'അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതുപോലെ'; AI-യിൽ വീണ്ടും മുന്നറിയിപ്പുമായി കോക്‌സൺ

മനുഷ്യന്റെ ബുദ്ധിയെ നിർമിതബുദ്ധി മറികടക്കുന്ന സൂപ്പർ ഇന്റലിജൻസിന്റെ വികസനം മനുഷ്യരെ മുഴുവൻ കൊന്നൊടുക്കുമെന്ന പ്രസ്താവന ഉയർത്തിയ അലയൊലികൾ അവസാനിക്കുന്നില്ല. മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് രാജിവെച്ച എഐ ഗവേഷകൻ ജേക്കബ് കോക്‌സണാണ് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പിന്നാലെ ആന്ത്രോപിക്കും ഓപ്പൺഎഐയും അടക്കമുള്ള നിർമിതബുദ്ധി കമ്പനികൾ എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ പുതിയ മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ജേക്കബ് കോക്‌സൺ.
സൂപ്പർ-ഇന്റലിജൻസ് വികസിപ്പിക്കാൻ ശ്രമിക്കുന്നത് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നത് പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പൂർണമായും മനസ്സിലാക്കാനോ നിയന്ത്രിക്കാനോ സാധിക്കാത്ത ഒന്നായിരിക്കും സൂപ്പർ ഇന്റലിജെൻസെന്ന് അദ്ദേഹം പറയുന്നു. 'സൂപ്പർ ഇന്റലിജൻസ് ഒരു അന്യഗ്രഹ ജീവിയെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും വളരെ ഭയപ്പെടുത്തുന്നതാണ്,' അദ്ദേഹം ഒരു ടിവി ഷോയിൽ സംസാരിക്കവെ കോക്‌സൺ പറഞ്ഞു.
അമേരിക്കയിലെ മുൻനിര എഐ കമ്പനികൾ എഐ വികസനത്തിന്റെ വേഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുന്നുണ്ടെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനയും ഈ നിർദേശം തള്ളിക്കളയുകയാണ് ചെയ്യുന്നത്. എഐ വികസനം മന്ദഗതിയിലാക്കുന്നത് എഐയിലെ അമേരിക്കൻ മുന്നേറ്റം ഇല്ലാതാക്കുമെന്നും ചൈനയ്ക്ക് മുൻതൂക്കം നൽകുമെന്നുമാണ് ട്രംപ് പറയുന്നത്. എന്നാൽ ഈ നിർദേശം ചൈനയെ ലക്ഷ്യവെച്ചുള്ള ശീതയുദ്ധ തന്ത്രമാണെന്ന് ചൈന ആരോപിക്കുന്നു. ചൈനയുടെ എഐ വികസന തടസപ്പെടുത്താനുള്ള തന്ത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അവർ പറയുന്നത്.
അതിനിടെ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി, ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ, ഗ്രോക്ക് മേധാവി എലോൺ മസ്‌ക് എന്നിവരെല്ലാം ഇപ്പോൾ എഐ വികസന വേഗത മന്ദഗതിയിലാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കുകയാണ്. 10 വർഷത്തിനുള്ളിൽ മനുഷ്യരാശിയെ എഐ തുടച്ചുനീക്കാൻ 10 ശതമാനം സാധ്യതയുണ്ടെന്ന് മസ്‌ക് പലതവണ പറഞ്ഞിട്ടുള്ളതാണ്. എഐയുടെ പിതാക്കന്മാരിൽ ഒരാളായി പരക്കെ അംഗീകരിക്കപ്പെടുന്ന നൊബേൽ ജേതാവായ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജെഫ്രി ഹിന്റണും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എഐ വികസനത്തിന്റെ അപകട സാധ്യതകൾ ചൂണ്ടിക്കാട്ടി കോക്‌സണിന് മുമ്പേ നിരവധി എഐ ഗവേഷകർ ടെക് കമ്പനികളിൽനിന്ന് രാജിവെച്ചിട്ടുണ്ട്.
Content Highlights: Ex-Anthropic and OpenAI researcher Jacob Coxon warns AI could wipe out humanity by the end of the decade., Coxon compares building super-intelligent AI to summoning an uncontrollable alien species., Prominent AI leaders like Dario Amodei, Sam Altman, and Elon Musk acknowledge the risks of unchecked AI development., A growing trend of AI insiders resigning over safety concerns, following previous exits by Jan Leike and Ilya Sutskever.