സിനിമ കാണും ബസ് ടയറിൽ മൂത്രമൊഴിക്കും; ബഹിരാകാശ ദൗത്യത്തിലെ വിചിത്രമായ റഷ്യൻ ആചാരങ്ങൾ

#ടെക്നോളജി ഡെസ്ക്
2026 ജൂലൈ 11-ന് കസാഖ്സ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിലെ സൈറ്റ് 31-ലുള്ള ലോഞ്ച് പാഡിലേക്ക് സോയൂസ് റോക്കറ്റ് ട്രെയിനിൽ കൊണ്ടുവരുന്നു | Photo: AFP
2026 ജൂലൈ 11-ന് കസാഖ്സ്ഥാനിലെ ബൈക്കോനൂർ കോസ്മോഡ്രോമിലെ സൈറ്റ് 31-ലുള്ള ലോഞ്ച് പാഡിലേക്ക് സോയൂസ് റോക്കറ്റ് ട്രെയിനിൽ കൊണ്ടുവരുന്നു | Photo: AFP

കോടിക്കണക്കിന് ഡോളറുകൾ ചിലവഴിച്ചുള്ള, തികച്ചും ശാസ്ത്രീയമായ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്നിൽ ചില അന്ധവിശ്വാസങ്ങളും രസകരമായ ആചാരങ്ങളുമുണ്ടാവാറുണ്ട്. എന്നാൽ രസകരമായതും വിചിത്രമായതുമായ ചില ആചാരങ്ങൾ റഷ്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് മുന്നോടിയായി ഉണ്ടാവാറുണ്ട്. ഇന്ത്യൻ വംശജനായ നാസയുടെ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ റഷ്യയുടെ സോയൂസ് (Soyuz MS-29) പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരിത്രപരമായ യാത്ര തിരിക്കാനൊരുങ്ങുകയാണ്. ഈ അവസരത്തിൽ, കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ പതിറ്റാണ്ടുകളായി യാത്രികർ പിന്തുടരുന്ന ചില കൗതുകകരമായ ആചാര പാരമ്പര്യങ്ങൾ പരിചയപ്പെടാം.

മായ്ക്കപ്പെടാത്ത ഓർമ്മകൾ, വാതിലിലെ ഒപ്പുകൾ

വിക്ഷേപണത്തിന് മുൻപുള്ള ദിവസങ്ങളിൽ സഞ്ചാരികൾ വിശ്രമിക്കുന്നത് ബൈക്കനൂരിലെ 'കോസ്മോനോട്ട് ഹോട്ടലിൽ' (Cosmonaut Hotel) ആണ്. വിക്ഷേപണ ദിവസം രാവിലെ മുറിയിൽ നിന്നിറങ്ങുമ്പോൾ ആ വാതിലിൽ സ്വന്തം ഒപ്പ് ചാർത്തുക എന്നതാണ് യാത്രയുടെ ആദ്യത്തെ ചടങ്ങ്. മുൻകാല സഞ്ചാരികളുടെ ഈ ഒപ്പുകൾ ആരും ഒരിക്കലും മായ്ച്ചു കളയാറില്ല.

ഗഗാറിന്റെ പാത പിന്തുടർന്ന് ഒരു മരം

ഹോട്ടലിൽ നിന്നിറങ്ങുന്ന യാത്രികർ നേരെ പോകുന്നത് 'കോസ്മോനോട്ട് അവന്യൂവിലേക്കാണ്'. അവിടെയോരോരുത്തരും ഓരോ മരം നടണം എന്നത് നിർബന്ധമുള്ള കാര്യമാണ്. 1961-ൽ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ ആരംഭിച്ചതാണ് ഈ ആചാരം. അദ്ദേഹം അന്ന് നട്ട മരം ഉൾപ്പെടെയുള്ളവ ഇന്ന് സംരക്ഷിക്കപ്പെടുന്ന വലിയൊരു കാടായി (Cosmonaut Grove) മാറിയിട്ടുണ്ട്.

