എഐ ഉപയോഗിച്ച് നിരീക്ഷണം, ജോലിക്കാരിയെ കയ്യോടെ പിടികൂടി, 4800 രൂപയുടെ മോഷണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഫോണിലും ഇലക്ട്രോണിക് ഉപകരണങ്ങളിലുമെല്ലാം എഐ സംവിധാനങ്ങൾ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. ഇവിടെയിതാ വീട്ടിലെ ജോലിക്കാരിയെ നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചിരിക്കുകയാണ് ബെംഗളൂരൂവിലെ ഒരു ടെക്കി. പങ്കജ് എന്ന എക്സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്. ടെക്കിയുടെ യഥാർത്ഥ പേര് ഇത് തന്നെയാണോ എന്ന് വ്യക്തമല്ല.
വേലക്കാരി വീട്ടിൽ സുക്ഷിച്ച പഴങ്ങൾ മോഷ്ടിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാൾ എഐ റൂം മേറ്റ് എന്ന എഐ സംവിധാനത്തെ രഹസ്യ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയത്. എഐ ടൂളിനെ വീട്ടിലെ സിസിടിവി ക്യാമറയുമായി ബന്ധിപ്പിച്ചു. കാണുന്ന കാര്യങ്ങളുടെ വിശദമായ ടെക്സ്റ്റ് സന്ദേശത്തിനൊപ്പം വിശകലനവും നൽകാൻ കഴിവുണ്ട് ഈ എഐയ്ക്ക്.
വേലക്കാരി അടുക്കളയിൽ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ ഈ എഐ സംവിധാനം തന്റെ ജോലി ആരംഭിക്കും. ജോലിക്കിടയിൽ എന്തെങ്കിലും അവർ എടുക്കുന്നുണ്ടെങ്കിൽ അക്കാര്യം ടെക്കിയെ അറിയിക്കും. ആഴ്ചയിൽ റിപ്പോർട്ട് നൽകും. പാചകം ചെയ്യുന്നതിനിടയിൽ കൈകൾ വൃത്തിയാക്കുന്നുണ്ടോ എന്ന് നോക്കാനും ജോലി കഴിഞ്ഞാൽ അടുക്കളയിലെ സ്ലാബുകൾ വൃത്തിയാക്കുന്നുണ്ടോ എന്നും നിരീക്ഷിക്കാനും ഈ സംവിധാനത്തെ ഏൽപ്പിച്ചു.
ജോലി വൃത്തിയായി ചെയ്ത എഐ സംവിധാനം, എല്ലാം കൃത്യമായി ഉടമയെ അറിയിക്കുകയും ചെയ്തു. ഫ്രിഡ്ജ് തുറന്ന് ആപ്പിളുകൾ എടുത്തുവെന്നും അത് അവളുടെ ബാഗിലേക്കാണ് ഇട്ടതെന്നും എഐ കണ്ടെത്തി. ഡസ്റ്റ്ബിന്നിന്റെ മൂടി തൊടുകയും മൂക്ക് ചൊറിയുകയും ചെയ്ത അതേ കൈകൊണ്ടാണ് അന്നത്തേക്കുള്ള ചപ്പാത്തിയുണ്ടാക്കിയതെന്നും ഇക്കാര്യം അറിയിക്കാൻ വൈകിയെന്നും അടുത്തതവണ നാല് സെക്കൻറിൽ അറിയിക്കാമെന്നും എഐ പറഞ്ഞു.
"7.12 നാണ് അവൾ വന്നത്, ആദ്യം ചെയ്ത കാര്യം ഫ്രിഡ്ജ് തുറക്കുകയാണ്, പാചകം ചെയ്യാൻ എന്തുണ്ടെന്ന് നോക്കാനല്ല. അൽപ്പനേരം അവിടെ നിന്ന് രണ്ട് ആപ്പിളെടുത്ത് അവളുടെ ബാഗിലിട്ടു, എന്നിട്ട് പാചകം ചെയ്യാൻ തുടങ്ങി" എഐ അയച്ച സന്ദേശങ്ങളിലൊന്ന് ഇങ്ങനെയാണ്.
വേലക്കാരിയുടെ പെരുമാറ്റത്തിന്റെ ആഴ്ചയിലെ റിപ്പോർട്ട് നൽകാൻ ഉടമ ആവശ്യപ്പെട്ടു. മറുപടി ഇങ്ങനെ ആയിരുന്നു," ഈ ആഴ്ച, പാചകം ചെയ്യുന്നതിന് മുമ്പ് നാല് തവണ ഫ്രിഡ്ജ് തുറന്നു. 3 ആപ്പിളുകൾ പോയി, ചൊവ്വാഴ്ചത്തെ വാഴപ്പഴം കാണാനില്ല, വ്യാഴാഴ്ച നിങ്ങളുടെ ബ്ലൂബെറി കഴിക്കുന്നത് കണ്ടുപിടിച്ചു. ഇങ്ങനെ ഒരു മാസം 4800രൂപയുടെ സാധനങ്ങൾ വേലക്കാരി അടിച്ചുമാറ്റിയെന്നും എഐ റിപ്പോർട്ട് നൽകി.
രസകരമായ പ്രതികരണമാണ് ടെക്കിയുടെ എക്സ് പോസ്റ്റിന് കീഴിൽ വന്നത്. ചിലർ എഐയുടെ ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് ചിലർ ഇനിമുതൽ ഒരു പാചകക്കാരിയും വീട്ടിൽ ഒരാഴ്ച നിൽക്കില്ലെന്നും കമന്റ് ചെയ്തു. അടുത്ത തവണ നല്ല വട്ടത്തിലുള്ള റോട്ടി ആഴ്ചയിൽ എത്രയെണ്ണം ഉണ്ടാക്കിയെന്ന് കൂടി നോക്കണമെന്ന് മറ്റൊരാൾ തമാശ രൂപേണ പറഞ്ഞു.
അതേസമയം, ഈ സംവിധാനം അപ്ഗ്രേഡ് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്ന് ടെക്കി പറഞ്ഞു. ഗ്യാസ് ഡിറ്റക്ഷൻ, വെറുതെ ഇരിക്കുന്ന സമയം ട്രാക്ക് ചെയ്യുന്ന സൗകര്യം ഉൾപ്പടെ ഇതിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലോഡ് ഹൈക്കു 4.5 മോഡലാണ് ക്യാമറ ദൃശ്യങ്ങൾ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. വൈകാതെ തന്നെ ഇത് എന്റെ റാസ്ബെറി പൈയിലെ (RasPi) ലോക്കൽ മോഡലിലേക്ക് മാറ്റും, അതോടെ ഇതിന് പൂർണമായും ഓഫ്‌ലൈനായി പ്രവർത്തിക്കാനാകും. മുഖം തിരിച്ചറിയാനുള്ള ഫേസ് ഡിറ്റക്ഷൻ ലോക്കലായി പ്രവർത്തിപ്പിക്കുകയും എൽ.എൽ.എം.-ലേക്ക് എത്തുന്നതിനുമുമ്പ് മുഖം ബ്ലർ ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം വിശദീകരിച്ചു.
Content Highlights: A Bengaluru-based software engineer used an AI-integrated CCTV system (AI Roommate) to monitor his domestic worker, successfully documenting hygiene lapses and the theft of groceries worth ₹4,800 in a month.