ആപ്പിളിന്റെ പുതിയ അമരക്കാരനായി ജോൺ ടെർനസ്; അമ്പരപ്പിക്കുന്ന ആപ്പിൾ ഡിവൈസുകളുടെ യുഗം തിരികെ വരുമോ?

#ടെക്നോളജി ഡെസ്ക്
ജോൺ ടെർനസ് | Photo: Apple
ജോൺ ടെർനസ് | Photo: Apple

ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോൺ ടെർനസ് ചുമതലയേറ്റിരിക്കുകയാണ്. ആപ്പിളിന്റെ ഭാവി പദ്ധതികളുടെ അമരക്കാരനായെത്തുമ്പോൾ ഏത് ദിശയിലായിരിക്കും കമ്പനിയുടെ ഇനിയുള്ള യാത്രയെന്നത് കൗതുകമുള്ള കാര്യമാണ്. 4.5 ട്രില്യൺ ഡോളർ കമ്പനിയായി ടിം കുക്കിന്റെ നേതൃത്വത്തിൽ കമ്പനി വളർന്നുവെങ്കിലും പിഴവുകളില്ലാതെ പോയ ഭൂതകാലമല്ല ആപ്പിളിന്റേത്.

25 വർഷക്കാലമായി ആപ്പിളിൽ പ്രവർത്തിക്കുന്ന ടെർനസ് ഹാർഡ്വേർ എൻജിനിയറിങ് തലവനെന്ന നിലയിൽനിന്നാണ് ഇപ്പോൾ സി.ഇ.ഒ. സ്ഥാനത്തെത്തിയത്. ആപ്പിളിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ സി.ഇ.ഒ. സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവരിൽ പലരും കമ്പനി വിട്ടതോടെയാണ് അവസരം ടെർനസിനെ തേടിയെത്തിയത്.

ഒരു എൻജിനിയറുടെ ബുദ്ധിയും ഒരു ഇന്നൊവേറ്ററുടെ ആത്മാവും സത്യസന്ധതയോടും അന്തസ്സോടുംകൂടി നയിക്കാനുള്ള മനസ്സുമുള്ളയാൾ എന്നാണ് ടെർനസിനെ പിൻഗാമിയായി തിരഞ്ഞെടുത്തുകൊണ്ട് ടിം കുക്ക് വിശേഷിപ്പിച്ചത്.

വിഖ്യാതനായ ആപ്പിൾ സി.ഇ.ഒ. സ്റ്റീവ് ജോബ്സിനെപ്പോലെ ഉത്പന്ന നിർമാണ പശ്ചാത്തലമുള്ള സാങ്കേതിക വിദഗ്ധനാണ് ജോൺ ടെർനസ്. ഒപ്പം ആപ്പിളിൽ വർഷങ്ങളുടെ അനുഭവപരിചയവും. ഐപാഡിന്റെ എല്ലാ തലമുറകൾക്കുവേണ്ടിയും ഐഫോണിന്റെ വിവിധ പതിപ്പുകൾക്കുവേണ്ടിയും എയർപോഡ്സ്, ആപ്പിൾ വാച്ച് എന്നിവയുൾപ്പെടെ കമ്പനി പുറത്തിറക്കിയ മിക്ക പ്രധാന ഉത്പന്നങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മാക് കംപ്യൂട്ടർ പ്രോസസറുകൾ ആപ്പിളിന്റെ സ്വന്തം സിലിക്കണിലേക്ക് മാറ്റുന്നതിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.

പുതിയ കാലത്ത് ആപ്പിളിന് ആവശ്യവും അത്തരമൊരു നേതൃത്വത്തെയാണ്. വിപണിയോട് കിടപിടിക്കുന്ന പുതിയ ഉത്പന്നങ്ങളും പരീക്ഷണങ്ങളും ആപ്പിളിൽനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റാരേക്കാളും മുന്നേ പുതിയ പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തേണ്ടിയിരിക്കുന്നു.

ഹാർഡ്വേറുകളിൽ എഐയെ കൂടുതൽ ആഴത്തിൽ ഉൾപ്പെടുത്താനുള്ള തന്ത്രപരമായ താത്പര്യം പുതിയ നേതൃത്വത്തിന് കീഴിൽ ആപ്പിൾ കാണിച്ചേക്കാമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. സിരി എഐ ഉൾപ്പടെയുള്ള എഐ അധിഷ്ഠിത സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട ഉത്തരവാദിത്വം ഇനി കമ്പനിക്കുണ്ട്. സെപ്റ്റംബറിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ഫോൾഡബിൾ വിപണിയുടെ ഉത്തരവാദിത്വം ടെർനസിനായിരിക്കും. ഫോൾ‍ഡബിൾ വിപണിയിൽ എതിരാളികളെ നേരിടാൻ കമ്പനിയെ പ്രാപ്തമാക്കേണ്ടതുണ്ട്.

അച്ചടക്കവും കൃത്യതയും നിയന്ത്രണവുമാണ് ആപ്പിളിനെ പോയകാലത്ത് ശക്തിയായതെങ്കിൽ, തുറന്ന സമീപനത്തിനും വേഗത്തിലുള്ള മാറ്റങ്ങൾക്കും പ്രാധാന്യമുള്ള അടുത്ത കാലഘട്ടത്തിൽ ഈ ഗുണങ്ങൾതന്നെ കമ്പനിക്ക് തടസ്സമായേക്കാം. അതിൽനിന്നുള്ള മാറ്റമാണ് പുതിയ നേതാവിൽ ആപ്പിൾ ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlights: Apple veteran John Ternus has officially taken over as CEO, succeeding Tim Cook, and is expected to drive the tech giant's future through deeper AI integration and the highly anticipated launch of Apple's foldable devices.