ചൈനയുടെ നിർണായക ചാന്ദ്രദൗത്യം വൈകും, വിക്ഷേപണം മാറ്റിവെച്ചു; ചാങ്ഇ-7 ലക്ഷ്യമിടുന്നതെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
വിക്ഷേപണത്തിന് തയ്യാറാക്കി നിര്‍ത്തിയ പേടകവും ലോങ് മാര്‍ച്ച് 5 റോക്കറ്റും |  Xinhua
വിക്ഷേപണത്തിന് തയ്യാറാക്കി നിര്‍ത്തിയ പേടകവും ലോങ് മാര്‍ച്ച് 5 റോക്കറ്റും | Xinhua

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ജലം തിരയാൻ ലക്ഷ്യമിടുന്ന ചാങ്ഇ-7 ദൗത്യം വൈകിപ്പിച്ച് ചൈന. പ്രതികൂല കാലാവസ്ഥ കാരണം ഏകദേശം ഒരു മാസത്തേക്ക് ദൗത്യം വൈകിപ്പിക്കാനാണ് നീക്കം.

ഓഗസ്റ്റ് 24-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം സെപ്റ്റംബറിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം. വിക്ഷേപണത്തിനുള്ള നിലവിലെ സമയ പരിധി ഓഗസ്റ്റ് 25-ന് അവസാനിക്കം. അതിനാൽ ചാങ്ഇ-7 പേടകവും വിക്ഷേപണത്തിനുള്ള ലോങ് മാർച്ച് 5 റോക്കറ്റും ലോഞ്ച് കോംപ്ലക്‌സൽ നിന്ന് വെഹിക്കിൾ അസംബ്ലി കെട്ടിടത്തിലേക്ക് തിരികെ കൊണ്ടുപോകും. അടുത്ത വിക്ഷേപണത്തിന് മുമ്പ് എൻജിനീയർമാർ റോക്കറ്റിലടക്കം അധിക പരിശോധനകൾ നടത്തും.

ലക്ഷ്യം ചൈനയുടെ ചാന്ദ്ര ഗവേഷണ സ്റ്റേഷൻ

ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പരിപാടിയിലെ നിർണായ ചുവടുവെപ്പായി ഈ ദൗത്യം വിലയിരുത്തപ്പെടുന്നു. ചാങ്ഇ-7 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെപ്പറ്റി പഠിക്കുകയും തണുത്തുറഞ്ഞ ജലം അന്വേഷിക്കുകയും അവിടുത്തെ അന്തരീക്ഷം വിലയിരുത്തുകയും ചെയ്യും. സുസ്ഥിരമായ ചാന്ദ്ര പര്യവേക്ഷണത്തിനും ഭാവിയിലെ ചാന്ദ്ര ഗവേഷണ സ്റ്റേഷനും വേണ്ടിയുള്ള ചൈനയുടെ ദീർഘകാല പദ്ധതികൾക്ക് ഈ ദൗത്യം അടിത്തറ പാകുമെന്ന് പ്രതീക്ഷിക്കുന്നു.

എന്തുകൊണ്ട് ദക്ഷിണധ്രുവം?

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ഗർത്തങ്ങൾ ദീർഘ കാലമായി സൂര്യപ്രകാശം കണ്ടിട്ടില്ല. അതിനാൽ വെള്ളവും ജൈവ സംയുക്തങ്ങളും സംരക്ഷിക്കാൻ കഴിയുന്ന ഫ്രീസറുകളായി ആ ഗർത്തങ്ങൾ പ്രവർത്തിക്കുമെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. നാസയുടെ കണക്കനുസരിച്ച് ഈ നിഴൽ വീണ പ്രദേശങ്ങളിൽ താപനില മൈനസ് 203 ഡിഗ്രി സെൽഷ്യസ് വരെ കുറയാം.

ഭാവിയിലെ ചാന്ദ്ര താവളങ്ങൾക്ക് ആവശ്യമായ വെള്ളം കണ്ടെത്തേണ്ടത് വളരെ നിർണായകമാണ്. കുടിവെള്ളവും ബഹിരാകാശയാത്രികർക്ക് ഓക്‌സിജനും ലഭ്യമാക്കാൻ അത് അത്യാവശ്യമാണ്.

ചന്ദ്രന്റെ മിക്ക പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ദക്ഷിണധ്രുവത്തിനടുത്തുള്ള ഉയർന്ന കൊടുമുടികളിലും ഗർത്തങ്ങളുടെ അരികുകളിലും നിരന്തരമായി സൂര്യപ്രകാശം ലഭിക്കുന്നു. താരതമ്യേന സുസ്ഥിരമായ കാലാവസ്ഥയും തുടർച്ചയായ സൗരോർജ ലഭ്യതയുമുള്ള ചാന്ദ്ര ഔട്ട്പോസ്റ്റിന് അനുയോജ്യമായ സ്ഥലമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയും ഇന്ത്യയും റഷ്യയും ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാൽ 2023-ൽ ചന്ദ്രയാൻ-3 ഉപയോഗിച്ച് ഇന്ത്യ മാത്രമാണ് ഇതിനടുത്ത് ലാൻഡ് ചെയ്തിട്ടുള്ളത്.

വിക്ഷേപണം ഒരുംമാസം വൈകാൻ കാരണം?

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഷാക്കിൾട്ടൺ ഗർത്തത്തിന് ചുറ്റുമുള്ള സ്ഥിരമായി പ്രകാശമുള്ള പ്രദേശങ്ങൾക്ക് സമീപമാണ് ചാങ്ഇ-7 ലാൻഡിങ് നടത്താൻ ലക്ഷ്യമിടുന്നത്. അതിനാൽ മറ്റു ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാങ്ഇ-7 ശ്രദ്ധാപൂർവ്വം നിശ്ചിത പാത പിന്തുടരേണ്ടതുണ്ട്. അല്ലാത്തപക്ഷം പേടകത്തിന് കാര്യക്ഷമമായി ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കാനും ലക്ഷ്യസ്ഥാനത്തെത്താനും സാധിക്കില്ല. അതിനാൽ വിക്ഷേപണത്തിന് അനുയോജ്യമായ സമയം ഏകദേശം ഒരാഴ്ചയോളം മാത്രമേ ലഭ്യമാകൂ.

Content Highlights: Chang'e-7 launch delayed to September due to Tropical Depression Narra., Mission aims to search for water ice at the Moon's south pole., Features a novel hopping probe to explore shadowed craters like Shackleton Crater., Narrow launch window dictated by complex lunar polar trajectories.