ഹെൽമെറ്റില്ലാതെ പോയാൽ ഇനി രക്ഷയില്ല; പിടികൂടാൻ റോബോട്ട് പോലീസ് നിരത്തിലേക്ക്!

#ടെക്നോളജി ഡെസ്ക്
Photo: youtube/ DWS News
Photo: youtube/ DWS News

കിഴക്കൻ ചൈനയിലെ ഹാൻഷോ നഗരത്തിൽ തിരക്കേറിയ ഒരു റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ റോബോട്ടിക് ട്രാഫിക് പോലീസ്. ഹെൽമെറ്റ് ധരിക്കാതെ പോവുന്ന ഇ-ബൈക്ക് റൈഡർമാരെ കണ്ടെത്തി മുന്നറിയിപ്പ് നൽകാനും, ട്രാഫിക് ലൈറ്റുകൾക്കനുസരിച്ച് കൈകൾ ചലിപ്പിക്കാനുമെല്ലാം 6.2 അടി ഉയരമുള്ള ഒരു റോബോട്ടിന് കഴിവുണ്ട്.

സുപ്കോൺ ഇൻഫർമേഷൻ എന്ന ചൈനീസ് കമ്പനിയാണ് 98 കിലോഗ്രാം ഭാരമുള്ള 'ടി2' എന്ന ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. ഗതാഗത നിയന്ത്രണം പോലെ പോലീസുകാർ ദിവസേന ചെയ്യുന്ന ആവർത്തനമുള്ള ചില ജോലികൾ യന്ത്രങ്ങളെ ഏൽപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കു പിന്നിൽ.

ക്യാമറ, റഡാർ, ഓൺബോർഡ് കംപ്യൂട്ടിങ് സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഈ റോബോട്ട് ഗതാഗതം നിരീക്ഷിക്കുന്നത്. ഹെൽമെറ്റ് ധരിക്കാത്ത റൈഡർമാരെയും യാത്രക്കാരെ വഹിച്ചുള്ള ഇ-ബൈക്കുകളും, റോഡിലെ അടയാളങ്ങൾക്ക് മേൽ നിർത്തിയിട്ട വാഹനങ്ങളും, സിഗ്നൽ തെറ്റിച്ച് നടക്കുന്ന കാൽനടയാത്രക്കാരെയുമെല്ലാം ഈ റോബോട്ട് പോലീസ് തിരിച്ചറിയും.

ഇതിനോട് വഴിചോദിക്കാനും, പാർക്കിങ്, ട്രാഫിക് നിയമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനും സാധിക്കും. അടിയന്തര ഘട്ടങ്ങളിൽ പോലീസിനെ ബന്ധപ്പെടാനും ഇത് ജനങ്ങളെ സഹായിക്കും. ട്രാഫിക് സിഗ്നലിന് അനുസരിച്ച് കൈകൾകൊണ്ട് സിഗ്നൽ കാണിക്കാൻ ഈ റോബോട്ടിന് കഴിവുണ്ട്.

ഈ വർഷം മേയ് മുതൽ 15-ഓളം റോബോട്ടുകളെ സുപ്കോൺ വിന്യസിച്ചിട്ടുണ്ട്. 1,70,000 മുന്നറിയിപ്പുകളും ഇതുവഴി നൽകിയിട്ടുണ്ട്. ഇതുവഴി ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിച്ചുവെന്നും സ്റ്റോപ്പ് ലൈനുകൾ മറികടന്ന് വാഹനങ്ങൾ നിർത്തുന്നത് 40 ശതമാനം കുറഞ്ഞുവെന്നും കമ്പനി അവകാശപ്പെടുന്നു.

ഇടവേളയില്ലാതെ പണിയെടുക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നതാണ് വലിയൊരു നേട്ടം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, സ്കൂളുകളുടെ പരിസരങ്ങൾ, വാണിജ്യ നഗരങ്ങൾ ഉൾപ്പെടെ ജനത്തിരക്കേറിയ ഇടങ്ങളിലും വാഹനത്തിരക്കേറിയ സമയങ്ങളിലും ഏത് കാലാവസ്ഥയിലും ജോലി ചെയ്യാൻ ഇതിനാവും.

അതേസമയം വിദേശരാജ്യങ്ങളിലേക്ക് ഈ റോബോട്ടുകളെ എത്തിക്കുന്നതിന് പ്രതിബന്ധങ്ങൾ ഏറെയുണ്ടെന്ന് കമ്പനി പറയുന്നു. അതതു നാടുകളിലെ ഗതാഗത നിയമപാലന സേവനങ്ങളുടെ ഐ.ടി. സംവിധാനങ്ങളെ ഈ റോബോട്ടുകളുമായി ബന്ധിപ്പിക്കേണ്ടിവരും. അതിന് ആവശ്യമായ അനുമതികൾ ലഭിക്കുന്നതും വിവര സംരക്ഷണ നിയമങ്ങൾക്ക് വിധേയമാകുന്നതുമെല്ലാം വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും, ക്യാമറകൾ ഉപയോഗിച്ച് നിരന്തരം ദൃശ്യങ്ങൾ പകർത്തുന്ന ഉപകരണമാണിത്. ഇതിനുപുറമെ ചൈനീസ് നിർമിത ഉപകരണമാണെന്നത് യു.എസ്. ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിൽ ഈ റോബോട്ടിന് സ്വീകാര്യത ലഭിക്കാൻ തടസ്സമാണ്.

Content Highlights: Chinese tech firm Supcon Information has deployed 6.2-foot-tall 'T2' robot traffic police officers in Hangzhou to detect traffic violations, issue automated warnings, and assist commuters, significantly curbing road offenses while facing data privacy and geopolitical roadblocks for overseas expansion.