സ്‌കൂബ ഡൈവിങിനിടെ അപകടം, പുതുച്ചേരിയില്‍ ടെക്കിയെ രക്ഷിച്ചത് ആപ്പിള്‍ വാച്ച്, സന്ദേശമയച്ച് ടിം കുക്ക്

Photo: www.instagram.com/kennnny.z/
Photo: www.instagram.com/kennnny.z/

പുതുച്ചേരി: സാങ്കേതികവിദ്യയുടെ സഹായത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ സംഭവങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ സംഭവം കൂടി. പുതുച്ചേരിക്ക് സമീപം സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ മുംബൈ സ്വദേശിയായ 26-കാരന്‍ ക്ഷിതിജ് സോഡാപ്പേയുടെ ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച് അള്‍ട്രയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഡൈവിംഗ് നടത്തുന്നതിനിടെ ക്ഷിതിജ് ഉപയോഗിച്ച ഉപകരണം തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. ഒരു ഇ-കൊമേഴ്സ് കമ്പനി ജീവനക്കാരനാണ് ക്ഷിതിജ്. 2020 മുതല്‍ ഡൈവിങ് ചെയ്യുന്നയാളാണ്. കടലില്‍ കാഴ്ച മറയ്ക്കും വിധം വെള്ളത്തിന് കലക്കുണ്ടായിരുന്നുവെന്ന് ക്ഷിതിജ് പറയുന്നു. അഞ്ചോ പത്തോ മീറ്റര്‍ താഴേക്ക് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു.ഏകദേശം 36 മീറ്റര്‍ താഴ്ചയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വെയ്റ്റ് ബെല്‍റ്റ് അപ്രതീക്ഷിതമായി ഊരിപ്പോയി. ഇതോടെ അദ്ദേഹം വളരെ വേഗത്തില്‍ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നുപോവാന്‍ തുടങ്ങി. ഇത് മാരകമായ ശ്വാസകോശ പരിക്കുകള്‍ക്ക് കാരണമാകുമായിരുന്നു.

എന്നാല്‍ വെള്ളത്തിനടിയില്‍ നിന്ന് ക്ഷിതിജ് പെട്ടെന്ന് ഉയരുന്നത് കയ്യില്‍ കെട്ടിയിരുന്ന ആപ്പിള്‍വാച്ച് അള്‍ട്ര തിരിച്ചറിഞ്ഞു. സ്‌ക്രീനില്‍ മുന്നറിയിപ്പുകള്‍ കാണിച്ചു. വേഗം കുറയ്ക്കാനും അല്ലെങ്കില്‍ ശ്വാസകോശത്തിന് അപകടമാണെന്നുമുള്ള നിര്‍ദേശം നല്‍കി. എന്നാല്‍ ക്ഷിതിജിന് ഈ കുതിച്ചുപൊങ്ങല്‍ നിയന്ത്രിക്കാനാകുമായിരുന്നില്ല. ഇതോടെ, വാച്ചിലെ എമര്‍ജന്‍സി സൈറണ്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. വെള്ളത്തിനടിയിലെ മറ്റു ശബ്ദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ സൈറണ്‍ കേട്ട് അദ്ദേഹത്തിന്റെ ഡൈവിംഗ് പരിശീലകന്‍ ഉടന്‍ തന്നെ സഹായത്തിനെത്തി.

പരിശീലകന്‍ എത്തുമ്പോഴേക്കും ക്ഷിതിജ് ഏകദേശം 10 മീറ്ററോളം മുകളിലേക്ക് എത്തിയിരുന്നു. വാച്ചിലെ അലാറം നല്‍കിയ സൂചനയാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. തന്റെ വാച്ചില്‍ ഇങ്ങനെയൊരു സംവിധാനമുണ്ടെന്ന് അപകടസമയത്ത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ക്ഷിതിജ് പറയുന്നു.

എന്തെങ്കിലും മനസിലാക്കുന്നതിന് മുമ്പ് തന്നെ വാച്ച് മുന്നറിയിപ്പുകള്‍ കാണിക്കാന്‍ തുടങ്ങി. ഞാന്‍ അത് ശ്രദ്ധിക്കാതെ വന്നപ്പോള്‍ അത് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. എന്റെ പരിശീലകന്‍ അത് ഉടന്‍ കേട്ടു. ക്ഷിതിജ് പറഞ്ഞു.

സംഭവത്തിനുശേഷം ക്ഷിതിജ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന് ഇ-മെയില്‍ സന്ദേശം അയച്ചു. അതിശയമെന്ന് പറയട്ടെ, ടിം കുക്ക് അതിന് മറുപടി നല്‍കി: 'നിങ്ങളുടെ പരിശീലകന്‍ അലാറം കേട്ട് ഉടന്‍ സഹായത്തിനെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ അനുഭവം പങ്കുവെച്ചതിന് നന്ദി. സുഖമായിരിക്കുക'. ടിം കുക്ക് പറഞ്ഞു.

2022-ല്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് അള്‍ട്ര സാഹസിക യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ഇതിലെ എമര്‍ജന്‍സി സൈറണ്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങളില്‍ വളരെ ഉപകാരപ്രദമാണ്. ഈ സൈറണ് 180 മീറ്റര്‍ ദൂരെ വരെ കേള്‍ക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന ആവൃത്തിയിലുള്ള രണ്ട് വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനാവും.

Content Highlights: During a scuba diving accident near Puducherry, 26-year-old Mumbai techie Kshitij Zodape was saved by his Apple Watch Ultra's emergency siren