ആര്‍എസ്എസിന്റെ മുസ്ലിം വിരുദ്ധ പ്രചാരണം അറിഞ്ഞിട്ടും ഫെയ്‌സ്ബുക്ക് ഒന്നും ചെയ്തില്ല- മുന്‍ജീവനക്കാരി

ഫെയ്സ്ബുക്കിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഫ്രാൻസിസ് ഹൗഗൻ | Photo: Screengrab from 60 Minutes Video
ഫെയ്സ്ബുക്കിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ ഫ്രാൻസിസ് ഹൗഗൻ | Photo: Screengrab from 60 Minutes Video

ആര്‍എസ്എസ് അനുകൂലികളും ഗ്രൂപ്പുകളും പേജുകളും ഭീതി പരത്തുന്നതും മുസ്ലീം വിരുദ്ധവുമായ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നതിനെ കുറിച്ച് ബോധ്യമുണ്ടായിട്ടും ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് നടപടികളൊന്നും സ്വീകരിക്കാന്‍ സാധിച്ചില്ലെന്ന് മുന്‍ ജീവനക്കാരി ഫ്രാന്‍സിസ് ഹൗഗന്റെ വെളിപ്പെടുത്തല്‍. ഹിന്ദിയും ബെംഗാളിയും തിരിച്ചറിയുന്നതില്‍ മതിയായ സാങ്കേതിക വിദ്യയില്ലാത്തതാണ് അതിന് കാരണമെന്നും ഹൗഗന്‍ ചൂണ്ടിക്കാണിക്കുന്നു.

ഫെയ്‌സ്ബുക്കിന്റെ ഭാഷാ പരിജ്ഞാനം അപര്യാപ്തമാണ്. ഇത് ആഗോള തലത്തില്‍ വ്യാജ വാര്‍ത്താ പ്രചാരണത്തിനും പ്രാദേശിക കലാപങ്ങള്‍ക്കും വഴിവെക്കുന്നുവെന്നും ഫെയ്‌സ്ബുക്കിലെ മുന്‍ ജീവനക്കാരിയായിരുന്ന ഹൗഗന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് കമ്മീഷന് രേഖാമൂലം നല്‍കിയ പരാതിയില്‍ പറയുന്നു.

ഫ്രാൻസിസ് ഹൗഗൻ എസ്ഇസിയ്ക്ക് നൽകിയ പരാതിയിൽ നിന്നും | Credit: Whistleblower complaint to SEC.

ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിനുണ്ടായിട്ടുള്ള പിഴവുകള്‍ വിശദമാക്കുന്ന 'അഡ്വേഴ്‌ലസറിയല്‍ ഹാംഫുള്‍ നെറ്റ് വര്‍ക്ക്‌സ്- ഇന്ത്യ കേസ് സ്റ്റഡി' എന്ന തലക്കെട്ടിലുള്ള രേഖകളാണ് ഗൗദന്‍ യുഎസ് എസ്ഇസിയ്ക്ക് നല്‍കിയത്. 

 മനുഷ്യത്വരഹിതമായ നിരവധി പോസ്റ്റുകളുണ്ടായിരുന്നു. ഹിന്ദി, ബംഗാളി ക്ലാസിഫയറുകളുടെ അഭാവം മൂലം ഈ ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും ഒരിക്കലും ഫ്‌ലാഗുചെയ്യുകയോ അതിന്‍ മേല്‍ നടപടിയെടുക്കുകയോ ചെയ്തില്ല. 

ഫെയ്‌സ്ബുക്കില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തിരിച്ചറിയുന്ന സംവിധാനത്തെയാണ് ക്ലാസിഫയറുകള്‍ എന്ന് വിളിക്കുന്നത്. 2020 ലാണ് ഹിന്ദി, ബംഗാളി ഭാഷകളിലുള്ള ഹേറ്റ് സ്പീച്ച് ക്ലാസിഫയറുകള്‍ ഫെയ്‌സ്ബുക്കില്‍ ചേര്‍ക്കുന്നത്. അക്രമവും അതിനുള്ള പ്രോത്സാഹനവും തിരിച്ചറിയുന്നതിനുള്ള ക്ലാസിഫയറുകള്‍ ചേര്‍ക്കുന്നത് 2021 തുടക്കത്തിലാണ്. 

ഫ്രാൻസിസ് ഹൗഗൻ എസ്ഇസിയ്ക്ക് നൽകിയ പരാതിയിൽ നിന്നും | Credit: Whistleblower complaint to SEC.

വ്യാജ വാര്‍ത്താ പ്രചാരണം തടയുന്നതിന് വേണ്ടിയുള്ള ബജറ്റില്‍ 87 ശതമാനവും അമേരിക്കയ്ക്ക് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 13 ശതമാനം മാത്രമാണ് ഇന്ത്യയുള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളില്‍ ചെലവാക്കുന്നത്. അമേരിക്കയിലും കാനഡയിലും ഫെയ്‌സ്ബുക്കിന്റെ ആകെ പ്രതിദിന ഉപഭോക്താക്കളില്‍ 10 ശതമാനം മാത്രമേ ഉള്ളൂ എന്നിരിക്കെ രാജ്യങ്ങളുടെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വ്യാജവാര്‍ത്താ പ്രചാരണം തടയുന്നതിനുള്ള കാര്യമായ നീക്കങ്ങളൊന്നും ഫെയ്‌സ്ബുക്ക് നടത്തിയിരുന്നില്ലെന്നാണ് ഹൗഗന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യ ഫെയ്‌സ്ബുക്കിന്റെ വലിയൊരു വിപണിയാണ്. രാജ്യത്തെ 41 കോടിയാളുകള്‍ ഫെയ്‌സ്ബുക്കും 53 കോടി പേര്‍ വാട്‌സാപ്പും 21 കോടിയാളുകള്‍ ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നവരാണ്.  

ഫെയ്‌സ്ബുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് രഹസ്യമായി പകര്‍ത്തിയെടുത്ത നിരവധി രേഖകളാണ് ഹൗഗന്‍ അമേരിക്കന്‍ അധികാരികള്‍ക്കും മാധ്യമങ്ങള്‍ക്കും പങ്കുവെച്ചത്. ജനങ്ങളുടെ മാനസികാവസ്ഥയെ ഫെയ്‌സ്ബുക്ക് ദോഷകരമായി ബാധിക്കുന്നുണ്ടെന്നതിന്റെ നിരവധി തെളിവുകളാണ് ഇതിലുള്ളത്. 

Content Highlights: