സൺലൈറ്റ് ഓൺ ഡിമാൻഡ്; വിവാദ സ്‌പേസ് മിറർ ഉപഗ്രഹ പദ്ധതിക്ക് അനുമതി നൽകി US

സൂര്യപ്രകാശം രാത്രിയിലും ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത വിവാദ ഉപഗ്രഹ പദ്ധതിക്ക് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ജ്യോതിശാസ്ത്രജ്ഞരുടെയും പരിസ്ഥിതി സംഘടനകളുടെയും ശക്തമായ എതിർപ്പിനിടെയാണിത്. കാലിഫോർണിയ ആസ്ഥാനമായ റിഫ്‌ളെക്ട് ഓർബിറ്റൽ എന്ന സ്റ്റാർട്ട്അപ്പിനാണ് 60 അടി വീതിയുള്ള ചതുരാകൃതിയിലുള്ള കണ്ണാടി ഘടിപ്പിച്ച പരീക്ഷണ ഉപഗ്രഹമായ Earendil-1 വിക്ഷേപിക്കാൻ എഫ്.സി.സി അനുമതി നൽകിയിരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഭ്രമണപഥത്തിൽ എത്തിക്കാൻ ലക്ഷ്യമിടുന്ന 50,000 മിറർ സാറ്റലൈറ്റുകളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. സൂര്യപ്രകാശം ആവശ്യാനുസരണം ഭൂമിയിൽ എത്തിക്കാനുള്ള പദ്ധതിയാണ് കമ്പനി നടപ്പാക്കാനൊരുങ്ങുന്നത്. ഇരുൾ പരന്നശേഷം മിറർ സാറ്റലൈറ്റുകൾ സൂര്യപ്രകാശം ഭൂമിയിലെ ഒരു പ്രത്യേക ഭാഗത്തേക്ക് തിരിച്ചുവിടും. 640 കിലോമീറ്റർ ഉയരത്തിൽനിന്നാണ് ഇത് സാധ്യമാക്കുന്നത്. ഉപഗ്രഹം അതിന്റെ റിഫ്‌ളക്ടർ ഉപയോഗിച്ച് താഴെ ഭൂമിയിൽ 5 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു പ്രദേശത്ത് പ്രകാശം പരത്തും.
പൂർണചന്ദ്രനുള്ള ഒരു ദിവസം ഉണ്ടാകുന്നതിനേക്കാൾ നാല് മടങ്ങ് പ്രകാശമായിരിക്കും ഉപഗ്രഹം രാത്രികാലത്ത് ഭൂമിയിലെ നിശ്ചിത പ്രദേശത്ത് എത്തിക്കുകയെന്ന് റിഫ്‌ളെക്ട് ഓർബിറ്റൽ പറയുന്നു. ഉപഗ്രഹം നീങ്ങിയാലും അതിനനുസരിച്ച് ഓരോ നാല് മിനിറ്റിലും പ്രകാശരശ്മി കൃത്യമായ സ്ഥലത്തുതന്നെ അത് പതിപ്പിച്ചുകൊണ്ടിരിക്കും.
2035-ഓടെയാവും 50,000-ത്തോളം വരുന്ന മിറർ സാറ്റലൈറ്റുകൾ കമ്പനി ബഹിരാകാശത്ത് വിന്യസിക്കുക. സൗരോർജ ഫാമുകൾക്ക് പകൽ സമയം നീട്ടിക്കൊടുക്കുക, അടിയന്തര ലൈറ്റിങ് സാധ്യമാക്കുക, കൃഷിക്കും വ്യവസായത്തിനും സൗരോർജം ലഭ്യമാക്കുക എന്നിവയെല്ലാം ഈ സംവിധാനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
എതിർപ്പിന് പിന്നിലെന്താണ്?
ദൂരദർശിനി ഉപയോഗിക്കുന്ന അമച്വർ ജ്യോതിശാസ്ത്രജ്ഞരുടെ കണ്ണുകൾ ഈ ഉപഗ്രഹങ്ങൾ കേടുവരുത്താൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ അസ്‌ട്രോണമിക്കൽ സൊസൈറ്റി (AAS) മുന്നറിയിപ്പ് നൽകുന്നു. മിറർ ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നത് വിമാനങ്ങളുടെ പൈലറ്റുമാരെ വഴിതെറ്റിക്കാനും ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. പൂർണചന്ദ്രനുള്ള ദിവസത്തെക്കാൾ പല മടങ്ങ് തീവ്രതയുള്ള പ്രകാശം മനുഷ്യരുടെ സിർകാഡിയൻ റിഥത്തെയും ബാധിച്ചേക്കാം. കണ്ണാടി ലക്ഷ്യം മാറ്റുമ്പോൾ ഉണ്ടാകുന്ന മിന്നൽ ഡ്രൈവർമാരെയും പൈലറ്റുമാരെയും താത്കാലികമായി അന്ധരാക്കുമെന്നും വിമർശകർ പറയുന്നു.
വിപ്ലവകരമായ സാങ്കേതികവിദ്യയെന്ന് FCC
ഇത്തരം ദോഷഫലങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് എഫ്.സി.സി പറയുന്നു. പൊതുജനങ്ങൾക്ക് പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും നൽകുന്നത് പ്രോത്സാഹിപ്പിക്കുക എന്നത് യുഎസ് നയമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വിപ്ലവകരമായ ഒരു സാങ്കേതികവിദ്യയാണിതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: FCC approved Reflect Orbital to launch the Earendil-1 mirror satellite., The mirror aims to reflect sunlight to Earth to extend daylight hours., Astronomers warn of catastrophic impacts on observations and human health., Potential risks include pilot distraction, circadian rhythm disruption, and ecological damage., Company aims for a 50,000-satellite constellation by 2035.