ഡെമോക്രാറ്റുകളുടെ മുന്നേറ്റം, AI-യെ തള്ളി ജനം; ആദ്യ പ്രഹരമേൽക്കുക ആന്ത്രോപിക്കിനോ?

ഇടക്കാല തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ വോട്ടർമാർ ടെക് ശതകോടീശ്വരന്മാരോടും നിർമിതബുദ്ധിയോടുമുള്ള എതിർപ്പ് പ്രകടമാക്കിയത് മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. നവംബർ പകുതിയോടെ ഓഹരി വിപണിയിൽ പ്രവേശിക്കാൻ (ഐപിഓ) തയ്യാറെടുക്കുന്ന എഐ കമ്പനി വലിയ വെല്ലുവിളി നേരിടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഐപിഓയോടെ ആന്ത്രോപിക്കിന്റെ മൂല്യം രണ്ട് ട്രില്യൺ (രണ്ട് ലക്ഷം കോടി) ആയി കുതിച്ചുയരുമെന്നാണ് അടുത്തകാലംവരെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ പുതിയസാഹചര്യത്തിൽ കമ്പനിയുടെ മൂല്യം ഒരു ട്രില്യൺ (ഒരു ലക്ഷം കോടി) മുതൽ 1.5 ട്രില്യൺ (ഒന്നര ലക്ഷം കോടി) ഡോളർവരെ ഉയർന്നേക്കാമെന്നാണ് നിലവിൽ നിക്ഷേപകർ വിലയിരുത്തുന്നതെന്ന് സിഎൻബിസി റിപ്പോർട്ടു ചെയ്യുന്നു. രണ്ട് ട്രില്യൺ എന്നതിൽനിന്ന് ഗണ്യമായി കുറഞ്ഞേക്കാം എന്നാണ് ആശങ്ക.
നേരിടുന്നത് കനത്ത വെല്ലുവിളി
ആന്ത്രോപിക്കിന്റെ ഐപിഓ സാഹചര്യം കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ ആഴ്ച നാസ്ഡാക് കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2025 മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം മാസമായി മാറിയ ഒക്ടോബറിന് ശേഷം, നവംബറിലും സൂചിക താഴേക്കാണ്. എഐ ഇൻഫ്രാസ്ട്രക്ചർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളും പ്രത്യേകിച്ച് ചിപ്പ് നിർമ്മാതാക്കളും നിയോക്ലൗഡ് ദാതാക്കളും ഓഹരി വിൽപ്പനയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
എഐ ഡാറ്റാ സെന്ററുകൾക്കെതിരെ ജനം
യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ എഐ മുന്നേറ്റത്തിന് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു ജനവിധി. കർശനമായ എഐ നിയന്ത്രണങ്ങൾ വേണമെന്ന് വാദിച്ച് പ്രചാരണം നടത്തിയ സ്ഥാനാർഥികൾ മിഷിഗൺ, ഒഹായോ, ടെക്സസ്, ജോർജിയ എന്നിവിടങ്ങളിൽ അനായാസം വിജയിച്ചു. ഈ സംസ്ഥാനങ്ങളിലെല്ലാം ഇനി ഡെമോക്രാറ്റുകളായിരിക്കും ഗവർണർമാർ. യു.എസ് കോൺഗ്രസിലേക്ക് ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കുന്നതിൽ എഐ ഡാറ്റാ സെന്ററുകൾ ഒരു നിർണായക ഘടകമാണെന്ന് എൻബിസി ന്യൂസ് എക്സിറ്റ് പോളിൽ പങ്കെടുത്ത പകുതിയിലധികം വോട്ടർമാരും പറഞ്ഞിരുന്നു.
Content Highlights: Anthropic is preparing for a historic Nasdaq debut likely aiming for mid-November., Investors expect a valuation between $1 trillion and $1.5 trillion, lower than previous $2 trillion estimates., Public backlash against AI data centers and tech billionaires creates a challenging backdrop for the IPO., Wall Street has turned cooler on AI infrastructure investments following recent market drops.