'കാറുകളില്‍ ചാരക്കണ്ണുകളോ?' ചൈനീസ് വാഹനങ്ങളെപ്പറ്റി യൂറോപ്പിന് പിന്നാലെ അമേരിക്കയിലും ആശങ്ക

യൂറോപ്പിന് പിന്നാലെ അമേരിക്കയിലും ചൈനീസ് നിര്‍മിത വാഹനങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയരുന്നു. യൂറോപ്പിലെ റോഡുകളില്‍ ചൈനീസ് വാഹനങ്ങളുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതില്‍ യൂറോപ്യന്‍ അധികാരികള്‍ നേരത്തെതന്നെ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ചാരവൃത്തി, നിരീക്ഷണം, അട്ടിമറി സാധ്യതകള്‍ എന്നിവയെക്കുറിച്ചാണ് ആശങ്കകള്‍. സമാനമായ സാഹചര്യമാണ് നിലവില്‍ അമേരിക്കയിലേക്കും വ്യാപിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
അമേരിക്കയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നാണ് ആശങ്ക ഉയരുന്നത്. ചാരവൃത്തി നടത്താനും ഗതാഗതം നിശ്ചലമാക്കാനും അമേരിക്കന്‍ വാഹന വ്യവസായത്തെതന്നെ തകര്‍ക്കാനും കഴിയുമെന്നതും ചൈന വാഹനങ്ങളില്‍ ഉപയോഗപ്പെടുത്തുമോ എന്ന ഭീതി അധികൃതര്‍ക്കിടയിലുണ്ട്. അടുത്തിടെ നടന്ന ഒരു പാര്‍ലമെന്റ് സമിതി യോഗത്തില്‍ ചൈനയില്‍നിന്നുള്ള വാഹനങ്ങള്‍ അമേരിക്കയ്ക്ക് സാമ്പത്തികവും സുരക്ഷാപരവുമായ ഭീഷണിയാണെന്ന നിരീക്ഷണം ഉയര്‍ന്നുവന്നിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാരനായി ചൈന വളര്‍ന്നത് ഒരു വാണിജ്യ വിജയം മാത്രമല്ല ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പദ്ധതി കൂടിയാണെന്ന് 'ട്രോജന്‍ ഹോഴ്‌സ്: ചൈനയില്‍നിന്ന് അമേരിക്ക നേരിടുന്ന ഓട്ടോമൊബൈല്‍ ഭീഷണി' എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹൗസ് സെലക്ട് കമ്മിറ്റി ഓണ്‍ ചൈന ചെയര്‍മാന്‍തന്നെ പറഞ്ഞിരുന്നു.
ഉയര്‍ന്ന സബ്‌സിഡികള്‍, വിതരണ ശൃംഖലകളിലുള്ള സര്‍ക്കാര്‍ നിയന്ത്രണം, അമേരിക്കന്‍-സഖ്യ കമ്പനികള്‍ക്ക് മത്സരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ചൂഷണാത്മകമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറഞ്ഞ വിലയില്‍ ചൈനീസ് വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാരവൃത്തി ആശങ്ക ഉയര്‍ത്തുന്നതാണ് നീക്കങ്ങള്‍. ആധുനിക വാഹനങ്ങളില്‍ ക്യാമറകള്‍, മൈക്രോഫോണുകള്‍, സെന്‍സറുകള്‍, കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവ ഉണ്ടെന്നും അവ ചാരവൃത്തിക്കുള്ള പ്ലാറ്റ്‌ഫോമുകളായി പ്രവര്‍ത്തിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വാഹനങ്ങള്‍ ചക്രങ്ങളിലുള്ള ഡിജിറ്റല്‍ കണ്ണുകളും കാതുകളുമാണ്. ചൈനയില്‍ നിര്‍മ്മിച്ച സംവിധാനങ്ങള്‍ ബെയ്ജിങ്ങിന് സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കാനോ പ്രതിസന്ധി ഘട്ടങ്ങളില്‍ വാഹനങ്ങളെ പ്രവര്‍ത്തന രഹിതമാക്കാനോ, റോഡുകള്‍ തടസ്സപ്പെടുത്താനോ, ചരക്കുനീക്കം തടസപ്പെടുത്താനോ അനുവദിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യൂറോപ്പിലും ആശങ്ക
'ചക്രങ്ങളുള്ള കമ്പ്യൂട്ടറുകള്‍' എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ ചീഫ് മാര്‍ഗ്രെത്തെ വെസ്റ്റേജര്‍ ചൈനീസ് കാറുകളെ വിശേഷിപ്പിക്കുന്നത്. ബെയ്ജിങ്ങുമായി സംഘര്‍ഷം വര്‍ധിക്കുകയാണെങ്കില്‍ ചൈനയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ ആയുധമാക്കാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു. ചൈനയിലെ ഷെഹ്‌സൗ ആസ്ഥാനമായ ബസ് നിര്‍മ്മാതാക്കളായ യൂടോങ് നിര്‍മ്മിച്ച വാഹനങ്ങളില്‍ കണ്ടെത്തിയ സുരക്ഷാ പിഴവ് ഡെന്‍മാര്‍ക്കിലെയും നോര്‍വേയിലെയും ബസ് ഓപ്പറേറ്റര്‍മാരെ അടുത്തിടെ ആശങ്കപ്പെടുത്തിയിരുന്നു. ഇതോടെ അടിയന്തര അന്വേഷണം നടത്തുകയും പഴുതടച്ച സുരക്ഷ ഉറപ്പാക്കാനുള്ള നീക്കം നടത്തുകയും ചെയ്തിരുന്നു.
തലവേദന സൃഷ്ടിച്ച ചൈനീസ് ഇലക്ട്രിക് ബസ്
ലോകത്തിലെ ഏറ്റവും വലിയ ബസ് നിര്‍മ്മാതാക്കളായ ചൈനയിലെ യൂടോങ് നിര്‍മ്മിച്ച വാഹനങ്ങളില്‍ കണ്ടെത്തിയ സുരക്ഷാ പിഴവ് വലിയ തലവേദനയാണ് ഡെന്‍മാര്‍ക്കിലും നോര്‍വേയിലും സൃഷ്ടിച്ചത്. ഓവര്‍ ദി എയര്‍' അപ്‌ഡേറ്റുകളും ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളും സ്വീകരിക്കാന്‍ കഴിയുന്ന ഈ ബസുകള്‍ നിര്‍മ്മാതാവിനോ ഹാക്കറിനോ വിദൂരമായി നിശ്ചലമാക്കാന്‍ കഴിയുമെന്ന് ഡാനിഷ് പൊതുഗതാഗത കമ്പനി മോവി യായുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജീപ്പ് ഗാര്‍ഡ് എന്‍ബിസി ന്യൂസിന് നല്‍കിയ ഇമെയിലില്‍ പറഞ്ഞിരുന്നു. ബസുകളുടെ സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആക്‌സസ് ഉണ്ടെങ്കില്‍ അവയെ വിദൂരത്തുനിന്ന് പ്രവര്‍ത്തന രഹിതമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Discover how China`s growing auto dominance sparks spying fears, economic threats, and national security risks in the US and Europe. Learn about potential surveillance and sabotage.