മൈക്രോസോഫ്റ്റിന് പിന്നാലെ ആപ്പിളും പണിമുടക്കി, ഐക്ലൗഡും ആപ്പ് സ്റ്റോറും ഉൾപ്പെടെ തടസ്സപ്പെട്ടു; സൈബർ ആക്രമണം അല്ലെന്ന് കമ്പനി

ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിളിന്റെ സേവനങ്ങൾ ആഗോളതലത്തിൽ പണിമുടക്കി. ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ഇതോടെ തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതായതായി തകരാറുകൾ നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തു. ആപ്പിൾ ഉപകരണങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി ഐക്ലൗഡ് അക്കൗണ്ടിൽ ലോഗ് ഔട്ട് ആയതായി നിരവധി പേർ പരാതിപ്പെട്ടു. വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി പരാജയപ്പെട്ടുവെന്നും ഉപയോക്താക്കൾ പറയുന്നു.
സൈബർ ആക്രമണം അല്ല പ്രശ്നത്തിന് കാരണമെന്ന് ആപ്പിൾ വക്താവ് ബ്ലൂംബെർഗിനോട് പറഞ്ഞു. ആഭ്യന്തര സംവിധാനങ്ങളിൽ നടത്തിയ അപ്ഡേറ്റാണ് വ്യാപകമായ തകരാറിന് കാരണമായത് എന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. പ്രശ്നം പരിഹരിച്ച് സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പല സേവനങ്ങളും വീണ്ടും പ്രവർത്തനക്ഷമമായതായി ആപ്പിൾ അറിയിച്ചു. ശേഷിക്കുന്നവയും ഉടൻ പ്രവർത്തനക്ഷമമാകുമെന്നും ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടിട്ടും ആപ്പിളിന്റെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റസ് പേജിൽ സേവനങ്ങളെല്ലാം പ്രവർത്തനക്ഷമമാണെന്നാണ് കാണിച്ചിരുന്നത്. തുടക്കത്തിൽ ഔദ്യോഗിക വിശദീകരണം നൽകാതിരുന്ന ആപ്പിൾ ഏറെ വൈകിയാണ് പ്രസ്താവന ഇറക്കിയത്.
ദിവസങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റിന്റെ സേവനങ്ങളും ആഗോളതലത്തിൽ തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിൾ സേവനങ്ങളും പണിമുടക്കിയത്. മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററുകളിലുണ്ടായ സാങ്കേതിക പ്രശ്നം ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങളെയാണ് ബാധിച്ചത്. മൈക്രോസോഫ്റ്റിന്റെ നിരവധി ജനപ്രിയ സംവിധാനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. അമേരിക്കയിലെ കമ്പനികളിലും സർക്കാർ സംവിധാനങ്ങളിലും അടുത്തിടെ തുടർച്ചയായി ഇത്തരം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച അമേരിക്കയിൽ വിമാന സർവീസുകളും നാലു മണിക്കൂറിലേറെ തടസ്സപ്പെട്ട സംഭവത്തെയും പലരും ഇതുമായി കൂട്ടിവായിക്കുന്നുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) എയർ ട്രാഫിക് കൺട്രോൾ സംവിധാനങ്ങളിലെ ഉപകരണങ്ങൾ തകരാറിലായതിനെത്തുടർന്നാണ് വിമാനങ്ങൾ നിലത്തിറക്കേണ്ടിവന്നത്. വിമാനങ്ങളുടെ ഗതാഗത നിയന്ത്രണത്തെ ബാധിച്ച ഈ സംഭവവും രാജ്യത്തെ സുപ്രധാന സംവിധാനങ്ങളുടെ സാങ്കേതിക തകരാറുകൾ സംബന്ധിച്ച ആശങ്ക വർധിപ്പിച്ചിരുന്നു.
Content Highlights: Apple suffered a widespread global outage affecting iCloud, App Store, and Apple Pay, which the company attributed to an internal system update rather than a cyberattack, coming days after a major Microsoft disruption.