നിയമ യുദ്ധത്തിൽ പരാജയപ്പെട്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ; തിരിച്ചടി ഓൾട്ട്മാനെതിരായ കേസിൽ

നിർമിതബുദ്ധി (എഐ) യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് നിയമയുദ്ധത്തിൽ ലോകത്തെ ഏറ്റവും വലിയ ധനികനായ ടെക് ശതകോടീശ്വരൻ ഇലോൺ മസ്കിന് പരാജയം. ഓപ്പൺഎഐ സഹസ്ഥാപകൻ സാം ഓൾട്ട്മാൻ കമ്പനിയെ അതിന്റെ ലാഭരഹിത ലക്ഷ്യത്തിൽ വ്യതിചലിപ്പിച്ച് തന്നെ വഞ്ചിച്ചു എന്നാരോപിച്ച് ഫയൽചെയ്ത കേസിലാണ് മസ്കിന് തിരിച്ചടി നേരിട്ടത്. സ്ഥാപക ദൗത്യത്തിൽ നിന്ന് വ്യതിചലിച്ചതിന് സ്ഥാപനം ഉത്തരവാദിയല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് യുഎസ് ജഡ്ജിമാരുടെ സംഘം മസ്കിന് എതിരായി വിധി പ്രസ്താവിച്ചതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കാലിഫോർണിയ ഓക്ക്ലാൻഡിലെ ഫെഡറൽ കോടതിയിൽനിന്നാണ് മസ്ക് തിരിച്ചടി നേരിട്ടത്. മസ്ക് കേസ് വളരെ വൈകിയാണ് കേസ് ഫയൽ ചെയ്തതെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു. ഏപ്രിൽ 28-ന് ആരംഭിച്ച വിചാരണ എഐയുടെ ഭാവിയെ സംബന്ധിച്ച് ഏറെ നിർണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.അതിനിടെ ശതകോടീശ്വരനായ ഇലോൺ മസ്കിന് അടുത്തിടെ നടത്തിയ നിയമ യുദ്ധങ്ങളിലെല്ലാം പരാജയം വരുന്നതിലെ അവസാനത്തെ സംഭവമാണിത്.
കോടതികളിൽനിന്ന് അദ്ദേഹത്തിന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവരികയോ ഒത്തുതീർപ്പുകൾക്കു വഴങ്ങുകയോ ചെയ്യേണ്ടിവരുന്നുവെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. എക്സ് എന്ന് മസ്ക് പുനർനാമകരണം ചെയ്ത സോഷ്യൽ പ്ലാറ്റ്ഫോമിന്റെ മുൻ എക്സിക്യൂട്ടീവുകളുമായും ആയിരക്കണക്കിന് മുൻ ജീവനക്കാരുമായും കഴിഞ്ഞ വർഷം അവസാനം അദ്ദേഹത്തിന് ഒത്തുതീർപ്പിൽ എത്തേണ്ടിവന്നിരുന്നു. അവർക്ക് പണം നൽകുന്നത് ഒഴിവാക്കാൻ നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിൽ ആയിരുന്നു ഇത്. ട്വിറ്ററിന്റെ ഏറ്റെടുക്കൽ സമയത്ത് അദ്ദേഹം നടത്തിയ പൊതു പ്രസ്താവനകളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച നിക്ഷേപകർ പിന്നീട് അദ്ദേഹത്തിനെതിരെ നൽകിയ കേസിലും അദ്ദേഹം തോറ്റു.
തൊട്ടുപിന്നാലെ പ്ലാറ്റ്ഫോം വിട്ട് പോയ പരസ്യദാതാക്കൾക്കെതിരെ അദ്ദേഹം നൽകിയ കേസ് ജഡ്ജി തള്ളുകയും ചെയ്തു. മസ്ക് കഴിഞ്ഞ വർഷം രൂപവത്കരിക്കുകയും നയിക്കുകയും ചെയ്ത യു.എസ് സർക്കാരിന്റെ ചെലവ് ചുരുക്കൽ വിഭാഗമായ Doge-ന്റെ ചില നടപടികൾ പിന്നീട് മറ്റൊരു ജഡ്ജി റദ്ദാക്കി. ഒടുവിലത്തേതാണ്. ഓപ്പൺഎഐക്കെതിരായ കേസ്.
ആരും അജയ്യരല്ല എന്ന് തെളിയിക്കുന്നതാണ് കോടതിവിധി എന്ന് നിരീക്ഷകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ വലിയ സമ്പത്തിന്റെ ഉടമ ആയതിനാൽ അദ്ദേഹം പോരാട്ടങ്ങളിൽ നിന്നോ ഇനിയും കേസുകൾ ഫയൽ ചെയ്യുന്നതിൽ നിന്നോ പിന്തിരിയുമെന്ന് കരുതുന്നില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബറിൽ ടെസ്ലയുടെ അദ്ദേഹത്തിന്റെ ബില്ല്യൺ (100 കോടി) ഡോളറിന്റെ ശമ്പള പാക്കേജ് ഒരു ജഡ്ജി അസാധുവാക്കിയെങ്കിലും മസ്ക് ഓഹരി ഉടമകളെക്കൊണ്ട് അതിലും വലിയ ശമ്പള പാക്കേജ് അംഗീകരിപ്പിക്കുകയാണ് ചെയ്തത്.
Content Highlights: Jury ruled OpenAI not liable for straying from its mission, Musk's lawsuit was filed too late, according to the federal court verdict, OpenAI is preparing for a potential $1 trillion IPO, Musk plans to appeal the decision, The trial highlighted ongoing tensions between Musk and Sam Altman