125 വർഷം പിന്നിട്ടു, ആ ബൾബ് ഇപ്പോഴും തെളിയുന്നു; കെട്ടടങ്ങാതെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

#ടെക്‌നോളജി ഡെസ്‌ക്
1. 125 വര്‍ഷമായി പ്രകാശിക്കുന്ന ബള്‍ബ് 2. പ്രതീകാത്മകചിത്രം | Photo - AI, Yahoo
1. 125 വര്‍ഷമായി പ്രകാശിക്കുന്ന ബള്‍ബ് 2. പ്രതീകാത്മകചിത്രം | Photo - AI, Yahoo

വീണ്ടും വാർത്തകളിൽ നിറഞ്ഞ് കഴിഞ്ഞ 125 വർഷമായി തെളിഞ്ഞു കത്തുന്ന കാലിഫോർണിയയിലെ ലൈറ്റ് ബൾബ്. ദീർഘായുസ് മാത്രമല്ല, അതിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾകൂടിയാണ് ബൾബിനെ ശ്രദ്ധേയമാക്കുന്നത്. 1901 ജൂണിൽ ആദ്യമായി ഓൺ ചെയ്ത ബൾബ് 125 വർഷം പൂർത്തിയാക്കുന്നതോടെയാണ് വീണ്ടും ചർച്ചകൾ പുനരാരംഭിച്ചിരിക്കുന്നതെന്ന പോപ്പുലർ സയൻസ് റിപ്പോർട്ട് ചെയ്യുന്നു,

ഇത്രയും കാലം നിലനിന്നത് എന്തുകൊണ്ട്?

1901-ൽ ഒഹായോ ആസ്ഥാനമായ ഷെൽബി ഇലക്ട്രിക് കമ്പനിയാണ് സെന്റനിയൽ ബൾബ് നിർമ്മിച്ചത്. കാലിഫോർണിയയിലെ ലിവർമോർ ഫയർ സ്റ്റേഷൻ നമ്പർ 6-ൽ ഇത് സ്ഥാപിക്കപ്പെട്ടു. 1972-ൽ ഏറ്റവും പഴക്കം ചെന്നതും പ്രവർത്തിക്കുന്നതുമായ ലൈറ്റ് ബൾബായി ഗിന്നസ് വേൾഡ് റെക്കോർഡ്സിലും റിപ്ലേസ് ബിലീവ് ഇറ്റ് ഓർ നോട്ട്ഡിലും ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സെന്റനിയൽ ബൾബ് യഥാർത്ഥത്തിൽ 60-വാട്ട് ബൾബായി രൂപകൽപ്പന ചെയ്തതാണെങ്കിലും ഇപ്പോൾ ഏകദേശം നാല് വാട്ട് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വളരെ കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കുന്നതിനാൽ, അതിന്റെ ടങ്സ്റ്റൺ ഫിലമെന്റ് ഒരു സാധാരണ ലാമ്പിന്റെ ഫിലമെന്റിനേക്കാൾ വളരെ സാവധാനത്തിലാണ് കേടാവുന്നത്. ആദ്യകാലത്തെ് ബൾബുകൾ കൈകൊണ്ട് നിർമ്മിച്ചവ ആയിരുന്നു. നിർമ്മാതാക്കൾ തെളിച്ചത്തേക്കാൾ ഈടുനിൽപ്പിനാണ് മുൻഗണന നൽകിയത്.

ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് പിന്നിലെന്ത്?

