ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹം ദൃഷ്ടിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു; തിരിച്ചുകിട്ടാനിടയില്ലെന്ന് ഗാലക്സ്ഐ

#ടെക്നോളജി ഡെസ്ക്
ദൃഷ്ടി ഉപഗ്രഹം | Photo: GalaxEye Space
ദൃഷ്ടി ഉപഗ്രഹം | Photo: GalaxEye Space

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള സ്പേസ്‌ടെക് സ്റ്റാർട്ടപ്പായ ഗാലക്‌സ് ഐ (GalaxEye) വിക്ഷേപിച്ച 'മിഷൻ ദൃഷ്ടി' ഉപഗ്രഹവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായി. ചൊവ്വാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ബന്ധം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഉപഗ്രഹം തിരിച്ചുകിട്ടാനുള്ള സാധ്യത കുറവാണെന്ന് അധികൃതർ വ്യക്തമാക്കി. മേയ് മൂന്നിന് സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു മിഷൻ ദൃഷ്ടിയുടെ വിക്ഷേപണം.

സിന്തറ്റിക് അപ്പേർച്ചർ റഡാർ (SAR), മൾട്ടിസ്പെക്ട്രൽ ഇമേജിങ് (ഓപ്റ്റിക്കൽ സെൻസറുകൾ) എന്നിവയോടുകൂടിയ, കാലാവസ്ഥാ വ്യത്യാസമില്ലാതെ രാപ്പകൽ ഭേദമന്യേ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ 'ഒപ്റ്റോസാർ' (OptoSAR) സാറ്റലൈറ്റായിരുന്നു ദൃഷ്ടി. മേഘാവൃതമായ കാലാവസ്ഥയും വെളിച്ചക്കുറവും കാരണം ഭൗമ നിരീക്ഷണ രംഗത്തുണ്ടായിരുന്ന പരിമിതികൾക്ക് മിഷൻ ദൃഷ്ടി പരിഹാരമാകുമെന്ന് കരുതിയിരുന്നു. പ്രതിരോധം, ദുരന്തനിവാരണം, കൃഷി, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ സാറ്റലൈറ്റ് അധിഷ്ഠിത വിവരങ്ങളുടെ വിശ്വാസ്യതയും കൃത്യതയും വർധിപ്പിക്കാൻ ഇതിനു സാധിക്കുമായിരുന്നു.

വിക്ഷേപണത്തിനുശേഷം ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിൽ ശക്തമായ ജിയോമാഗ്നറ്റിക് സൗരക്കൊടുങ്കാറ്റുണ്ടാവുകയും അത് ഉപഗ്രഹത്തിനു കേടുപാടുണ്ടാക്കുകയും ചെയ്തുവെന്നു കമ്പനി വ്യക്തമാക്കി. സൗരക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ വികിരണങ്ങൾ ഉപഗ്രഹത്തിലെ നിർണായക സംവിധാനങ്ങളെ ബാധിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായത്. അടുത്ത 24 മാസത്തിനുള്ളിൽ രണ്ട് പുതിയ ഒപ്റ്റോസാർ സാറ്റലൈറ്റുകൾ വിക്ഷേപിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

മേയ് മൂന്നിനു വിക്ഷേപിച്ച 190 കിലോ ഭാരമുള്ള ഈ ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ മുതൽ 2,000 കിലോമീറ്റർ വരെയുള്ള ഉയരത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഇത് ഭ്രമണപഥത്തിലെത്തിച്ചത്.

വിക്ഷേപണത്തിനുശേഷം ഉപഗ്രഹത്തിന്റെ പ്രധാന സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് സ്ഥിരീകരിക്കാനും, വിക്ഷേപണം, ദിശാ നിയന്ത്രണം, ഓൺബോർഡ് കമ്പ്യൂട്ടിങ്, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ കൃത്യമായി പ്രവർത്തിപ്പിക്കാനും ഈ ദൗത്യത്തിലൂടെ സാധിച്ചു. ഇതിലൂടെ ഗാലക്‌സ് ഐയുടെ ശേഷി തെളിയിക്കാൻ കമ്പനിക്കു കഴിഞ്ഞു.

"അതിശക്തമായ ബഹിരാകാശ കാലാവസ്ഥയെ തുടർന്നു ഉപഗ്രഹത്തിനു തകരാർ സംഭവിച്ചെങ്കിലും, ഭാവി ദൗത്യങ്ങളെ ശക്തിപ്പെടുത്താൻ ആവശ്യമായ വിലപ്പെട്ട എഞ്ചിനീയറിങ് വിവരങ്ങൾ ഈ ദൗത്യത്തിലൂടെ ലഭിച്ചു," ഗാലക്‌സ് ഐ സി.ഇ.ഒ. സുയാഷ് സിങ് പറഞ്ഞു.

അത്യാധുനിക ഭൗമനിരീക്ഷണ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഗാലക്‌സ് ഐ. സുയാഷ് സിങ്, ഡെനിൽ ചാവ്ഡ (സി.ടി.ഒ.), കിഷൻ താക്കർ (വി.പി., എഞ്ചിനീയറിങ്) എന്നിവരുൾപ്പെടെ ഐ.ഐ.ടി. മദ്രാസിലെ അഞ്ച് പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് 2021-ലാണ് ഈ കമ്പനി സ്ഥാപിച്ചത്. സ്പെഷ്യാലെ ഇൻവെസ്റ്റ്, മെല വെഞ്ചേഴ്സ്, ഇൻഫോസിസ്, ഐഡിയഫോർജ്, റെയിൻമാറ്റർ (സെറോദ) തുടങ്ങിയവരിൽ നിന്ന് ആകെ 20 ദശലക്ഷം ഡോളർ നിക്ഷേപം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

Content Highlights: Bengaluru-based startup GalaxEye has lost communication with its 'Drishti' satellite due to damage caused by a severe geomagnetic solar storm shortly after its successful deployment.