അധികകാലം നീണ്ടുനിന്നില്ല, ട്രില്യണയർ പദവി മസ്‌കിന് നഷ്ടമായി; തിരിച്ചടി നേരിട്ടത് SpaceX-ന്

സ്‌പേസ്എക്‌സിന്റെ വിപണി മൂല്യത്തിലുണ്ടായ ഇടിവുമൂലം കമ്പനി സിഇഒയും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കിന് ട്രില്യണയർ (ലക്ഷംകോടി ഡോളറിലധികം ആസ്തിയുള്ള വ്യക്തി) പദവി നഷ്ടമായി. ജൂൺ 16-നാണ് ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച് മസ്‌കിന്റെ ആസ്തികളുടെ മൂല്യം 1.32 ട്രില്യൺ (1,32,000 കോടി) ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയത്. ഇതോടെ അദ്ദേഹം ലോകത്തെ ആദ്യ ട്രില്യണയറായി മാറി. എന്നാൽ ഓഹരി വിപണിയിൽ സ്‌പേസ്എക്‌സിന് തിരിച്ചടി നേരിട്ടതോടെ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 957 (95700 കോടി) ബില്യൺ ഡോളറായി കുറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പത്തിൽ നിന്ന് ഏകദേശം 363 ബില്യൺ ഡോളറാണ് ഇല്ലാതായത്.
ട്രില്യണയർ പദവി നഷ്ടപ്പെട്ടെങ്കിലും മസ്‌ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി തുടരുകയാണ്. ജൂൺ 12-ന് സ്‌പേസ്എക്‌സ് റെക്കോർഡ് മുന്നേറ്റത്തോടെ ഓഹരി വിപണിയിൽ പ്രവേശിച്ചതിന് ശേഷമാണ് മസ്‌കിന്റെ ആസ്തി മൂല്യം കുതിച്ചുയർന്നത്. കമ്പനി ഏറ്റവും വലിയ ഐപിഒ വഴി 75 ബില്യൺ ഡോളർ സമാഹരിക്കുകയും അതിന്റെ മൂല്യനിർണ്ണയം ഏകദേശം 1.77 ട്രില്യൺ ഡോളറിലെത്തുകയും ചെയ്തിരുന്നു. റോക്കറ്റ്- ഉപഗ്രഹ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ കമ്പനിയെക്കുറിച്ചുള്ള നിക്ഷേപകരുടെ പ്രതീക്ഷകൾ ഓഹരികളുടെ വില വർധിപ്പിച്ചു. ഓഹരികൾ 225.64 ഡോളറിലെത്തിയതോടെ സ്‌പേസ്എക്‌സിന്റെ മൂല്യം ഏകദേശം 2 ട്രില്യൺ ഡോളറിലെത്തി. ഇതോടെയാണ് മസ്‌കിന്റെ സമ്പത്ത് ആദ്യമായി ട്രില്യൺ ഡോളർ കടന്നത്.
എന്നാൽ ഈ കുതിപ്പ് അധികകാലം നീണ്ടുനിന്നില്ല. സ്‌പേസ്എക്‌സ് ഓഹരികളുടെ മൂല്യം അതിനുശേഷം ഏകദേശം 156 ഡോളറായി കുറഞ്ഞു. ഇത് ഉയർന്ന വിലയിൽ നിന്ന് ഏകദേശം 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഓഹരികൾ ഒരു സെഷനിൽ 16 ശതമാനത്തിലധികം ഇടിഞ്ഞതോടെ കമ്പനിക്ക് വലിയ തിരിച്ചടി നേരിട്ടു.
സ്‌പേസ്എക്‌സ് അതിന്റെ ആദ്യത്തെ ഇൻവെസ്റ്റ്‌മെന്റ് ഗ്രേഡ് ബോണ്ട് വിൽപ്പനയിലൂടെ 25 ബില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ ഇടിവ് ദൃശ്യമായത്. കമ്പനിയുടെ AI പദ്ധതികളെ പിന്തുണയ്ക്കുന്നതിനും X, AI കമ്പനിയായ xAI എന്നിവയുൾപ്പെടെ മസ്‌കിന്റെ വിശാലമായ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട കടങ്ങൾ പുനഃക്രമീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുള്ളതാണ് ഈ ഫണ്ട് എന്ന് കരുതപ്പെടുന്നു.
സ്വന്തം കമ്പനിയായ ടെസ്‌ലയുടെ പ്രകടനവും മസ്‌കിന്റെ ട്രില്യണയർ പദവിയെ ബാധിച്ചു. ഇലക്ട്രിക് വാഹന കമ്പനിയുടെ ഓഹരിമൂല്യം ജൂൺ 16 മുതൽ 4 ശതമാനത്തിലധികം കുറയുകയും ഈ വർഷം 7 ശതമാനത്തിലധികം താഴെ തുടരുകയും ചെയ്യുകയാണ്. ഇതൊക്കെയാണെങ്കിലും മറ്റ് ടെക് ശതകോടീശ്വരന്മാരെ അപേക്ഷിച്ച് സമ്പത്തിൽ മസ്‌കിന്റെ സ്ഥാനം വളരെ മുന്നിലാണ്. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജ്് (297 ബില്യൺ ഡോളർ) സെർജി ബ്രിൻ (276 ബില്യൺ ഡോളർ) എന്നിവരാണ് മസ്‌കിന് തൊട്ടുപിന്നാലെയുള്ളവർ.
Content Highlights: Musk's net worth fell from a peak of $1.32 trillion to $957 billion., SpaceX valuation dropped following a bond sale announcement., Tesla shares continue to show downward pressure throughout 2026., Musk remains the world's richest person despite the significant decline., Upcoming December lockup period poses further volatility risks for SpaceX.