ഹാക്കിങ്ങിന് ഇരയായി ബുക്കിങ്.കോം; ഉപയോക്താക്കളെ ബന്ധപ്പെട്ട് തട്ടിപ്പുകാർ, ജാഗ്രതാ നിർദേശം

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ബുക്കിങ് വെബ്‌സൈറ്റുകളിൽ ഒന്നായ ബുക്കിങ്.കോമിനുനേരെ ഹാക്കിങ് ആക്രമണം. കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചുവെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ടു ചെയ്യുന്നത്. ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ബുക്കിങ് വിശദാംശങ്ങൾ എന്നിവ ചോർന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഹാക്കിങ് ആക്രമണത്തെക്കുറിച്ച് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ചില സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാക്കിങ് സ്ഥിരീകരിച്ചതെന്ന് കമ്പനി പറയുന്നു. ഉടൻതന്നെ പ്രശ്‌നം പരിഹാരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ബുക്കിങ് വിശദാംശങ്ങൾ, പേര്/പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകൾ, താമസ സ്ഥലവുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾ പങ്കുവെച്ച വിവരങ്ങൾ എന്നിവ ഹാക്കർമാർക്ക് ലഭിച്ചിട്ടുണ്ടാകാം എന്നാണ് സൂചന. ഹാക്കിങ് എത്ര ഉപയോക്താക്കളെ ബാധിച്ചുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, അതിനിടെ, ഫിഷിങ് ഇമെയിലുകളും സന്ദേശങ്ങളും ലഭിച്ചതായി അവകാശപ്പെട്ട് ബുക്കിങ്.കോമിന്റെ പല ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ ബന്ധപ്പെട്ടുവെന്ന് ഒരു ഉപയോക്താവ് അവകാശപ്പെട്ടു. അവർ എല്ലാ വിവരങ്ങളും (പേര്, ക്രെഡിറ്റ് കാർഡ്, ഫോൺ, മെയിൽ, ബുക്കിങ് ഐഡി, സമയപരിധി, ഹോട്ടൽ) നൽകി ബുക്കുചെയ്ത ഹോട്ടലിന്റെ ചിത്രങ്ങളോടുകൂടിയ ഒരു വ്യാജ വെബ് സൈറ്റിലേക്ക് ആകർഷിച്ചു. പണം തട്ടാൻ ശ്രമം നടന്നതോടെ ഡൊമെയ്ൻ ശ്രദ്ധിച്ചു. പിന്നാലെ ബുക്കിങ്.കോമിനെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
മുറി ബുക്ക് ചെയ്ത ഹോട്ടലുകളിൽ ഒന്നിന്റെ 'ചെക്ക്-ഇൻ മാനേജർ' എന്ന് അവകാശപ്പെടുന്ന ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചുവെന്ന് മറ്റൊരു ഉപയോക്താവ് റെഡ്ഡിൽകൂടി വെളിപ്പെടുത്തി. അതൊരു തട്ടിപ്പ് ആണെന്ന് ഉടൻ തിരിച്ചറിയാൻ കഴിഞ്ഞു. പിന്നീട് ലിങ്കുകൾ ഒന്നും ക്ലിക്ക് ചെയ്തില്ല. അന്വേഷണങ്ങളോട് പ്രതികരിച്ചതുമില്ല. ഒരു ദിവസത്തിനു ശേഷം ഇതേ ഹോട്ടലിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. എന്റെ റിസർവേഷൻ കൺഫേം ചെയ്തതായി അറിയിച്ചു. ബുക്കിങ്.കോം ആപ്പിന് പുറത്തുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത് എന്ന സാധാരണ മുന്നറിയിപ്പ് ആവർത്തിച്ചുവെന്നും അദ്ദേഹം പറയുന്നു.
അതിനിടെ, പേരുകൾ, ഇമെയിലുകൾ, ഫോൺ നമ്പരുകൾ തുടങ്ങിയവ തട്ടിപ്പുകാർക്ക് വിലപ്പെട്ട വിവരങ്ങളാകാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇമെയിലുകൾ സ്വീകരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സാധിക്കുമെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരുടെ കോളുകൾക്ക് ഉത്തരം നൽകാതിരിക്കണമെന്നും അവർ പറയുന്നു.
Content Highlights: Unauthorized access to guest booking details, names, emails, and phone numbers confirmed in 2026., Booking.com has contained the incident and initiated PIN updates for affected reservations., Users are reporting sophisticated phishing attempts via WhatsApp and email., No official statement yet on the specific number of affected users or the exact timeline of the hack., Users are advised to remain vigilant against payment-related scams and unsolicited messages.