ഭാഗ്യം കൊണ്ടുവരുന്ന സിനിമാ പ്രദർശനം

വിക്ഷേപണത്തിന്റെ തലേദിവസം രാത്രി 'വൈറ്റ് സൺ ഓഫ് ദ ഡെസേർട്ട്' (White Sun of the Desert) എന്ന ഒരു പഴയ സോവിയറ്റ് ക്ലാസിക് സിനിമ കാണുക എന്നതാണ് മറ്റൊരു പ്രധാന ആചാരം. ഇതിന് പിന്നിലൊരു വലിയ ചരിത്രമുണ്ട്. 1971-ൽ 3 റഷ്യൻ സഞ്ചാരികൾ മരണപ്പെട്ട സോയൂസ്-11 ദുരന്തത്തിന് ശേഷം, 1973-ലെ സോയൂസ്-12 ദൗത്യത്തിന് മുൻപ് യാത്രികരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഈ സിനിമ ആദ്യമായി പ്രദർശിപ്പിച്ചത്. ആ ദൗത്യം വൻ വിജയമായതോടെ ഇതൊരു നല്ല ശകുനമായി മാറുകയായിരുന്നു.

ഔദ്യോഗിക റിപ്പോർട്ടിങ്ങും വിചിത്രമായ ആചാരവും

ഹോട്ടലിൽ നിന്നും ബഹിരാകാശ വസ്ത്രങ്ങൾ (Spacesuits) അണിഞ്ഞ് പുറത്തിറങ്ങുന്ന യാത്രികർ ഉദ്യോഗസ്ഥർക്ക് മുന്നിൽ സല്യൂട്ട് ചെയ്ത് തങ്ങൾ യാത്രയ്ക്ക് സജ്ജരാണെന്ന് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ശേഷമാണ് വിക്ഷേപണത്തറയിലേക്കുള്ള ബസിൽ ഇവർ കയറുന്നത്.

എന്നാൽ ഈ ബസ് യാത്രയ്ക്കിടയിലാണ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വിചിത്രമായ ആചാരം നടക്കുന്നത്. റോക്കറ്റിന് സമീപമെത്തുന്നതിന് മുൻപ് ബസ് നിർത്തി പുറത്തിറങ്ങുന്ന പുരുഷന്മാരായ യാത്രികർ ബസിന്റെ പുറകിലെ വലതുവശത്തെ ടയറിൽ മൂത്രമൊഴിക്കുന്നു!.

1961-ൽ യൂറി ഗഗാറിൻ വിക്ഷേപണത്തിന് മുൻപ് മൂത്രശങ്ക അനുഭവപ്പെട്ട് ഇങ്ങനെ ചെയ്തത് പിന്നീട് വന്നവർ ഒരു ഭാഗ്യലക്ഷണമായി ഏറ്റെടുക്കുകയായിരുന്നു. നാസയുടെ യാത്രികർ ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികളും യാതൊരു മടിയും കൂടാതെ ബഹുമാനപൂർവ്വം ഇത് പാലിക്കുന്നു. വനിതാ യാത്രികർക്ക് നിർബന്ധമില്ലെങ്കിലും, കുപ്പിയിൽ മുൻകൂട്ടി ശേഖരിച്ച മൂത്രം ടയറിലേക്കൊഴിച്ച് അവരും ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. എന്നാൽ പുതിയ ബഹിരാകാശ വസ്ത്ര ഡിസൈനുകൾ ഈ ആചാരത്തിന് ഒരു തടസമാണ്.

ഇത് കൂടാതെ ഭാഗ്യചിഹ്നമായി ഒരു കളിപ്പാട്ടം കൂടെ കരുതുക, വിക്ഷേപണത്തിന് മുമ്പുള്ള ദിവസങ്ങളിൽ താടി വടിക്കാതിരിക്കുക, മുമ്പ് ദുരന്തങ്ങൾ നടന്ന ദിവസങ്ങളിലും തിങ്കളാഴ്ചകളിലും വിക്ഷേപണം ഒഴിവാക്കുക തുടങ്ങിയ രീതികളുമുണ്ട്.

ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര

എട്ട് മാസം നീളുന്ന ദൗത്യത്തിനായാണ് അനിൽ മെനോൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നത്. അമേരിക്കൻ സ്പേസ് ഫോഴ്സിലെ കേണലും എമർജൻസി മെഡിസിൻ ഫിസിഷ്യനുമായ അദ്ദേഹം ബഹിരാകാശത്ത് വെച്ച് മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിർണ്ണായക മെഡിക്കൽ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും പൊളാരിസ് ഡൗൺ മിഷനിലൂടെ ബഹിരാകാശത്ത് പോയിട്ടുള്ള വ്യക്തിയാണ്.

Content Highlights: Indian-origin NASA astronaut Dr. Anil Menon is set to journey to the International Space Station aboard Russia's Soyuz MS-29, highlighting the decades-old, bizarre rituals and superstitions—ranging from planting trees to urinating on bus tires—that astronauts strictly follow before launch.