കമ്പനികൾ പിന്നീട് ആസൂത്രിതമായി ലൈറ്റ് ബൾബുകളുടെ ആയുസ് ബോധപൂർവ്വം കുറച്ചുവെന്നതിന് തെളിവായി പലപ്പോഴും ഈ ബൾബ് ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും എഞ്ചിനീയർമാരും ചരിത്രകാരന്മാരും അതിന്റെ അസാധാരണമായ രൂപകൽപ്പനയാണ് ദീർഘായുസിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ഊർജ ഉപയോഗം, മങ്ങിയ പ്രകാശം, അതുല്യമായ നിർമ്മാണം എന്നിവ അത് ഇത്രയും കാലം പ്രവർത്തിക്കുന്നതിനുള്ള കാരണങ്ങളാണെന്നും, നിർമ്മാതാക്കൾ ബോധപൂർവ്വം കൂടുതൽ കാലം നിലനിൽക്കുന്ന സാങ്കേതികവിദ്യ മറച്ചുവെച്ചതിന് തെളിവല്ലെന്നും വിദഗ്ധർ പറയുന്നു.

ഗൂഢാലോചന സിദ്ധാന്തത്തിന് ഊർജം പകർന്ന് ഫോബസ് കാർട്ടൽ

ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മിക്കവയും ഫോബസ് കാർട്ടലുമായി ബന്ധപ്പെട്ടവയാണ്. 1925-ൽ ഫിലിപ്‌സ്, ജനറൽ ഇലക്ട്രിക് തുടങ്ങിയ ലൈറ്റിങ് കമ്പനികൾ രൂപവത്കരിച്ച ഒരു കൂട്ടുകെട്ടായിരുന്നു ഇത്. ഏകദേശം 1,000 മണിക്കൂർ ആയുസുള്ള ബൾബുകൾ സ്റ്റാൻഡേർഡ് ആക്കാനും വിപണി വില നിശ്ചയിക്കാനും ഈ ഗ്രൂപ്പ് തീരുമാനിച്ചിരുന്നുവെന്നാണ് വിവരം.

സെന്റനിയൽ ബൾബ് ഒരു ദശലക്ഷം മണിക്കൂറിലധികം പ്രവർത്തിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ കമ്പനികൾ ബോധപൂർവ്വം ഉൽപ്പന്നങ്ങളുടെ ആയുസ് ആസൂത്രിതമായി കുറയ്ക്കുന്നുവെന്ന ആരോപണത്തിന് തെളിവായി ചൂണ്ടിക്കാണികകപ്പെടുന്നു. എന്നാൽ ഗവേഷകരും ഇലക്ട്രോണിക്‌സ് വിദഗ്ധരും ഈ ആരോപണം തള്ളിയിട്ടുണ്ട്.

ആധുനിക ബൾബുകൾ എന്തുകൊണ്ട് വ്യത്യസ്തമാകുന്നു

ലൈറ്റിങ് സാങ്കേതികവിദ്യ വികസിച്ചതോടെ ഉത്പന്നങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിന് പകരം കമ്പനികൾ വെളിച്ചം, കാര്യക്ഷമത, ഈടുനിൽപ്പ് എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകി മുന്നോട്ടുപോയി. ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്ന ഫിലമെന്റ് തെളിച്ചമേറിയ വെളുത്ത പ്രകാശം നൽകി. എന്നാൽ അവയുടെ പ്രവർത്തന സമയം കുറഞ്ഞു. പിന്നീട് ബൾബുകളിൽ നിന്ന് ഫ്‌ളൂറസെന്റ് ലാമ്പുകളിലേക്കും എൽഇഡികളിലേക്കും സാങ്കേതികവിദ്യ വികസിച്ചതോടെ സമവാക്യങ്ങൾ വീണ്ടും മാറി. ഇത്തരം പുതിയ ലൈറ്റുകൾ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുകയും ബൾബുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് അടിത്തറ പാകിയ ഫോബസ് കാർട്ടൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ പിരിച്ചുവിടപ്പെട്ടിരുന്നു.

Content Highlights: The Centennial Bulb has been operational for 125 years since 1901., Its longevity is due to low power consumption and low filament temperature., Conspiracy theories link the bulb to the Phoebus Cartel's planned obsolescence., Experts debunk the cover-up theory by citing design differences vs. modern bulbs., Modern lighting prioritizes brightness and efficiency over extreme durability.