. തയ്യാറെടുക്കുന്നതിനായി ശ്രമിക്കുന്നതു പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോഡലുകൾ വികസിപ്പിക്കുന്നതിനും ഉപയോക്തൃ ഡാറ്റ പണമാക്കി മാറ്റുന്നതിനും കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനിടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഉയർത്തുന്ന ഭീഷണി വളരെ കുറച്ച് കമ്പനികൾ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ഈ വെല്ലുവിളിയെ ആണവ നിർവ്യാപനവുമായി താരതമ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തിൽ ആഗോള സഹകരണത്തിനായി ആഹ്വാനം ചെയ്തു.
ഉടമ്പടികളും മേൽനോട്ടവും ധാർമ്മിക മാനദണ്ഡങ്ങളും ആവശ്യമാണ്. എഐ രംഗത്തെ പുരോഗതിയുടെ വേഗം അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനോ മനസ്സിലാക്കാനോ ഉള്ള ശ്രമങ്ങളെ മറികടന്നു. ഗവേഷകരും റെഗുലേറ്റർമാരും ടെക് മേധാവികളും സുരക്ഷ, സുതാര്യത, ദീർഘകാല ചിന്ത എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളിലെ പവർത്തനങ്ങളുടെ പേരിൽ ശ്രദ്ധേയനായ ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും കോഗ്നിറ്റീവ് സൈക്കോളജിസ്റ്റുമാണ് ജെഫ്രി ഹിന്റൺ.ലാർജ് ലാംഗ്വേജ് മോഡലുകൾ(എൽഎൽഎം) ഉൾപ്പെടെയുള്ള ആധുനിക എഐ സാങ്കേതികവിദ്യയുടെ വലിയൊരു ഭാഗത്തിന് അടിത്തറ പാകിയ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകളിലും ഡീപ് ലേണിങ്ങിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ എഐയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കുന്നത്.
അതിനിടെ, 'എഐ സൈക്കോസിസ്' എന്ന് വിളിക്കുന്ന വളർന്നുവരുന്ന ഒരു മാനസിക പ്രതിഭാസത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് എഐ സിഇഒ മുസ്തഫ സുലൈമാനും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. നിർമിതബുദ്ധി സംവിധാനങ്ങളുമായുള്ള അമിതമായ ഇടപെടൽ കാരണം വ്യക്തികൾക്ക് യഥാർത്ഥ ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെട്ടു തുടങ്ങുന്ന അവസ്ഥയാണിത്. മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർവരമ്പുകളെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുന്ന വ്യക്തികളെയാണ് ഈ അവസ്ഥ പ്രധാനമായും ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Geoffrey Hinton criticizes tech companies` focus on short-term profit in AI, ignoring long-term risk