മസ്‌കിന് 12-ാമത്തെ കുഞ്ഞ് പിറന്നു, അമ്മ ന്യൂറാലിങ്ക് സ്‌പെഷ്യല്‍ പ്രൊജക്ട് ഡയറക്ടര്‍

ആഗോള ജനസംഖ്യയിലെ ഇടിവില്‍ എപ്പോഴും ആശങ്ക ഉയര്‍ത്താറുള്ള ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് പന്ത്രണ്ടാമത്തെ കുഞ്ഞ് പിറന്നു. മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനിയായ ന്യൂറാലിങ്കിന്റെ സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് ഡയറക്ടര്‍ ഷിവോണ്‍ സിലിസ് ആണ് കുഞ്ഞിന്റെ മാതാവ്. കുഞ്ഞിന്റെ ലിംഗവും പേരും വെളിപ്പെടുത്തിയിട്ടില്ല. മസ്‌കിന് ജനിച്ച ആദ്യത്തെ കുട്ടി ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന് 11 കുട്ടികള്‍ ജനിച്ചത്.
വെള്ളിയാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടാണ് മസ്‌കിന് പുതിയ കുഞ്ഞുണ്ടായ വിവരം വെളിപ്പെടുത്തിയത്. പിന്നീട് പേജ് സിക്‌സ് എന്ന വെബ്‌സൈറ്റ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ വര്‍ഷം ആദ്യമാണ് ഷിവോണ്‍ സിലിസില്‍ മസ്‌കിന് കുഞ്ഞ് പിറന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് കുഞ്ഞ് പിറന്നത് ഒരു രഹസ്യമല്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രസ്താവന ഇറക്കുന്നത് വിചിത്രമായിരിക്കുമെന്നും മസ്‌ക് പേജ് സിക്‌സിനോട് പറഞ്ഞു.
'ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാം. ഒരു പത്ര പ്രസ്താവന ഇറക്കുന്നത് വിചിത്രമായതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്. അതിനര്‍ത്ഥം ഇക്കാര്യം രഹസ്യമാണെന്നല്ല.' മസ്‌ക് പറഞ്ഞു.
ജനനനിരക്കിലുണ്ടാകുന്ന ഇടിവാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് 2022 ല്‍ മസ്‌ക് പറഞ്ഞിരുന്നു.
തനിക്ക് സമയം ചെലവഴിക്കാനാവുകയും നല്ല അച്ഛനായിരിക്കാന്‍ സാധിക്കുകയും ചെയ്യുന്നിടത്തോളം പരമാവധി കുട്ടികളെ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് മസ്‌ക് പറയുന്നത്.
ഷിവോണ്‍ സിലിസില്‍ മസ്‌കിന് ജനിക്കുന്ന മൂന്നാമത്തെ കുഞ്ഞാണിത്. 2021 ല്‍ ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. സ്‌ട്രൈഡര്‍, അഷ്വര്‍ എന്നിങ്ങനെയാണ് ഇവരുടെ പേര്. പോപ്പ് ഗായികയായ ഗ്രിംസില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറന്നതിന് ഒരു മാസം മുമ്പാണിത്. ഗ്രിംസില്‍ മസ്‌കിന് മൂന്ന് കുട്ടികളുണ്ട്. ഈ കുട്ടികളുടെ രക്ഷാകര്‍തൃത്വ അവകാശം ആവശ്യപ്പെട്ട് ഗ്രിംസ് മസ്‌കിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
Content Highlights: Elon Musk welcomes his 12th child with Shivon Zilis