മുന്നറിയിപ്പിനൊക്കെ എന്ത് വില? പുതിയ AI മോഡൽ പുറത്തിറക്കാൻ ആന്ത്രോപിക്, ആരോപണവുമായി ചൈന

#ടെക്‌നോളജി ഡെസ്‌ക്
1. ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി 2. പ്രതീകാത്മകചിത്രം | Getty
1. ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി 2. പ്രതീകാത്മകചിത്രം | Getty

പുതിയ നിർമിതബുദ്ധി (എഐ) മോഡൽ പുറത്തിറക്കാനുള്ള നീക്കങ്ങളുമായി ആന്ത്രോപിക്. കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നത്. എതിരാളിയായ ഓപ്പൺഎഐയുടെ പുതിയ ജിപിടി-6 ആസ്ട്ര ഉയർത്തുന്ന വെല്ലുവിളി നേരിടാനാണ് കമ്പനി പുതിയ എഐ മോഡൽ പുറത്തിറക്കാനൊരുങ്ങുന്നത്. കമ്പനി IPO-യ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഈ നീക്കം.

എഐ മോഡലുകളുടെ അതിവേഗ വികസനം സുരക്ഷാ ഭീഷണികൾ ഉയർത്തുമെന്നും അതിനാൽ എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേ 3,800 വാക്കുകളുള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ വിവരം പുറത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം. മനുഷ്യന്റെ നിയന്ത്രണമില്ലാതെ സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നതുപോലുള്ള അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് അമോഡേ ലേഖനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടിനെ ഓപ്പൺഎഐ മേധാവി സാം ഓൾട്ട്മാനും സ്‌പേസ്എക്‌സ് മേധാവി ഇലോൺ മസ്‌കും പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വിപണിയിലെ കടുത്ത മത്സരമാണ് ഇത്തരത്തിലുള്ള ഒരു നീക്കത്തിലേക്ക് കമ്പനിയെ നയിക്കുന്നതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഗുരുതര ആരോപണവുമായി ചൈന

പുതിയ എഐ മോഡൽ പുറത്തിറക്കാനുള്ള നീക്കം വിമർശനം വിളിച്ചുവരുത്തുന്നതിനിടെ ആന്ത്രോപിക്കിനെതിരെ ഗുരുതര ഡേറ്റാ സുരക്ഷാ ആരോപണവുമായി ചൈന സെൻട്രൽ ടെലിവിഷനുമായി (CCTV) ബന്ധമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം രംഗത്തെത്തിയിട്ടുണ്ട്. ആന്ത്രോപിക് ഗുരുതരമായ ഡാറ്റാ സുരക്ഷാ ഭീഷണികൾ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. ഉപയോക്തൃ വിവരങ്ങൾ നിയമപരമല്ലാത്ത രീതിയിൽ യുഎസ് രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കിടാൻ കമ്പനിയുടെ സ്വകാര്യതാനയങ്ങൾ അനുവദിക്കുന്നു എന്നാണ് ആരോപണം.

ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററുമായി ബന്ധപ്പെട്ട യൂയുവാൻടാൻടിയൻ (Yuyuantantian) എന്ന അക്കൗണ്ട് സെപ്റ്റംബർ 19 ശനിയാഴ്ച പ്രസിദ്ധീകരിച്ച ആരോപണങ്ങളിൽ ആന്ത്രോപിക്കിന്റെ നിയമപരമായ നിബന്ധനകളിലെ തുടർച്ചയായ മാറ്റങ്ങൾ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് നിരീക്ഷണ ഭീഷണികൾ വർധിപ്പിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സെപ്റ്റംബർ 24-ലെ യോഗത്തിന് മുന്നോടിയായി ബെയ്ജിങ്ങും വാഷിംഗ്ടണും ഉഭയകക്ഷി വ്യാപാര ചർച്ചകൾക്ക് തയ്യാറെടുക്കുന്ന ഒരു വേളയിലാണ് ഈ വിമർശനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2023 മുതൽ ആന്ത്രോപിക് അതിന്റെ ഔദ്യോഗിക സ്വകാര്യത രേഖകളിൽ 13 തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമം ആരോപിക്കുന്നു. യൂറോപ്യൻ യൂണിയൻ, കാനഡ, ബ്രസീൽ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്തൃ ഡാറ്റ നേരിട്ട് യുഎസ് സെർവറുകളിലേക്ക് അയക്കാൻ പുതിയ വ്യവസ്ഥകൾ അനുവാദം നൽകുന്നു എന്നാണ് അവർ പറയുന്നത്.

Content Highlights: Anthropic is weighing a new AI model release to counter OpenAI's GPT-6 Astra., OpenAI's GPT-6 Astra captured 13% of monitored enterprise AI spending., Anthropic's annualized revenue run rate surpassed $65 billion by late July., Chinese state-linked media accused Anthropic of severe data security risks and ties to US intelligence.