സിനിമയുടെ നിലവാരമുള്ള വീഡിയോ, ഞെട്ടിച്ച് Seedance 2.0, എതിർപ്പുമായി അമേരിക്കയിലെ സ്റ്റുഡിയോകൾ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | screenshot
പ്രതീകാത്മകചിത്രം | screenshot

നിർമിതബുദ്ധി (എഐ)യിൽ കടുത്ത മത്സരത്തിലാണ് അമേരിക്കയും ചൈനയും. ആര് ഒന്നാമതെത്തും എന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ഈ പശ്ചാത്തലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസ് പുറത്തിറക്കിയ പുതിയ Seedance 2.0 എന്ന എഐ വീഡിയോ മോഡൽ.

ചൈനയുടെ എഐ മുന്നേറ്റത്തിൽ സുപ്രധാന പങ്കുവഹിച്ച കമ്പനിയാണ് ബൈറ്റ്ഡാൻസ്. യഥാർഥമെന്ന് തോന്നിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകൾ നിർമിക്കാൻ സാധിക്കുന്ന അവരുടെ Seedance 2.0 ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഈ മോഡൽ സൃഷ്ടിച്ച സാമ്പിൾ വീഡിയോ ക്ലിപ്പുകൾ x-ൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആഗോള തലത്തിൽ ഓപ്പൺഎഐ, ഗൂഗിൾ എന്നിവരുമായി മത്സരിക്കാൻ ലക്ഷ്യമിട്ട് സ്വന്തം നിലയിലുള്ള വൻ എഐ മുന്നേറ്റത്തിന് ചൈന ശ്രമിക്കുന്നതിനിടെയാണ് ഇതെല്ലാം നടക്കുന്നത്.

Seedance 2.0 ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാകുകയോ പൂർണമായി തയ്യാറാകുകയോ ചെയ്യാതിരുന്നിട്ടുപോലും അത് സൃഷ്ടിച്ച ഹോളിവുഡ് സിനിമകളുടെ നിലവാരമുള്ള വീഡിയോകൾ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സിനിമാ വ്യവസായം അവസാനിച്ചു എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പോലും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. അതിനിടെ എഐ ടൂളിനെതിരെ പ്രമുഖ അമേരിക്കൻ സ്റ്റുഡിയോകൾ രംഗത്തെത്തിക്കഴിഞ്ഞു.

സിനിമകളെയും ഷോകളെയും അടിസ്ഥാനമാക്കിയുള്ള ക്ലിപ്പുകൾ ഉപയോഗിച്ച് പകർപ്പവകാശം ലംഘിക്കുന്നത് ബൈറ്റ്ഡാൻസ് ഉടനടി നിർത്തണമെന്ന് സ്റ്റുഡിയോകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലിപ്പുകൾ പലതും യഥാർഥ അഭിനേതാക്കളെയും, ടിവി ഷോകളെയും, സിനിമകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഒറ്റ ദിവസം കൊണ്ട്, ചൈനീസ് എഐ ടൂളായ Seedance 2.0 അമേരിക്കൻ പകർപ്പവകാശമുള്ള സൃഷ്ടികൾ വൻതോതിൽ അനധികൃതമായി ഉപയോഗിച്ചുകഴിഞ്ഞുവെന്ന് മോഷൻ പിക്ചർ അസോസിയേഷൻ ബിബിസിയോട് പറഞ്ഞു.

നെറ്റ്ഫ്‌ളിക്‌സ്, പാരമൗണ്ട് പിക്‌ചേഴ്‌സ്, പ്രൈം വീഡിയോ ആൻഡ് ആമസോൺ എംജിഎം സ്റ്റുഡിയോസ്, സോണി പിക്‌ചേഴ്‌സ്, യൂണിവേഴ്‌സൽ സ്റ്റുഡിയോസ്, ദ വാൾട്ട് ഡിസ്‌നി സ്റ്റുഡിയോസ്, വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി എന്നിവയാണ് പ്രധാന അമേരിക്കൻ സ്റ്റുഡിയോകളെ പ്രതിനിധീകരിച്ച് എതിർത്തുമായി രംഗത്തെത്തിയിട്ടുള്ളത്.

യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിള്ള സംവിധാനം ഇതിനകം നിർത്തിവെച്ചിട്ടുണ്ടെന്നാണ് ബൈറ്റ് ഡാൻസ് അവകാശപ്പെടുന്നത്. കമ്പനി ബൗദ്ധിക സ്വത്തവകാശങ്ങളെയും പകർപ്പവകാശ സംരക്ഷണത്തെയും മാനിക്കുന്നുവെന്നും നിയമ ലംഘനങ്ങൾ ഗൗരവമായി കാണുമെന്നും അവർ പറയുന്നു. പരിമിതമായ പ്രീ-ലോഞ്ച് ടെസ്റ്റിങ് ഘട്ടത്തിന്റെ ഭാഗമായി സൃഷ്ടിച്ച ഉള്ളടക്കമാണ് എതിർപ്പിന് ഇടയാക്കിയതെന്നും അവർ ന്യായീകരിക്കുന്നു.

ലളിതമായ ഒരു ടെക്സ്റ്റ് പ്രോംപ്റ്റിൽ നിന്ന് യഥാർഥമെന്ന് തോന്നുന്ന ക്ലിപ്പുകൾ വേഗത്തിൽ നിർമ്മിക്കാനുള്ള കഴിവാണ് ആരെയും അമ്പരപ്പിക്കുന്നത്. ഇത്തരം ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോഡ് ഓഫ് ദ റിംഗ്‌സ്, സീൻഫെൽഡ്, അവഞ്ചേഴ്‌സ്, ബ്രേക്കിംഗ് ബാഡ് പോലുള്ള ഷോകളിലെയും സിനിമകളിലെയും രംഗങ്ങൾ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

Content Highlights: ByteDance, TikTok`s parent, unveils Seedance 2.0, a powerful AI video model rivaling Hollywood. Explore its capabilities & the AI battle between China and the US.