കേരള ജനതയെ വരിഞ്ഞിമുറുക്കി ‘ഡിജിറ്റൽ ആസക്തി’- കിടത്തിചികിത്സപോലും വേണ്ടിവരുന്നുവെന്ന് വിദഗ്ധർ

#ആഷിക് കൃഷ്ണൻ
Representational Image | Photo by Cristina Quicler / AFP
Representational Image | Photo by Cristina Quicler / AFP

കോഴിക്കോട്: ഉപയോഗിക്കൽ അവസാനിപ്പിച്ച് ദൈന്യംദിനകാര്യങ്ങളിലേക്ക് വ്യാപൃതമാകുന്നത് തടയിടുന്ന ‘ലഹരി’കൾ 15 വർഷത്തിനുള്ളിൽ ഗണ്യമായി കൂടിയതായി വിദഗ്ധർ. കഞ്ചാവും മദ്യവും ആസക്തിയുണ്ടാക്കുന്ന ലഹരിയായിരുന്നകാലത്തുനിന്ന് ഡിജിറ്റൽ ലോകം തുറന്നിട്ട അൻപതോളം ആസക്തികളാണ് വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും വെല്ലുവിളിയാകുന്നതെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെയും (ഇംഹാൻസ്) മനോരോഗ വിദഗ്ധർ പറയുന്നു.

യു.പി.യിലെ ഗാസിയാബാദിൽ മൂന്ന് സഹോദരിമാരുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് കണക്കാക്കുന്ന ‘കൊറിയൻ വേവ്’ ഇവിടെ അത്രമാത്രം പ്രചാരംനേടിയിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗം അസി. പ്രൊഫ. ഡോ. വർഷാ വിദ്യാധരൻ വ്യക്തമാക്കി. ‘യുവാക്കളെ ആകർഷിക്കുന്നരീതിയിലാണ് അവരുടെ പാട്ടിന്റെയും നൃത്തത്തിന്റെയും സീരീസുകളുടെയും സ്വഭാവം. എന്നാൽ, അപായസൂചന നൽകേണ്ടുന്നവയുടെ ഗണത്തിലേക്ക് പൊതുവേ അവ ഇവിടെ എത്തിയിട്ടില്ല. എന്നാൽ, കിടത്തിച്ചികിത്സവരെ വേണ്ടിവരുന്നതരത്തിൽ ഗെയിമിങ്-ചൂതാട്ട- ബിഞ്ച് വാച്ചിങ് ആസക്തികൾ ഇവിടെ പിടിമുറുക്കിയിട്ടുണ്ട്’ -ഡോ. വർഷ കൂട്ടിച്ചേർത്തു.

ഡിജിറ്റൽ ആസക്തിയെ എങ്ങനെ പ്രതിരോധിക്കാം:

  • ഉപയോഗം തിരിച്ചറിയുക: എത്രസമയം ഡിജിറ്റൽഫോണിലോ കംപ്യൂട്ടറിലോ ചെലവഴിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. ഫോണിലെ ‘ഡിജിറ്റൽ വെൽബീയിങ്’ അല്ലെങ്കിൽ ‘സ്‌ക്രീൻ ടീം’ ഫീച്ചറുകൾ ഉപയോഗിച്ച് കൂടുതൽസമയം കവരുന്നത് തിരിച്ചറിയാം.
  • നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക: സോഷ്യൽമീഡിയ ആപ്പുകളുടെയും മറ്റും നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാം.
  • സമയപരിധി നിശ്ചയിക്കുക:ഗെയിം കളിക്കുന്നതിനും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും കൃത്യമായൊരു സമയം നിശ്ചയിക്കുക. ആപ്പുകൾക്ക് ‘ആപ്പ് ടൈമർ’ സെറ്റ് ചെയ്യാം. സമയം കഴിയുമ്പോൾ മുന്നറിയിപ്പുനൽകാൻ സഹായിക്കും.
  • ഫോൺരഹിത മേഖലകൾ: ഭക്ഷണമേശ, കിടപ്പുമുറി, ശൗചാലയം എന്നീ സ്ഥലങ്ങളിൽ ഫോൺ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കാം.
  • ബദൽവിനോദങ്ങൾ: ഫോണിൽ നോക്കിയിരിക്കുന്നസമയത്ത് ചെയ്യാവുന്ന മറ്റ് കാര്യങ്ങൾ കണ്ടെത്തുക. വായന, വ്യായാമം, കൃഷി, അല്ലെങ്കിൽ സുഹൃത്തുക്കളുമായി നേരിട്ട് സംസാരിക്കുക തുടങ്ങിയവ ശീലമാക്കാം.

Content Highlights: Digital Addiction in Kerala: Experts Warn Against Gaming, Binge-Watching, and Online Gambling