ആപ്പിൾ പേ ഇന്ത്യയിൽ ! തുടക്കത്തിൽ ആക്സിസ് ബാങ്ക് കാർഡുകൾ മാത്രം, എങ്ങനെ ഉപയോഗിക്കാം ?

ഇന്ത്യയിൽ ആപ്പിൾ പേ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേമെന്റുകൾ നടത്താൻ സഹായിക്കുന്ന പേമെന്റ് സംവിധാനമാണ് ആപ്പിൾ പേ. നിലവിൽ ആക്സിസ് ബാങ്കിന്റെ വിസ, മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകളാണ് ആപ്പിൾ പേയിൽ ഉപയോഗിക്കാനാകുക. ഇന്ത്യയിലെ മാക് ഉപകരണങ്ങളിലും വൈകാതെ ആപ്പിൾ പേ സൗകര്യം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
ആപ്പിൾ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് വഴി പേമെന്റ് നടത്തുമ്പോൾ ഓരോ ഇടപാടിനും കാർഡ് പിൻ നമ്പറോ ഒടിപിയോ നൽകേണ്ടതില്ല. പിഒഎസ് (POS) മെഷീനുകൾക്ക് സമീപത്ത് ഐഫോൺ വച്ച് എൻഎഫ്സി (NFC) വഴി കോൺടാക്റ്റ്‌ലെസ് പേമെന്റും നടത്താം.
കാർഡ് വിവരങ്ങൾ സുരക്ഷിതം
ഉപയോക്താക്കളുടെ കാർഡ് നമ്പറുകൾ ഉപകരണത്തിലോ ആപ്പിളിന്റെ സെർവറുകളിലോ സൂക്ഷിക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. പകരം, ഓരോ ഉപകരണത്തിനും പ്രത്യേകമായ യൂണീക്ക് ഡിവൈസ് അക്കൗണ്ട് നമ്പറും (Device Account Number) എൻക്രിപ്ഷനും ഉപയോഗിച്ചാണ് പേമെന്റ് വിവരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത്.
ഉപയോക്താക്കളുടെ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളും ആപ്പിൾ സൂക്ഷിക്കില്ലെന്ന് കമ്പനി പറയുന്നു. ഐഫോൺ പോലുള്ള ഉപകരണം നഷ്ടപ്പെട്ടാലും പേമെന്റ് സൗകര്യം ദൂരത്തുനിന്ന് നിയന്ത്രിക്കാനും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും സംവിധാനമുണ്ട്.
എങ്ങനെ ആപ്പിൾ പേയിൽ കാർഡ് ചേർക്കാം?
ആക്സിസ് ബാങ്കിന്റെ ആപ്പ് വഴിയോ ഐഫോണിലെ Apple Wallet വഴിയോ യോഗ്യമായ ക്രെഡിറ്റ് കാർഡ് ആപ്പിൾ പേയിൽ ചേർക്കാം. കാർഡിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും റിവാർഡുകളും ആപ്പിൾ പേ വഴി നടത്തുന്ന പേമെന്റുകൾക്കും ലഭിക്കും.
നിരവധി സ്ഥാപനങ്ങളിൽ പേമെന്റ് നടത്താം
ഇന്ത്യയിലെ വിവിധ റീട്ടെയിലർമാരും സേവനദാതാക്കളും ആപ്പിൾ പേ പേമെന്റുകൾ സ്വീകരിക്കും. ആപ്പിൾ സ്റ്റോർ ലൊക്കേഷനുകൾക്ക് പുറമേ ബ്ലിങ്കിറ്റ്, ചായോസ്, കോമെറ്റ്, ക്രോമ, ഇന്റർഫ്ലോറ, ഇക്സിഗോ, ലെ 15 പാറ്റിസറി, റിലയൻസ് ബ്രാൻഡുകൾ, ടാറ്റ 1 എംജി, സൊമാറ്റോ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ ഡിജിറ്റൽ പേമെന്റുകൾക്ക് വലിയ സ്വീകാര്യതയുള്ള സാഹചര്യത്തിലാണ് ആപ്പിൾ പേയുടെ വരവ്. പ്രത്യേകിച്ച് യുപിഐ പേമെന്റുകൾ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ആപ്പിളിന്റെ പേമെന്റ് സേവനത്തിന് ഇന്ത്യൻ വിപണിയിൽ എത്രത്തോളം സ്വീകാര്യത നേടാനാകുമെന്നത് ശ്രദ്ധേയമാണ്.
Content Highlights: Apple has officially launched Apple Pay in India, enabling iPhone, iPad, and Apple Watch users to make secure, PIN-less and OTP-less transactions using Axis Bank Visa and Mastercard credit cards.